'അവന്‍ കൊല്ലപ്പെട്ടെന്ന് അമ്മ ഇതുവരെ അറിഞ്ഞിട്ടില്ല': കണ്ണീരോടെ കേണല്‍
'എന്‍റെ സഹോദരന് നീതി ലഭിക്കണം'

Lloyd Nehemiah
'മകൻ മരിച്ച കാര്യം അമ്മ ഇതുവരെ അറിഞ്ഞിട്ടില്ല. അമ്മ ഇപ്പോഴും ഐസിയുവിലാണ്. എങ്ങനെ മരണ വാര്‍ത്ത പറയുമെന്ന് അറിയില്ല"- ബെംഗളൂരുവില്‍ കൊല്ലപ്പെട്ട ലോയ്ഡ് നെഹെമിയയുടെ സഹോദരനും സൈന്യത്തിലെ കേണലുമായ ഡേവിഡ് നെഹെമിയ ദ ക്വിന്‍റിനോട് പറഞ്ഞു.
ഏപ്രിൽ രണ്ടിന് ബെംഗളൂരുവിലെ വിഗ്നൻ നഗർ പരിസരത്താണ് സംഭവം. നട്ടെല്ലിന്‍റെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന അമ്മയെ പരിചരിക്കുകയായിരുന്നു 54കാരനായ ലോയ്ഡ്. രാത്രിയില്‍ ഉച്ചത്തിലുള്ള സംഗീതം കേട്ട് 80കാരിയായ അമ്മയ്ക്ക് ഉറങ്ങാനായില്ല.
"അയല്‍വാസികളായ മൂന്ന് ഐ.ടി പ്രൊഫഷണലുകള്‍ അർദ്ധരാത്രിക്കു ശേഷവും ഉച്ചത്തില്‍ സംഗീതം വെച്ച് ആക്രോശിക്കുകയായിരുന്നു. അമ്മ സുഖമില്ലാതിരുന്നതിനാൽ അസ്വസ്ഥയായി. ശബ്ദം കുറയ്ക്കാന്‍ പറയാനാണ് ലോയ്ഡ് അങ്ങോട്ടുപോയത്. മദ്യലഹരിയിലായിരുന്ന മൂന്നു പേരും അവനെ മര്‍ദിക്കാന്‍ തുടങ്ങി. സഹോദരനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച സഹോദരിയെയും അവര്‍ മര്‍ദിച്ചു"- ഡേവിഡ് പറഞ്ഞു.
ലോയ്ഡ് ഡേവിഡിനും സഹോദരിക്കുമൊപ്പം
ലോയ്ഡ് അടുത്ത ദിവസം രാവിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കശ്മീരിലുള്ള തന്നെ കാര്യങ്ങള്‍ വിളിച്ചറിയിച്ചെന്നും ഡേവിഡ് പറഞ്ഞു. രാവിലെ അമ്മയുടെ നില ഗുരുതരമായി. ഇതോടെ താന്‍ നാട്ടിലേക്ക് തിരിച്ചു. അതിനിടെയാണ് ലോയ്ഡിന്‍റെ ആരോഗ്യനില മോശമായതെന്ന് ഡേവിഡ് പറഞ്ഞു.
"ഏപ്രിൽ മൂന്നിന് ലോയ്ഡിന്‍റെ കാലുകള്‍ വീര്‍ക്കാന്‍ തുടങ്ങി. അവന് കാലില്‍ അടിയേറ്റിരുന്നു. കൂടാതെ ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇരിക്കാനോ കിടക്കാനോ കഴിയാത്ത അവസ്ഥ വന്നു. ആരോഗ്യനില സങ്കീര്‍ണമായി മരണം സംഭവിച്ചു. അവന്‍റെ ശരീരത്തില്‍ ചതവുകളുണ്ടായിരുന്നു"- ഡേവിഡ് പറഞ്ഞു.
ലോയ്ഡിനെ മര്‍ദിച്ച രണ്ട് ടെക്കികളെ ബെംഗളൂരുവിൽ നിന്നും ഒരാളെ ഡൽഹിയിൽ നിന്നും പിടികൂടിയതായി പൊലീസ് അറിയിച്ചെന്ന് ഡേവിഡ് പറഞ്ഞു. റാം സാമന്ത് റായ്, അഭിഷേക് സിങ്, ബസുദേവ് സാമന്ത് റായ് എന്നിവരാണ് പ്രതികള്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 354 (സ്ത്രീകള്‍ക്കെതിരായ അതിക്രമം), 323 (ബോധപൂര്‍വം മുറിവേല്‍പ്പിക്കല്‍) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
"ഇത് ഒരു തുടക്കം മാത്രമാണ്. നിയമ സംവിധാനം അതിന്റേതായ സമയമെടുക്കും. ഞങ്ങൾക്ക് നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ട്. എന്റെ സഹോദരന് നീതി വേണം. എത്രയും വേഗം സംഭവിച്ചാല്‍ അത്രയും നല്ലത്"- ഡേവിഡ് പറഞ്ഞു.
Summary- Army Colonel David Nehemiah explains how his brother beaten to death in bengaluru
Adjust Story Font
16

