Quantcast

മലബാർ സമരപോരാളികളെ അവഹേളിക്കാനുള്ള നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗം: പോപുലർ ഫ്രണ്ട്

ഐസിഎച്ച്ആർ തയാറാക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിൽനിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ ഉൾപെടെ 387 രക്തസാക്ഷികളെ ഒഴിവാക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-08-23 11:53:28.0

Published:

23 Aug 2021 10:40 AM GMT

മലബാർ സമരപോരാളികളെ അവഹേളിക്കാനുള്ള നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗം: പോപുലർ ഫ്രണ്ട്
X

ചരിത്രത്തെ തിരുത്തിയെഴുതിയും ഭരണഘടനയെ തള്ളിപ്പറഞ്ഞും ഹിന്ദുത്വരാഷ്ട്ര നിർമിതിയിലേക്കുള്ള വഴിയൊരുക്കുകയാണ് ആർഎസ്എസും ബിജെപിയുമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസർച്ച്(ഐസിഎച്ച്ആർ) തയാറാക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിൽനിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ ഉൾപെടെ 387 രക്തസാക്ഷികളെ ഒഴിവാക്കാനുള്ള നീക്കം. മലബാർ സമരപോരാളികളെ അവഹേളിക്കാനുള്ള ഇത്തരം ശ്രമങ്ങളെ അംഗീക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളിലെ സുപ്രധാന ഏടുകളിലൊന്നാണ് 1921ലെ മലബാർ സമരം. മലബാർ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയവരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും. അന്ധമായ മുസ്ലിം വിരോധത്താൽ ഈ ചരിത്രസത്യത്തെ വക്രീകരിക്കാൻ ഏറെക്കാലമായി ആർഎസ്എസ് പണിയെടുക്കുകയാണ്. ഈ നീക്കത്തിന്റെ തുടർച്ചയാണ് ഐസിഎച്ച്ആർ നിർദേശം. ആർഎസ്എസുകാർ കാലങ്ങളായി ഉയർത്തുന്ന അതേ വാദങ്ങളാണ് ഐസിഎച്ച്ആറും നിരത്തുന്നത്-സി അബ്ദുൽ ഹമീദ് പറഞ്ഞു.

അധികാരം കിട്ടിയതോടെ സകലമേഖലകളിലും ആർഎസ്എസ് സഹയാത്രികരെ കുടിയിരുത്തി ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ് ബിജെപി സർക്കാർ. ഇതേ അജണ്ടയുടെ ഭാഗമാണ് ചരിത്രത്തെ വളച്ചൊടിച്ചുള്ള ഐസിഎച്ച്ആർ നിർദേശമെന്നതിൽ സംശയമില്ല. ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കി സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരാണ് ആർഎസ്എസിന്റെ ആചാര്യന്മാർ. ഇവരുടെ പാത പിന്തുടർന്ന് ഹിന്ദുത്വ രാഷ്ട്രമെന്ന സ്വപ്നം കാണുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സർട്ടിഫിക്കറ്റ് രാജ്യത്തെ യഥാർത്ഥ സ്വാതന്ത്ര്യ സമരപോരാളികൾക്ക് ആവശ്യമില്ല. രാഷ്ട്രപിതാവിനെ പോലും വെടിവച്ച് കൊന്ന ഇക്കൂട്ടർക്ക് എന്ത് ചരിത്രബോധമാണുള്ളത്?

സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഏഴയലത്ത് പോലും വരാത്തവരുടെ പിന്മുറക്കാരാണ് ഇന്ന് രാജ്യസ്‌നേഹം പഠിപ്പിക്കുന്നത്. രാജ്യത്തിന്റെ ചരിത്രം വളച്ചൊടിക്കാനും സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരെ അപകീർത്തിപ്പെടുത്താനുമുള്ള ചരിത്രനിഷേധികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story