Quantcast

'ആരും നിയമത്തിന് അതീതരല്ല': ബിബിസി റെയ്ഡിനെ കുറിച്ച് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍

ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തിൽ ആശങ്കയുണ്ടെന്ന് എഡിറ്റേഴ്സ് ഗിൽഡ്

MediaOne Logo

Web Desk

  • Updated:

    2023-02-14 13:14:11.0

Published:

14 Feb 2023 1:12 PM GMT

anurag singh thakur about bbc raid
X

അനുരാഗ് സിങ് ഠാക്കൂര്‍

ഡല്‍ഹി: ആരും നിയമത്തിന് അതീതരല്ലെന്ന് ബിബിസിയിലെ റെയ്ഡിനെ കുറിച്ച് വാർത്താവിതരണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. ആദായ നികുതി വകുപ്പ് ഇത്തരം സർവേകൾ നടത്താറുണ്ടെന്നും മന്ത്രി പറഞ്ഞു. ബിബിസിയുടെ ഓഫീസുകളിൽ നടക്കുന്ന പരിശോധനകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യു.കെ ഗവണ്‍മെന്‍റ് പ്രതികരിച്ചു. പരിശോധനയോട് പൂർണമായും സഹകരിക്കുന്നുണ്ടെന്ന് ബിബിസി വ്യക്തമാക്കി.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഡല്‍ഹി, മുംബൈ ഓഫീസുകളിൽ പരിശോധന നടത്തുന്നുണ്ടെന്നാണ് ബിബിസി സ്ഥിരീകരിച്ചത്. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും ബിബിസി അറിയിച്ചു. ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തിൽ ആശങ്കയുണ്ടെന്ന് എഡിറ്റേഴ്സ് ഗിൽഡ് പ്രതികരിച്ചു.

ഇന്നു രാവിലെ 11.30ഓടെയാണ് ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. അന്താരാഷ്ട്ര നികുതി, വിനിമയം എന്നിവയില്‍ ക്രമക്കേടുകളുണ്ടെന്ന പരാതികളിലാണ് പരിശോധന. അക്കൗണ്ട്സ് വിഭാഗത്തിലാണ് പരിശോധന നടന്നത്. മാധ്യമ പ്രവർത്തകരുടെ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ പിടിച്ചെടുത്തു.

നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഫോണുകൾ മടക്കി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. എട്ട് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. നടന്നത് സർവേ എന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. ഇത്തരം സർവേകൾ പതിവായി നടത്താറുണ്ടെന്നും ആദായ നികുതി വകുപ്പ് അധികൃതർ അറിയിച്ചു.

ബിബിസി ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധനയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. അദാനിക്കെതിരെ പാർലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുമ്പോൾ കേന്ദ്രം ബിബിസിക്ക് പിന്നാലെയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കേന്ദ്രത്തിന് വിനാശകാലേ വിപരീത ബുദ്ധിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം കോൺഗ്രസ് ദേശവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുകയാണെന്ന് ഗൌരവ് ഭാട്ടിയ പറഞ്ഞു- "മോദിയോടുള്ള വെറുപ്പ് കാരണം അന്വേഷണ ഏജൻസിയുടെ പ്രവർത്തനത്തെ പോലും നിങ്ങൾ രാഷ്ട്രീയവത്കരിക്കുന്നു. നിങ്ങൾ എല്ലായ്പ്പോഴും സുപ്രിംകോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യംചെയ്യുന്നു"

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബിബിസിയിലെ റെയ്ഡിനെ പരിഹസിച്ച് രംഗത്തെത്തി. ആദ്യം ബിബിസിയുടെ ഡോക്യുമെന്ററി നിരോധിച്ചു. അദാനിക്കെതിരെ ജെ.പി.സി അന്വേഷണമില്ല. ഇപ്പോൾ ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് തന്നെയോ? എന്നാണ് യെച്ചൂരി ട്വീറ്റ് ചെയ്തത്. എത്ര അപ്രതീക്ഷിതമായിരുന്നു റെയ്‌ഡെന്ന് തൃണമൂൽ എം.പി മഹുവ മൊയ്ത്ര പരിഹസിച്ചു. പ്രത്യയശാസ്ത്രപരമായ അടിയന്തരാവസ്ഥയെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു.

TAGS :

Next Story