Quantcast

പാര്‍ട്ടിയാണ് ദൈവം,ഒരമ്മ തന്‍റെ കുട്ടിക്ക് എല്ലാം നല്‍കും: ഡി.കെ ശിവകുമാര്‍

പാർട്ടിയുടെ തീരുമാനം എന്തുതന്നെയായാലും താൻ പിന്നിൽ കുത്താനോ ബ്ലാക്ക്‌മെയിൽ ചെയ്യാനോ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    16 May 2023 6:16 AM GMT

DK Shivakumar
X

ഡി.കെ ശിവകുമാര്‍

ഡല്‍ഹി: പാർട്ടി ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്തെന്ന് കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ. അണികൾ ഉണ്ടെങ്കിലേ നേതാക്കളുണ്ടാകൂ. തന്‍റെ കൂടെ അണികൾ ഉണ്ട്. പാർട്ടി അമ്മയെ പോലെയാണെന്നും മകന് ആവശ്യമായത് നൽകുമെന്നും ശിവകുമാർ ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് പറഞ്ഞു. എന്നാൽ പാർട്ടിയുടെ തീരുമാനം എന്തുതന്നെയായാലും താൻ പിന്നിൽ കുത്താനോ ബ്ലാക്ക്‌മെയിൽ ചെയ്യാനോ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഇന്നലെ മുതല്‍ സിദ്ധരാമയ്യ ഡല്‍ഹിയില്‍ തങ്ങുന്നുണ്ട്. വയറുവേദനയെ തുടര്‍ന്ന് അവസാന നിമിഷം സന്ദർശനം റദ്ദാക്കിയ ശിവകുമാർ ഇന്ന് രാവിലെയാണ് ഡൽഹിയിലെത്തിയത്. “പാർട്ടിയാണ് എന്‍റെ ദൈവം... ഞങ്ങൾ ഈ പാർട്ടി കെട്ടിപ്പടുത്തു. ഞാൻ അതിന്‍റെ ഭാഗമാണ്, ഇതിൽ ഞാൻ ഒറ്റയ്ക്കല്ല. ഒരമ്മ തന്‍റെ കുട്ടിക്ക് എല്ലാം നല്‍കും.'' അദ്ദേഹം ബെംഗളൂരുവിൽ നിന്ന് പറക്കുന്നതിന് മുമ്പ് പറഞ്ഞു. കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ വിജയത്തില്‍ പാര്‍ട്ടി തനിക്ക് പ്രതിഫലം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ വിമതനാകില്ലെന്നും ശിവകുമാര്‍ ആവര്‍ത്തിച്ചു. "പാർട്ടിക്ക് വേണമെങ്കിൽ, എനിക്ക് ഉത്തരവാദിത്തം നൽകാം.ഞങ്ങളുടേത് ഒരു ഏകീകൃത വീടാണ്. ഞങ്ങള്‍ 135 പേരുണ്ട്. ഇവിടെ ആരെയും ഭിന്നിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർക്കെന്നെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ ഉത്തരവാദിത്തമുള്ള ആളാണ്.ഞാൻ പിന്നിൽ നിന്നും കുത്തില്ല, ബ്ലാക്ക്‌മെയിൽ ചെയ്യില്ല," ശിവകുമാർ പറഞ്ഞു.

കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 224 അംഗ നിയമസഭയിൽ 135 സീറ്റുകളോടെ കർണാടകയിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി. എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. 75 കാരനായ സിദ്ധരാമയ്യ മുൻ മുഖ്യമന്ത്രിയും 61 കാരനായ ശിവകുമാർ പാർട്ടിയുടെ കർണാടക അധ്യക്ഷനുമാണ്.135 എം.എൽ.എമാരിൽ ഭൂരിപക്ഷം പേരുടെയും പിന്തുണ സിദ്ധരാമയ്യക്കെന്നാണ് റിപ്പോർട്ട്.അടുത്ത കർണാടക മുഖ്യമന്ത്രിയെ പാർട്ടി 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :

Next Story