Quantcast

തെറ്റായ ഭരണ നയം: ലക്ഷദ്വീപിലെ ആദ്യ പെട്രോൾ പമ്പ് ഉദ്ഘാടനവേദിയിൽ കടുത്ത പ്രതിഷേധം, ഇറങ്ങിപ്പോക്ക്

പുതിയ അഡ്മിനിസ്‌ട്രേറ്റർ എത്തിയ ശേഷം സ്വീകരിച്ച തീരുമാനങ്ങൾക്കെതിരെ നേരത്തെയും ജനങ്ങളും നേതാക്കളും രംഗത്തെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    31 March 2022 2:02 AM GMT

തെറ്റായ ഭരണ നയം: ലക്ഷദ്വീപിലെ ആദ്യ പെട്രോൾ പമ്പ് ഉദ്ഘാടനവേദിയിൽ കടുത്ത പ്രതിഷേധം, ഇറങ്ങിപ്പോക്ക്
X

അധികൃതരുടെ തെറ്റായ ഭരണ നയങ്ങൾക്കെതിരെ ലക്ഷദ്വീപിലെ ആദ്യ പെട്രോൾ പമ്പ് ഉദ്ഘാടന വേദിയിൽ എംപിയുടെ നേതൃത്വത്തിൽ പ്രതിഷേധം. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേൽ വേദിയിലിരിക്കെയാണ് ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിച്ചത്. ഇന്നലെ രാത്രിയാണ് ലക്ഷദ്വീപിലെ കവരത്തിയിൽ ഇന്ത്യൻ ഓയിൽ കോപറേഷന്റെ ആദ്യ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം നടന്നത്. ദ്വീപിലെ ജനങ്ങൾ മുഴുവൻ പങ്കെടുത്ത പരിപാടിയിലാണ് മുഹമ്മദ് ഫൈസൽ എംപി പ്രസംഗത്തിനിടെ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ വിമർശിച്ചത്. എംപിയുടെ പ്രതിഷേധ പ്രസംഗത്തോടെ ജനങ്ങൾ മുദ്രാവാക്യം വിളിച്ച് സദസിൽ നിന്നും ഇറങ്ങി പോന്നു. ഇതോടെ കൊട്ടിഘോഷിച്ച നടത്തിയ പെട്രോൾ പമ്പ് ഉദ്ഘാടനത്തിന്റെ നിറം മങ്ങി.

പുതിയ അഡ്മിനിസ്‌ട്രേറ്റർ എത്തിയ ശേഷം സ്വീകരിച്ച തീരുമാനങ്ങൾക്കെതിരെ നേരത്തെയും ജനങ്ങളും നേതാക്കളും രംഗത്തെത്തിയിരുന്നു. കൂട്ടപ്പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികളും അനാവശ്യ നിയന്ത്രണങ്ങളും ദ്വീപ് ഭരണകൂടം നടത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ കരാറടിസ്ഥാനത്തിൽ നിയമിച്ചിരുന്ന 21ഓളം ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു.

അതിനിടെ, ലക്ഷദ്വീപിലെ ബംഗാരത്ത് പാട്ടത്തിന് നൽകിയ സർക്കാർ ഭൂമിയിൽ താത്കാലികമായി കെട്ടിയ ഷെഡുകൾ സുരക്ഷാ ഭീഷണിയെന്ന പേരിൽ പൊളിച്ചുനീക്കാനുളള കലക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. രാത്രിയിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയത്തിൽ ഇടപെട്ടിരുന്നത്. ഹരജി വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ചവരെ തൽസ്ഥിതി തുടരാനാണ് കോടതി നിർദേശം. താത്കാലിക ഷെഡുകൾ എന്ത് സുരക്ഷ ഭീഷണിയാണ് ഉയർത്തുന്നതെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിശദീകരണത്തിന് ലക്ഷദ്വീപ് ഭരണകൂടം സമയം തേടിയതിനെ തുടർന്നാണ് ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയത്. കൃഷിയാവശ്യത്തിനായി അനുവദിച്ച ഭൂമിയിൽ നിർമാണ പ്രവർത്തനം നടത്താനാകില്ലെന്നും അത് ഭീഷണിയാണെന്നുമായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. ഷെഡ് പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 11നാണ് ലക്ഷദ്വീപ് ഭരണകൂടം ആദ്യം നോട്ടീസ് നൽകിയത്. 16ന് ഒഴിപ്പിക്കുമെന്ന് കാട്ടി വീണ്ടും നോട്ടീസ് നൽകി. തുടർന്ന് മാർച്ച് 25 ന് വൈകീട്ടാണ് പൊളിച്ചുനീക്കാൻ ഉത്തരവിട്ടതെന്നും ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു.


TAGS :

Next Story