Quantcast

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; അന്വേഷണം ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം.പി സുപ്രീംകോടതിയില്‍

കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

MediaOne Logo

Web Desk

  • Published:

    25 July 2021 1:39 AM GMT

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; അന്വേഷണം ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം.പി സുപ്രീംകോടതിയില്‍
X

പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖരുടെ ഫോൺ ചോർത്തിയ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ് സുപ്രീംകോടതിയിൽ. കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും, മൗലികാവകാശത്തിന്‍റെയും ലംഘനമാണ് നടന്നിരിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതേ ആവശ്യമുന്നയിച്ച് അഭിഭാഷകനായ എം.എൽ ശർമ നേരത്തെ പൊതുതാത്പര്യ ഹരജി നൽകിയിരുന്നു. ഏത് സാഹചര്യത്തിൽ ഏത് നടപടിക്രമം പാലിച്ചാണ് പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയതെന്ന് വ്യക്തമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

അതേസമയം, ഫോ൪ബിഡൻ സ്റ്റോറീസും ആംനസ്റ്റി ഇന്റ൪നാഷണലും പുറത്തുവിട്ട പുതിയ ഫോൺ ചോ൪ത്തൽ സാധ്യത പട്ടികയിൽ അറുപത് സ്ത്രീകളും ഇടംപിടിച്ചു. മാധ്യമപ്രവർത്തകർ, അഭിഭാഷകർ, സാമൂഹ്യ പ്രവർത്തകർ, ശാസ്ത്രജ്ഞർ എന്നിങ്ങനെ സമൂഹത്തിലെ നാനാതുറകളിലുള്ള സ്ത്രീകളാണ് പട്ടികയിലുള്ളത്.

പ്രമുഖ ആദിവാസി പ്രവ൪ത്തക സോണി സോറി, ഭീമ കൊറഗാവ് കേസിൽ അറസ്റ്റിലായ നാഗ്പൂ൪ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങിന്റെ ഭാര്യ മലിന ഗാഡ്ലിങ് എന്നിവര്‍ പട്ടികയിലുണ്ട്. സുരേന്ദ്ര ഗാഡ്ലിങിന്റെ ലാപ്ടോപിൽ കൃത്രിമ തെളിവുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ഫോറൻസിക് പരിശോധനയിൽ തെളിയുകയും ചെയ്തിരുന്നു. അമേരിക്ക ആസ്ഥാനമായ ഡിജിറ്റൽ ഫോറൻസിക് കമ്പനിയായ ആ൪സണൽ കൺസൾടിങാണ് ഇത് സ്ഥിരീകരിച്ചിരുന്നത്.

പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയും പെഗാസസ് സാധ്യത പട്ടികയിൽ ഇടംപിടിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ദി വയ൪ നടത്തുന്നു. വിവരങ്ങൾ ചോ൪ത്താൻ കഴിയുന്നതിന് പുറമെ ഫോണിലെ ക്യാമറയടക്കമുള്ള ഫീച്ചറുകളും പെഗാസസിന് പ്രവ൪ത്തിപ്പിക്കാനാകും. ഇതിൽ കടുത്ത ആശങ്കയാണ് പട്ടികയിൽ ഉൾപ്പെട്ടവ൪ രേഖപ്പെടുത്തുന്നത്.

TAGS :

Next Story