Quantcast

'അജിത് പവാർ ക്യാംപിൽനിന്ന് നിരവധി പേർ വിളിച്ചു, പാര്‍ട്ടിബന്ധം വിടില്ലെന്ന് അറിയിച്ചു'; അവകാശവാദവുമായി ശരദ് പവാര്‍

വർഗീയശക്തികൾക്കെതിരായ എന്‍റെ പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. വിമതപ്രവർത്തനം നടക്കട്ടെ. പാർട്ടിയെ ഞാന്‍ വീണ്ടും കെട്ടിപ്പടുക്കും-ശരദ് പവാര്‍

MediaOne Logo

Web Desk

  • Published:

    3 July 2023 11:01 AM GMT

Ajit Pawar was elected as the national president of the rebel NCP
X

മുംബൈ: ബി.ജെ.പി സഖ്യത്തിലേക്ക് മറുകണ്ടംചാടിയ അജിത് പവാർ ക്യാംപിലെ നിരവധി പേർ ഇപ്പോഴും തന്നെ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. വരുംദിവസങ്ങളിൽ അവരെല്ലാം അന്തിമതീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. വർഗീയശക്തികൾക്കെതിരെയുള്ള തൻരെ പോരാട്ടം ഇന്ന് ആരംഭിച്ചിരിക്കുകയാണെന്നും പവാർ പറഞ്ഞു.

ഗുരു പൂർണിമ ദിനത്തോടനുബന്ധിച്ച് തന്റെ രാഷ്ട്രീയഗുരുവും മഹാരാഷ്ട്ര പ്രഥമ മുഖ്യമന്ത്രിയുമായ യശ്വന്ത്‌റാവു ചവാന്റെ സമാധിസ്ഥലത്ത് സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശരദ് പവാർ. '(അജിത് പവാറിന്റെ) ക്യാംപിൽനിന്ന് പലരും എന്നെ വിളിച്ചിട്ടുണ്ട്. അവരുടെ പ്രത്യയശാസ്ത്രം എൻ.സി.പിയുടേതു തന്നെയാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ അന്തിമതീരുമാനമെടുക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്'-ശരദ് പവാർ വെളിപ്പെടുത്തി.

ഇപ്പോൾ ചില സംഘങ്ങൾ മഹാരാഷ്ട്രയിലും രാജ്യത്തും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എൻ.സി.പിയെ തകർക്കാൻ ശ്രമിക്കുന്നവരെ അവരുടെ യഥാർത്ഥസ്ഥാനം കാണിച്ചുകൊടുക്കും. വർഗീയശക്തികൾക്കെതിരായ തന്റെ പോരാട്ടം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. വിമതപ്രവർത്തനം നടക്കട്ടെ. പാർട്ടിയെ താൻ വീണ്ടും കെട്ടിപ്പടുക്കുമെന്നും പവാർ വ്യക്തമാക്കി.

അജിത് പവാറിൻരെ വിമതപ്രവർത്തനത്തിന് ശരദ് പവാറിൻരെ അനുഗ്രഹവും പിന്തുണയുമുണ്ടെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. നിലവാരമില്ലാത്ത വാദമാണതെന്ന് പവാർ പറഞ്ഞു. ബുദ്ധിയും നിലവാരവും കുറഞ്ഞവർക്കേ അങ്ങനെ പറയാനാകൂ. പാർട്ടി പ്രവർത്തകരെ പുനരുജ്ജീവിപ്പിക്കാനായി സംസ്ഥാന പര്യടനത്തിനു തുടക്കമിട്ടിരിക്കുകയാണ് താൻ. ചില നേതാക്കന്മാരുടെ പ്രവർത്തനങ്ങൾ കണ്ട് അവർ പരിഭ്രമിക്കുന്ന അവസ്ഥയുണ്ടാകരുതെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു.

ഇന്നലെ ഉച്ചയോടെയാണ് രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ച് മഹാരാഷ്ട്ര പുതിയ രാഷ്ട്രീയ നാടകങ്ങൾക്കു സാക്ഷിയാകുന്നത്. പ്രതിപക്ഷത്തെ പ്രധാന നേതാവായ അജിത് പവാർ നിരവധി എം.എൽ.എമാരെ കൂടെക്കൂട്ടി മറുകണ്ടം ചാടുകയായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന പവാർ കൂടുമാറ്റത്തിനുപിന്നാലെ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു.

40ലേറെ എം.എൽ.എമാരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ 54 എം.എൽ.എമാരാണ് എൻ.സി.പിക്കുള്ളത്. ഇതിൽ 29 പേരുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടുള്ള ഒപ്പുവച്ച കത്ത് തനിക്കൊപ്പമുണ്ടെന്ന് അജിത് പവാർ ക്യാംപ് അവകാശപ്പെട്ടിരുന്നു. ഇവരടക്കം 40 എം.എൽ.എമാരും ആറ് എം.എൽ.സിമാരും അദ്ദേഹത്തിനൊപ്പമുണ്ടെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാവ് ഛഗൻ ഭുജ്പാലും കൂടുമാറിയ കൂട്ടത്തിലുണ്ട്. ഛഗനൊപ്പം ധനഞ്ജയ് മുണ്ടെ, ദിലീപ് വൽസെ പാട്ടീൽ ഉൾപ്പെടെ ഒൻപത് എം.എൽ.എമാർ മന്ത്രിസഭയിലെത്തുകയും ചെയ്തിട്ടുണ്ട്.

Summary: 'Many from there (Ajit Pawar camp) called me and said that their ideology is not different from that of NCP and they will take a final call in the next few days'; Reveals NCP chief Sharad Pawar

TAGS :

Next Story