Quantcast

നെഹ്‌റു, ഇന്ദിര... മോദി പാർലമെന്റിൽ പറഞ്ഞതിന്റെ സത്യവും മിഥ്യയും

അർധസത്യങ്ങളും ദുർവ്യാഖാനങ്ങളും ഉൾപ്പെട്ടതാണ് മോദിയുടെ പ്രസംഗം എന്നാണ് ചരിത്ര പണ്ഡിതർ വിശദീകരിക്കുന്നത്

MediaOne Logo

അഭിമന്യു എം

  • Updated:

    2023-08-12 08:09:05.0

Published:

12 Aug 2023 8:00 AM GMT

മോദി
X

ന്യൂഡൽഹി: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ നടത്തിയ മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രത്തെ വളച്ചൊടിച്ചതായി വിമർശം. അർധസത്യങ്ങളും ദുർവ്യാഖാനങ്ങളും ഉൾപ്പെട്ടതാണ് മോദിയുടെ പ്രസംഗം എന്നാണ് ചരിത്ര പണ്ഡിതർ വിശദീകരിക്കുന്നത്. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ, വടക്കുകിഴക്കൻ സംസ്ഥാനത്തെ കുറിച്ച് കാര്യമായി ഒന്നും പറയാതെ കോൺഗ്രസിനെ ചരിത്രത്തിന്റെ കൂട്ടുപിടിച്ച് രാഷ്ട്രീയമായി ആക്രമിക്കാനാണ് മോദി മറുപടി പ്രസംഗത്തിൽ തുനിഞ്ഞത്.

മുൻ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി എന്നിവരും മോദിയുടെ പ്രസംഗത്തിൽ വിമർശനവിധേയരായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്നും വിവിധ കോൺഗ്രസ് സർക്കാറുകൾ മേഖലയോട് ചെയ്തത് വഞ്ചനയാണെന്നും മോദി ആരോപിക്കുന്നു.

മോദി പ്രസംഗത്തിൽ പറഞ്ഞത്.

* 'മിസോറാമിലെ ജനം രാജ്യത്തെ പൗരന്മാരായിരുന്നില്ലേ എന്ന് കോൺഗ്രസ് ഉത്തരം പറയണം. അത് ഇന്ത്യൻ വ്യോമ സേന ആയിരുന്നില്ലേ? ഇന്നും മിസോറാമിലെ ജനം മാർച്ച് അഞ്ചിന് ദുഃഖമാചരിക്കുന്നു. കോൺഗ്രസ് ഇത് രാജ്യത്തു നിന്ന് മറച്ചുവച്ചു. അന്ന് ആരായിരുന്നു പ്രധാനമന്ത്രി. ഇന്ദിരാഗാന്ധിയായിരുന്നു.'

* 'ഈയാളുകൾ ഭാരതമാതാവിനെ രാഷ്ട്രീയത്തിനു വേണ്ടി മൂന്നു ഭാഗമാക്കി വിഭജിച്ചു. തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും ഇടയിലുള്ള ദ്വീപാണ് കച്ചത്തീവ്. ചിലർ അത് മറ്റൊരു രാഷ്ട്രത്തിനു നൽകി. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിന് കീഴിലാണ് അതു നടന്നത്. അത് ഭാരതമാതാവിന്റെ ഭാഗമായിരുന്നില്ലേ?'

* 1962ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ, ഗവൺമെന്റ് തങ്ങളെ രക്ഷിക്കുമെന്ന് ജനം കരുതി. എന്നാൽ ആൾ ഇന്ത്യാ റേഡിയോ വഴി നടത്തിയ ഭയാനകമായ പ്രക്ഷേപണം കോൺഗ്രസിലെ ആളുകളെ ഇപ്പോഴും വേട്ടയാടുന്നു. പണ്ഡിറ്റ് നെഹ്‌റു റേഡിയോയിലൂടെ, എന്റെ ഹൃദയം അസമിലെ ജനങ്ങൾക്ക് മുമ്പിൽ അണഞ്ഞു പോകുന്നു എന്നാണ് പറഞ്ഞത്. നെഹ്‌റു എങ്ങനെയാണ് അവരെ ഒഴിവാക്കിയത് എന്ന് അസമിലെ ജനത്തിനറിയാം'

മിസോറാമിൽ സംഭവിച്ചത്

മോദി പറഞ്ഞ കാര്യങ്ങളല്ല 1966ൽ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഐസ്വാളിൽ നടന്നതെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റഷീദ് കിദ്വായ് അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു.

അന്ന് ഗ്രേറ്റർ അസമിന്റെ ഭാഗമായിരുന്നു മിസോറാം. 1966ൽ ഇന്ത്യൻ സേനയിലെ ഹവിൽദാറായിരുന്ന ലാൽദെങ്ക സമ്പൂർണ വിഘടനവാദിയായി മാറി. പത്തു വർഷത്തിലേറെയായി വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ലാൽദെങ്കയ്ക്ക് ചൈനയിൽ നിന്നും ഈസ്റ്റ് പാകിസ്താനിൽനിന്നും സഹായം ലഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) 1966 ഫെബ്രുവരി 28ന് മിസോറാമിലെ പ്രധാന നഗരങ്ങളിൽ ആക്രമണം നടത്തി. മാർച്ച് ഒന്നിന് ഗ്രേറ്റർ മിസോറാം എന്ന രാഷ്ട്രമുണ്ടാക്കി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പാക് സൈന്യത്തിന്റെ സഹായത്തോടെ അന്ന് കറാച്ചിയിലായിരുന്നു ലാൽദെങ്കയുടെ താമസം.

മാർച്ച് അഞ്ചിന് എംഎൻഎഫിന് മേധാവിത്വമുള്ള ഇടങ്ങളിൽ ബോംബിട്ടാണ് ഇന്ത്യൻ വ്യോമസേന അതോട് പ്രതികരിച്ചത്. ഐസ്വാൾ അടങ്ങുന്ന മിസോകൾക്ക് ആധിപത്യമുള്ള ലുഷൈ ഹിൽസ് മേഖലയിൽ വ്യോമാക്രമണം കനത്ത നാശം വിതച്ചു. മേഖല സൈന്യം തിരിച്ചു പിടിക്കുകയും ചെയ്തു.

വ്യോമസേനാ ആക്രമണത്തിന്റെ ഓർമയ്ക്കായി ഇപ്പോഴും മിസോറാമിൽ മാർച്ച് അഞ്ചിന് സോറം നി (സോറം ഡേ) ആചരിക്കാറുണ്ട്. ഈ വർഷവും ഇതുമായി ബന്ധപ്പെട്ട് പരിപാടികൾ നടന്നിരുന്നു.

1960 കളിൽ മിസോ വിഘടനവാദം കത്തി നിൽക്കുന്ന വേളയിലാണ് ചൈന അസം, അരുണാചൽ അടക്കമുള്ള നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ ഏജൻസിയിൽ ആക്രമണം നടത്തുന്നത്. ഇത് പിന്നീട് ഇന്ത്യയും ചൈനയും തമ്മിലുള്ള മുഴുയുദ്ധമായി മാറി. ഇന്ത്യൻ മണ്ണിൽ നിന്ന് ചൈന ഏകപക്ഷീയമായി പിന്മാറിയെങ്കിലും അക്‌സായി ചിൻ അടക്കമുള്ള ചില പ്രദേശങ്ങൾ ചൈന കൈവശം വച്ചു.

യഥാർത്ഥത്തിൽ വിഘടനവാദികൾക്കെതിരെയുള്ള യുദ്ധമാണ് 1966ൽ ഇന്ദിരാ ഗാന്ധി നടത്തിയത്. അത് മിസോറാമിലെ ജനങ്ങൾക്കെതിരെ ഉള്ളതായിരുന്നില്ല.

എന്തായിരുന്നു നെഹ്‌റുവിന്റെ പ്രസംഗം?

നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ ഏജൻസിയുടെ ഭാഗമായ ബോംഡിലയിൽ ചൈന നടത്തിയ കൈയേറ്റത്തിന് പിന്നാലെ 1962 നവംബർ 20നാണ് മോദി റേഡിയോയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്. My heart goes out to the people of Assam at this hour എന്നത് പ്രസംഗത്തിലെ ഒരു പരാമർശമായിരുന്നു. പല തരത്തിൽ ദുർവ്യാഖ്യാനം ചെയ്ത വാക്കായിരുന്നു ഇത്. ചൈനയുടെ ദയാവായ്പിനായി അസമിനെ നെഹ്‌റു ഉപേക്ഷിച്ചു എന്ന തരത്തിലാണ് പരാമർശം ദുർവ്യാഖാനം ചെയ്യപ്പെട്ടത്.

യുദ്ധത്തിൽ ഇന്ത്യയ്‌ക്കേറ്റ ആദ്യത്തെ തിരിച്ചടികൾക്ക് ശേഷം, വിദേശ കൈയേറ്റം വച്ചുപൊറുപ്പിക്കാൻ ആകില്ലെന്ന് നെഹ്‌റു അർഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

'ഏതു വിദേശരാജ്യത്തിന്റെയും ഇത്തരത്തിലുള്ള അധിനവേശം വച്ചുപൊറുപ്പിക്കാൻ ആകില്ല. സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ യുദ്ധമാണിത്. ഈ യുദ്ധത്തിൽ ഇന്ത്യ തോൽക്കില്ല. അതെത്ര നീണ്ടാലും എത്ര നഷ്ടങ്ങൾ ഉണ്ടായാലും. ഇന്ന് തിരിച്ചടിയുടെ വാർത്ത കൊണ്ടുവരുന്ന ദുഃഖകരമായ ദിനമാണ്. നോർത്ത് ഈസ്റ്റ് ഫ്രണ്ട് ഏജൻസിയിലെ ജനങ്ങൾക്ക്, വിശിഷ്യാ അസമുകാർക്ക് ഞാനെന്റെ അഭിവാദ്യം അറിയിക്കുന്നു... അധിനിവേശം നടത്തിയവരെ പുറന്തള്ളുന്നതു വരെ, അവർ പുറത്തു പോകുന്നതു വരെ നമ്മൾ തൃപ്തരാകില്ല. മുമ്പിൽ വയ്ക്കുന്ന ഒരു ഓഫറും നമ്മൾ അംഗീകരിക്കില്ല. നമ്മൾക്ക് ചില തിരിച്ചടികൾ കിട്ടിയതു കൊണ്ട് നമ്മൾ ഭയന്നു കാണും എന്നവർ ആലോചിക്കുന്നുണ്ടാകും. എല്ലാവരോടും, ഈ നിമിഷം നമ്മുടെ ഹൃദയം തുളുമ്പുന്ന അസമിലെ ജനങ്ങളോട് പ്രത്യേകിച്ചും ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു.' (“We shall not be content till that invader goes out of India or is pushed out. We shall not accept any terms that he may offer because he may think that we are a little frightened by some setbacks. I want to make that clear to all of you and more specially to our countrymen in Assam to whom our heart goes out at this moment”)

ഇതായിരുന്നു നെഹ്‌റുവിന്റെ പ്രസംഗം. അധിനിവേശ ശക്തികളെ ഇന്ത്യയിൽനിന്ന് പുറത്താക്കും എന്ന സ്വരം അദ്ദേഹത്തിന്റെ പ്രസംഗത്തിൽ വ്യക്തമാണ്. എതിർ രാജ്യത്തോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് ഒപ്പം ആക്രമണം നടന്ന നാടിനോടുള്ള അനുഭാവവും സഹാനുഭൂതിയും പ്രകടിപ്പിക്കുകയായിരുന്നു നെഹ്‌റു. ഏതെങ്കിലും തരത്തിൽ കീഴടങ്ങുന്നതിന്റെയോ ഒഴിവാക്കുന്നതിന്റെയോ സ്വരം പ്രസംഗത്തിലുണ്ടായിരുന്നില്ല.

പ്രസംഗത്തിലെ അവസാന ഭാഗമായ I want to make that clear to all of you and more specially to our countrymen in Assam to whom our heart goes out at this moment ഭാഗമാണ് നെഹ്‌റു അസമിലെ ജനങ്ങളെ ഉപേക്ഷിച്ചു എന്ന തരത്തിൽ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടത്.

കച്ചിത്തീവ് എങ്ങനെ ലങ്കയുടെ ഭാഗമായി?

ബംഗാൾ ഉൾക്കടലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന പാൾക്ക് സ്‌ട്രൈറ്റിലെ ചെറിയ ദ്വീപാണ് കച്ചത്തീവ്. 1974 വരെ ഇന്ത്യയും ശ്രീലങ്കയും അവകാശവാദം ഉന്നയിച്ച ദ്വീപായിരുന്നു ഇത്. ലങ്കൻ മീൻപിടിത്തക്കാരും തമിഴ്‌നാട്ടിലെ മത്സ്യബന്ധനത്തൊഴിലാളികളും പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ദ്വീപാണിത്. 1974ലെ ഇൻഡോ-ശ്രീലങ്കൻ മാരിടൈം അഗ്രിമെന്റ് പ്രകാരമാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കച്ചത്തീവിനെ ലങ്കൻ പ്രദേശമായി അംഗീകരിച്ചത്.

പണ്ടു കാലത്ത് രാംനന്ദ് (രാമനാഥപുരം) രാജാവായിരുന്നു കച്ചത്തീവിന്റെ ഉടമസ്ഥൻ. പിന്നീട് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി. 1921ൽ ഇന്ത്യയും ലങ്കയും (സിലോൺ) ദ്വീപിനായി അവകാശവാദമുന്നയിച്ചിരുന്നു. ദീർഘകാലത്തെ തർക്കത്തിന് ശേഷമാണ് ലങ്കയുമായി ഇന്ത്യാ ഗവൺമെന്റ് കരാർ ഒപ്പുവച്ചത്.

ലങ്കയുമായുള്ള കച്ചത്തീവ് കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുൻമുഖ്യമന്ത്രി 2008ൽ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇടപെട്ടിരുന്നില്ല. എൽടിടിഇയുമായുള്ള യുദ്ധ ശേഷം 2009 മുതൽ കച്ചത്തീവിൽ ലങ്കൻ ഗവൺമെന്റ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. അതിർത്തി കടന്നാൽ മത്സ്യത്തൊഴിലാളികളെ ലങ്കൻ നേവി അറസ്റ്റു ചെയ്യുന്നതും പതിവായി.

കച്ചത്തീവിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ട് പഴക്കമുള്ള സെന്റ് ആന്റണി ചർച്ചുമായി വൈകാരിക ബന്ധവും തമിഴ്‌നാടിനുണ്ട്. രാമേശ്വരത്തു നിന്നുള്ള ഭക്തർ എല്ലാ ഫെബ്രുവരിയിലും ഈ ചർച്ചിൽ സന്ദർശനത്തിനെത്താറുണ്ട്.

TAGS :

Next Story