Quantcast

ഞായറാഴ്ച കുർബാനയ്ക്ക് അതിഥിയായി ഷെഹനാസ് പർവീൺ; അപൂര്‍വനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കോയമ്പത്തൂർ സി.എസ്.ഐ പള്ളി

വിശ്വാസികൾക്ക് മാത്രമല്ല തനിക്കും ഇതൊരു പുതിയ അനുഭവമായിരുന്നെന്ന് ഷെഹനാസ്

MediaOne Logo

Web Desk

  • Updated:

    2022-08-29 06:06:28.0

Published:

29 Aug 2022 5:59 AM GMT

ഞായറാഴ്ച കുർബാനയ്ക്ക് അതിഥിയായി ഷെഹനാസ് പർവീൺ; അപൂര്‍വനിമിഷങ്ങള്‍ക്ക്  സാക്ഷ്യം വഹിച്ച്  കോയമ്പത്തൂർ   സി.എസ്.ഐ പള്ളി
X

കോയമ്പത്തൂർ: കോയമ്പത്തൂരിലെ പ്രശസ്തമായ സി.എസ്.ഐ ഓൾ സോൾ ചർച്ച് ഞായറാഴ്ച അപൂർവമായ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. പള്ളിയിലെ ഞായറാഴ്ച കുര്‍ബാനയില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയത് ജീവശാന്തി ട്രസ്റ്റിലെ അംഗമായ ഷെഹനാസ് പർവീനായിരുന്നു.

രാവിലെ 8.30 ന് നടന്ന ശുശ്രൂഷയുടെ പ്രസംഗത്തിനിടെയാണ് പ്രസ്ബിറ്ററും ചർച്ച് ചെയർമാനുമായ റവ. ചാൾസ് സാം രാജ് ഷെഹനാസ് പർവീനെ സംസാരിക്കാനായി മൈക്കിനടുത്തേക്ക് ക്ഷണിച്ചത്. വിശ്വാസികൾക്ക് മാത്രമല്ല തനിക്കും ഇതൊരു പുതിയ അനുഭവമായിരുന്നെന്ന് ഷെഹനാസ് പറയുന്നു.

'ഞങ്ങളുടെ സന്തോഷം വിശദീകരിക്കാൻ ഞങ്ങൾക്ക് വാക്കുകളില്ല. വ്യത്യസ്ത വിശ്വാസങ്ങൾക്കിടയിലുള്ള ഇത്തരത്തിലുള്ള കൂടിച്ചേരലാണ് രാജ്യത്തിന് ഇപ്പോൾ ആവശ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാത്തിനുമുപരി എല്ലാ മതങ്ങളും സ്നേഹത്തിനും ഐക്യത്തിനും ഊന്നൽ നൽകുന്നതെന്നും പർവീൺ പറഞ്ഞതായി 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു.

'എളിയവനോടു കരുണ കാണിക്കുന്നവൻ യഹോവയ്ക്കു കടം കൊടുക്കുന്നു; അവൻ ചെയ്യുന്നതിനു ദൈവം പ്രതിഫലം നൽകും'.(സുഭാഷിതങ്ങൾ 19: 17) എന്ന ബൈബിൾ വാക്യത്തോടെ പർവീൺ തന്റെ മൂന്ന് മിനിറ്റ് പ്രസംഗം അവസാനിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടികളാണ് ലഭിച്ചത്.

ആരോരുമില്ലാത്തവരുടെയും തിരിച്ചറിയപ്പെടാത്തതുമായ 10,000 ത്തിലധികം ആളുകളുടെ അന്ത്യകർമങ്ങൾ നിർവഹിച്ച ജീവശാന്തി ട്രസ്റ്റിലെ അംഗങ്ങളെ ആദരിക്കുന്നതിനായി സി.എസ്.ഐ പള്ളി ഇത്തരമൊരു ചടങ്ങ് നടത്തിയത്. പർവീൺ ഉൾപ്പെടെ ജീവശാന്തി ട്രസ്റ്റിലെ ആറുപേരെയാണ് സഭാ ഭരണസമിതി ക്ഷണിച്ചിരുന്നത്. ഇവരെ ഭരണസമിതി ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു. ട്രസ്റ്റും അതിന്റെ സന്നദ്ധപ്രവർത്തകരും സമൂഹത്തിന് നൽകിയ സേവനങ്ങൾ അഭിനന്ദനം അർഹിക്കുന്നതായി റവ. ചാൾസ് സാം രാജ് പറഞ്ഞു. പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കാലത്ത് ജാതിയോ മതമോ സാമൂഹിക നിലയോ നോക്കാതെയാണ് ട്രസ്റ്റ് സേവനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഞായറാഴ്ച കുർബാനകളിലും പ്രസംഗത്തിനായി ഒരു വിഷയം തെരഞ്ഞെടുക്കാറുണ്ട്. ഈ ആഴ്ച 'ദൈവം എല്ലാ വിശ്വാസികൾക്കും വേണ്ടി' എന്നതായിരുന്നു വിഷയം. ജീവശാന്തി ട്രസ്റ്റിന്റെ ഭാരവാഹികളെ ക്ഷണിക്കാനും അവരെ ആദരിക്കാനുമാണ് തങ്ങള്‍ ഈ ആഴ്ച തീരുമാനിച്ചതെന്ന് റവ.സാംരാജ് പറഞ്ഞതായി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ട്രസ്റ്റിൽ എല്ലാ മതങ്ങളിൽ നിന്നുള്ളവരും സന്നദ്ധപ്രവർത്തകരുമായി ജോലി ചെയ്യുന്നുണ്ട്. ഞായറാഴ്ച കുർബാനയിൽ നിന്ന് ലഭിച്ചഅഭിനന്ദനം തങ്ങളുടെ സേവനങ്ങൾ തുടരാൻ കൂടുതൽ കരുത്ത് നൽകിയതായി ജീവശാന്തി ട്രസ്റ്റ് സ്ഥാപകൻ മുഹമ്മദ് സലീം പറഞ്ഞു.

TAGS :

Next Story