മോദി സര്‍ക്കാരിന് കിടപ്പറ സംഭാഷണങ്ങള്‍ വരെ കേള്‍ക്കാം; പെഗാസസ് വിവാദത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്
ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.

പെഗാസസ് വിവാദത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. ആളുകളുടെ കിടപ്പറ സംഭാഷണങ്ങള്‍ വരെ മോദി സര്‍ക്കാറിന് കേള്‍ക്കാമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പെഗാസസിനെ ഉപയോഗിച്ച് ചാര റാക്കറ്റിനെ നിയോഗിച്ചതും നടപ്പാക്കിയതും മോദി സര്‍ക്കാറാണ്. രാജ്യദ്രോഹമാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി. ദേശീയ സുരക്ഷയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്മാറി. രാജ്യത്തെ ഡാറ്റകളിലേക്ക് വിദേശ കമ്പനിക്ക് പ്രവേശനം നല്‍കി. ഭാര്യമാരുടെയും മക്കളുടെയും ഫോണുകളില്‍ പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടായിരിക്കാമെന്ന് കോണ്‍ഗ്രസ് വക്താവ് മുന്നറിയിപ്പ് നല്‍കി. നമ്മള്‍ കുളിമുറിയിലോ, കിടപ്പുമുറിയിലോ എവിടെയാണെങ്കിലും നമ്മുടെ സംഭാഷണം ചോര്‍ത്തപ്പെടാം. നമ്മുടെ ഭാര്യയോടും കുട്ടികളോടും നമ്മള്‍ സംസാരിക്കുന്നതും അവര്‍ക്ക് കേള്‍ക്കാം. മോദി സര്‍ക്കാറിന് ഇപ്പോള്‍ ഒളിഞ്ഞുനോക്കാനും സാധിക്കുമെന്നും സുര്‍ജേവാല വ്യക്തമാക്കി.
ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷനേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തെരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോര്‍, മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി തുടങ്ങിയവരുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുന്നൂറോളം ആളുകളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Adjust Story Font
16

