Quantcast

അർഷ്‍ദീപിനെതിരായ വിദ്വേഷ പ്രചാരണം 'സ്ക്രീന്‍ഷോട്ടാ'ക്കി; സുബൈറിനെതിരെ പരാതിയുമായി ബി.ജെ.പി നേതാവ്

മുൻ ഡൽഹി എം.എൽ.എയും ബി.ജെ.പി നേതാവുമായ മഞ്ചീന്ദർ സിങ് സിർസയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    8 Sep 2022 1:51 PM GMT

അർഷ്‍ദീപിനെതിരായ വിദ്വേഷ പ്രചാരണം സ്ക്രീന്‍ഷോട്ടാക്കി; സുബൈറിനെതിരെ പരാതിയുമായി ബി.ജെ.പി നേതാവ്
X

ന്യൂഡൽഹി: ഇന്ത്യൻ യുവപേസർ അർഷ്‍ദീപിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ ട്വിറ്ററിൽ ചൂണ്ടിക്കാട്ടിയതിന് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ പരാതി. മുൻ ഡൽഹി എം.എൽ.എയും ബി.ജെ.പി നേതാവുമായ മഞ്ചീന്ദർ സിങ് സിർസയാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പാകിസ്താനെതിരെ ക്യാച്ച് വിട്ടതിനു പിന്നാലെ അർഷ്ദീപിനെതിരെ സമൂഹമാധ്യമങ്ങളിൽ നടന്ന വിദ്വേഷ പ്രചാരണങ്ങളുടെ സ്‌ക്രീൻഷോട്ട് സുബൈർ ട്വീറ്റ് ചെയ്തിരുന്നു. ഇതിൽ ഭൂരിഭാഗവും പാകിസ്താനിൽനിന്നുള്ള ട്വിറ്റർ ഹാൻഡിലുകളാണെന്നും ദേശദ്രോഹികൾക്കുവേണ്ടിയാണ് സുബൈർ പ്രവർത്തിക്കുന്നതെന്നും ആരോപിച്ചാണ് ബി.ജെ.പി നേതാവിന്റെ പരാതി. ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സിർസ ആവശ്യപ്പെട്ടു.

അത്തരം അധിക്ഷേപകരമായ ട്വീറ്റുകൾ ഇന്ത്യൻ ട്വിറ്റർ ഹാൻഡിലുകളിൽനിന്നാണെന്ന് വരുത്തിത്തീർക്കാനാണ് സുബൈർ ശ്രമിച്ചതെന്ന് സിർസ ആരോപിച്ചു. എന്നാൽ, സ്‌ക്രീൻഷോട്ടിലെ ഭൂരിഭാഗം ട്വീറ്റുകളും പാകിസ്താനി അക്കൗണ്ടുകളാണ്. ഇതിൽ തന്നെ ചിലത് സ്വന്തമായി പടച്ചുണ്ടാക്കിയതുമാണ്. ദേശീയവാദിയും ദേശീയതാരവുമായ അർഷ്ദീപിനെതിരെയും സിഖ് സമുദായത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിട്ടതെന്നും പരാതിയിൽ മഞ്ചീന്ദർ സിങ് സിർസ ആരോപിച്ചു.

ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദാ സംഭവത്തിനു പിന്നാലെ മുഹമ്മദ് സുബൈർ അറസ്റ്റിലായിരുന്നു. 2018ൽ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ ജൂൺ 27ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 24 ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം സുപ്രിംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

വിട്ട ക്യാച്ചും വിദ്വേഷ പ്രചാരണവും

പാകിസ്താനെതിരെ കഴിഞ്ഞ ഞായറാഴ്ച നടന്ന സൂപ്പർ ഫോർ പോരാട്ടത്തിലായിരുന്നു അർഷ്ദീപ് ക്യാച്ച് വിട്ടത്. 18 പന്തിൽ 34 റൺസ് വേണ്ട ഘട്ടത്തിലായിരുന്നു ഇത്. 18-ാം ഓവർ എറിഞ്ഞ രവി ബിഷ്ണോയിയുടെ പന്തിൽ പാക് താരം ആസിഫ് അലിയുടെ നേരിട്ടുള്ള ഷോട്ട് താരത്തിന് പിടിയിലൊതുക്കാനായില്ല. പിന്നാലെ എറിഞ്ഞ ഭുവനേശ് കുമാറിന്റെ 19-ാം ഓവറിൽ ആസിഫ് നേടിയ ഒരു സിക്സും ബൗണ്ടറിയും സഹിതം പാകിസ്താൻ 19 റൺസാണ് അടിച്ചെടുത്തത്. കളിയുടെ ഗതി തന്നെ ആ ഓവറോടെ മാറിമറിഞ്ഞു.

അവസാന ഓവർ എറിയാൻ അർഷ്ദീപ് എത്തുമ്പോൾ ഏഴു റൺസ് മാത്രമാണ് പാകിസ്താനു വേണ്ടിയിരുന്നത്. രണ്ടാം പന്തിൽ യോർക്കറിനുള്ള ശ്രമം ഫുൾടോസായി ബൗണ്ടറിയിൽ കലാശിച്ചതൊഴിച്ചാൽ മികച്ച ബൗളിങ് പ്രകടനമാണ് താരം പുറത്തെടുത്തത്. ആസിഫ് അലിയെ വിക്കറ്റിനു മുന്നിൽ കുടുക്കി പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. എന്നാൽ, അഞ്ചാമത്തെ പന്തിൽ വീണ്ടും യോർക്കറിനുള്ള ശ്രമം പാളി. ഇഫ്തിഖാർ അഹ്മദ് പാകിസ്താന്റെ വിജയറൺ കുറിക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് അർഷ്ദീപിനെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. ഖലിസ്ഥാനി അർഷ്ദീപാണ് മത്സരം തുലച്ചതെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചാരണം. അനായാസ ക്യാച്ച് വിട്ടിട്ടും ചിരിക്കുന്നത് കണ്ടില്ലേ, ഖലിസ്ഥാനി തന്നെയെന്നും ആരോപണമുണ്ടായി. ഇതിനു പിന്നാലെയാണ് താരത്തിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്തത്. രാജ്യത്തിന്റെ പേര് ഖലിസ്ഥാനി പഞ്ചാബ് എന്നാക്കി മാറ്റി. പേര് മേജർ അർഷ്ദീപ് സിങ് ബാജ് ബാജ്വ എന്നാക്കി എഡിറ്റും ചെയ്തു. #ഗവമഹശേെമിശ ഹാഷ്ടാഗ് ട്വിറ്ററിലെ ട്രെൻഡിങ്ങിൽ മുന്നിലാണ്.

എന്നാൽ, പാകിസ്താനിൽനിന്നുള്ള ഐ.പി അഡ്രസ് വഴിയാണ് വിക്കിപീഡിയ എഡിറ്റിങ് നടന്നതെന്നാണ് സംഘ്പരിവാർ ഐ.ഡികൾ പ്രചരിപ്പിക്കുന്നത്. ഇതിനു പിന്നാലെയാണ് കേന്ദ്ര വാർത്താ-വിനിമയ മന്ത്രാലയം വിക്കിപീഡിയ എക്‌സിക്യൂട്ടീവിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. എഡിറ്റിങ്ങിനെ കുറിച്ചുള്ള വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Summary: BJP's Manjinder Singh Sirsa files police complaint against Alt News cofounder Mohammed Zubair over a tweet, in which he pointed out how 23-year-old cricketer Arshdeep Singh was being viciously trolled online for dropping a catch against Pakistan.

TAGS :

Next Story