Quantcast

ഹിമാചല്‍ പ്രദേശില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം

ഷിംലയില്‍ ദേശീയപാത അടച്ചതിനാല്‍ നിരവധി സഞ്ചാരികള്‍ കുടുങ്ങി

MediaOne Logo

Web Desk

  • Updated:

    2021-07-12 10:54:00.0

Published:

12 July 2021 10:44 AM GMT

ഹിമാചല്‍ പ്രദേശില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം
X

ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം. മിന്നല്‍ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. കനത്ത മഴയില്‍ മാഞ്ജി നദി കരകവിഞ്ഞൊഴുകി. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദേശീയ പാതകളിലൂടെയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഷിംലയിലെ രാംപൂർ മേഖലയിലെ ഝാഗ്രിയില്‍ ദേശീയപാത അടച്ചതിനാല്‍ നിരവധി സഞ്ചാരികള്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് (ഐ.എം.ഡി) വിലയിരുത്തുന്നത്. ഇതു കണക്കിലെടുത്ത് കനത്ത ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി ജയ്റാം താക്കൂർ നാശനഷ്ടങ്ങളുടെ റിപ്പോർട്ട് തേടി. ദുരിതബാധിത പ്രദേശങ്ങളിൽ എല്ലാ സഹായങ്ങളും നൽകാന്‍ ഉദ്യോഗസ്ഥർക്ക് നിര്‍ദേശമുണ്ട്. എന്‍.ഡി.ആര്‍.എഫ് സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ടെന്നും ജയ്റാം താക്കൂറുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.

ഹിമാചല്‍ പ്രദേശിനു പുറമെ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ് മേഖലകളിലും കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, കേരളം, പുതുച്ചേരി, തുടങ്ങി തീരപ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്.

TAGS :

Next Story