Quantcast

പൊലീസ് കസ്റ്റഡി: മുഹമ്മദ് സുബൈറിന്റെ ഹരജി ഹൈക്കോടതി വാദം കേൾക്കാൻ മാറ്റി

ഹരജി ഈ മാസം 27ലേക്കാണ് മാറ്റിയത്

MediaOne Logo

Web Desk

  • Published:

    1 July 2022 3:42 PM GMT

പൊലീസ് കസ്റ്റഡി: മുഹമ്മദ് സുബൈറിന്റെ ഹരജി ഹൈക്കോടതി വാദം കേൾക്കാൻ മാറ്റി
X

ന്യൂഡൽഹി: നാല് ദിവസം ഡൽഹി പൊലീസ് കസ്റ്റഡിയിൽ വിട്ടതിനെ ചോദ്യം ചെയ്ത് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ നൽകിയ ഹരജി ഡൽഹി ഹൈക്കോടതി വാദം കേൾക്കാൻ മാറ്റി. ഈ മാസം 27ലേക്കാണ് മാറ്റിയത്. കേസിൽ കോടതി ഡൽഹി പൊലീസിന് നോട്ടിസ് അയച്ചു.

ജൂൺ 28നാണ് സുബൈറിനെ ഡൽഹി കോടതി നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. സമൂഹമാധ്യമത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 153 (എ) പ്രകാരം മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയെന്നും 295 (എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചാണ് സുബൈറിനെതിരേ കേസെടുത്തിരിക്കുന്നത്.

ബോളിവുഡ് ചിത്രത്തിൽനിന്നുള്ള സ്‌ക്രീൻഷോട്ട് പങ്കുവച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് കേസ്

1983ലെ ഒരു ബോളിവുഡ് ചിത്രത്തിൽനിന്നുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുത്തത്. വെറും മൂന്ന് ഫോളോവർമാർ മാത്രമുണ്ടായിരുന്ന ട്വിറ്റർ ഹാൻഡിലിൽനിന്നുള്ള പരാതിയിലാണ് നടപടി. ഹനുമാൻ ഭക്ത് എന്ന പേരിലുള്ള @balajikijaiin എന്ന ട്വിറ്റർ ഹാൻഡിൽ യൂസറുടെ പരാതിയിലാണ് നടപടിയെന്നാണ് പൊലീസിന്റെ എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നത്. 2018 മാർച്ചിൽ സുബൈർ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് കേസിന് അടിസ്ഥാനമായി ചൂണ്ടിക്കാട്ടുന്നത്.

ഹൃതികേഷ് മുഖർജിയുടെ സംവിധാനത്തിൽ 1983ൽ പുറത്തിറങ്ങിയ 'കിസി സെ ന കെഹ്ന' എന്ന ചിത്രത്തിൽനിന്നുള്ള ഒരു ഭാഗത്തിന്റെ സ്‌ക്രീൻഷോട്ടായിരുന്നു കേസിനാസ്പദമായ ട്വീറ്റിൽ പങ്കുവച്ചിരുന്നത്. ഹനുമാൻ ഹോട്ടലെന്ന് പേരുമാറ്റപ്പെട്ട ഹണിമൂൺ ഹോട്ടലിന്റെ ചിത്രമാണ് മതവികാരം വ്രണപ്പെടുത്തുന്നതെന്ന് ആരോപിക്കുന്നത്. എന്നാൽ, വിവാദ സീനുകൾ നേരത്തെ സെൻസർ ചെയ്യപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, ഇപ്പോഴും ചിത്രം പൂർണമായി യൂട്യൂബിൽ ലഭ്യമാണെന്നും മാധ്യമപ്രവർത്തകനായ ആരിഷ് ചബ്ര ചൂണ്ടിക്കാട്ടുന്നു. സെൻസർ ബോർഡിന്റെ പൂർണമായ അംഗീകാരം ലഭിച്ചതിനൊപ്പം ടെലിവിഷനുകളിൽ പലപ്പോഴും ആവർത്തിച്ച് കാണിക്കാറുള്ള ചിത്രങ്ങളിൽ ഒന്നുകൂടിയാണ് 'കിസി സെ ന കഹ്ന'.

ഫാക്ട്ചെക്കിങ് വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്' സഹസ്ഥാപകനായ സുബൈറാണ് ബി.ജെ.പി നേതാവ് നുപൂർ ശർമയുടെ പ്രവാചകനിന്ദാ പരാമർശം സമൂഹമാധ്യമങ്ങളിൽ ആദ്യമായി ചർച്ചയാക്കിയത്. ഹരിദ്വാറിൽ യതി നരസിംഹാനന്ദയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദു ധർമസൻസദിൽ മുസ്ലിംകൾക്കെതിരെ നടന്ന വിദ്വേഷ പ്രസംഗങ്ങളും ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് തുടങ്ങിയവരുടെ വിദ്വേഷ പരാമർശങ്ങളും സുബൈർ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെ സംഘ്പരിവാർ അനുകൂലികളുടെ നേതൃത്വത്തിൽ സുബൈറിനും ആൾട്ട് ന്യൂസിനുമെതിരെ വൻ സൈബർ ആക്രമണം നടന്നിരുന്നു.

Muhammad Zubair's plea Against Police custody adjourned for hearing by High Court

TAGS :

Next Story