'രാമന് ഒരു വിവാഹമെങ്കിൽ റഹീമിന് എന്തിന് നാല്?' മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ പരാമർശം വിവാദത്തിൽ; രൂക്ഷ വിമർശനവുമായി കോൺഗ്രസ്
മധ്യപ്രദേശിൽ ഒരു വിവാഹത്തിന് മാത്രം നിയമസാധുത ഉറപ്പാക്കുന്ന യു.സി.സി ബിൽ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

ഭോപ്പാൽ: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കി മുഖ്യമന്ത്രി മോഹൻ യാദവ്. വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ യു.സി.സി ബിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, വിവാഹവുമായി ബന്ധപ്പെട്ട് എല്ലാവർക്കും ഒരേ നിയമം വേണമെന്ന നിലപാടും ആവർത്തിച്ചു.
ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ, 'ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും എന്തിനാണ് വ്യത്യസ്ത നിയമങ്ങൾ? എല്ലാവർക്കും ഒരേ നിയമം വേണം. ശ്രീരാമൻ ഒരു തവണ മാത്രം വിവാഹം കഴിച്ചപ്പോൾ റഹീം എന്തിന് രണ്ടോ മൂന്നോ നാലോ വിവാഹം കഴിക്കണം?' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് യു.സി.സി പോലുള്ള നിയമങ്ങൾ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ഒരു വിവാഹത്തിന് മാത്രമേ നിയമപരമായ അംഗീകാരം ലഭിക്കൂ എന്നും, ഒന്നിലധികം വിവാഹങ്ങൾക്ക് നിയമസാധുത ഉണ്ടാകില്ലെന്നും മോഹൻ യാദവ് വ്യക്തമാക്കി. 'ഒരു വിവാഹം മാത്രമുള്ള വ്യക്തിക്കാണ് മധ്യപ്രദേശിൽ നിയമപരമായ അവകാശങ്ങൾ ലഭിക്കുക' എന്ന പരാമർശവും അദ്ദേഹം നടത്തി.
ട്രിപ്പിൾ തലാഖ് കാലം അവസാനിച്ചുവെന്നും, 'ആരെങ്കിലും 'തലാഖ്, തലാഖ്, തലാഖ്' എന്ന് പറഞ്ഞാൽ നിയമം അതിനെ അംഗീകരിക്കില്ല' എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ പൗരന്മാർക്കും മതഭേദമില്ലാതെ ഒരേ നിയമം ബാധകമാകണമെന്നാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരത്തിന് സമർപ്പിച്ച ശേഷം മൺസൂൺ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തി. 'രാമൻ', 'റഹീം' എന്നീ വിശുദ്ധ പേരുകൾ രാഷ്ട്രീയ താരതമ്യത്തിനായി ഉപയോഗിച്ചത് അനുചിതമാണെന്ന് കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് പ്രതികരിച്ചു. ചില ആദിവാസി വിഭാഗങ്ങൾക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള പ്രത്യേക വിവാഹനിയമങ്ങളെ സർക്കാർ എങ്ങനെ പരിഗണിക്കുമെന്ന കാര്യത്തിലും അദ്ദേഹം ചോദ്യമുയർത്തി.
യു.സി.സിയുടെ പേരിൽ ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യമിട്ട് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും, എല്ലാവർക്കും ഒരേ നിയമമെന്ന വാദത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Adjust Story Font
16

