ആഴ്ചയിൽ 72 മണിക്കൂർ ജോലി; ജീവിതത്തിൽ ഉണ്ടായ മാറ്റം പറഞ്ഞ് മാധ്യമപ്രവർത്തക
72 മണിക്കൂർ തൊഴിലെടുത്തപ്പോൾ ജോലിയിലും കുടുംബ ജീവിതത്തിലും ഉണ്ടായ മാറ്റങ്ങളാണ് മാധ്യമ പ്രവർത്തകയുടെ കുറിപ്പിലുള്ളത്

- Published:
5 Aug 2026 4:35 PM IST

ന്യുഡൽഹി: ഒരു കാലത്ത് ചൈനയിൽ പ്രാബല്യത്തിൽ ഉണ്ടായിരുന്നതും അടുത്ത കാലത്ത് ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തി പറഞ്ഞ് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത രീതിയാണ് ആഴ്ചയിലെ 72 മണിക്കൂർ ജോലി. ആഴ്ചയിൽ ആറ് ദിവസം രാവിലെ 9 മുതൽ രാത്രി 9 വരെ ജോലി എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ആഴ്ചയിൽ 72 മണിക്കൂർ ജോലി ചെയ്ത ഒരു മാധ്യമപ്രവർത്തകയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ ഏറെ ചർച്ചയാവുന്നത്. ഒരാഴ്ചയാണ് മാധ്യമപ്രവർത്തക ഈ രീതി പിന്തുടർന്നത്. അങ്ങനെ ചെയ്തപ്പോൾ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചു എന്നാണ് മാധ്യമപ്രവർത്തകയുടെ കുറിപ്പിലുള്ളത്. ഓരോ ദിവസത്തേയും മാറ്റങ്ങൾ കൃത്യമായി പറയുന്നുണ്ട്.
സാധരണ രാവിലെ എട്ടു മണി മുതൽ വൈകീട്ട് അഞ്ച് വരെയാണ് ജോലി ചെയ്തിരുന്നത്. അങ്ങനെ ആഴ്ചയിൽ അഞ്ച് ദിവസം. പരീക്ഷണത്തിന്റെ ഭാഗമായി അത് 72 മണിക്കൂറാക്കി മാറ്റാനാണ് മാധ്യമപ്രവർത്തക ലക്ഷ്യമിട്ടത്. ഇത്തരത്തിലൊരു പരീക്ഷണം നടത്താൻ തുനിഞ്ഞതിന് തന്റെ പ്രവർത്തനക്ഷമത പരീക്ഷിക്കാനാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. ആദ്യ രണ്ട് ദിവസത്തെ അനുഭവം വളരെ ഗുണകരമായിരുന്നു എന്നാണ് ഇവർ പറയുന്നത്. 20 കിലോമീറ്റർ അകലെയാണ് മാധ്യമപ്രവർത്തക താമസിക്കുന്നത്. യാത്രയിൽ ഉടനീളം ഓൺലൈനിൽ വാർത്തകൾ പരിശോധിച്ചും വാട്സ് ആപ് സന്ദേശങ്ങൾക്ക് മറുപടി പറയാനുമാണ് ശ്രമിച്ചത്. ന്യൂസ് റൂമിലും വളരെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞുവെന്ന് ഇവർ പറയുന്നുണ്ട്. രണ്ടാം ദിവസം ഓഫീസിൽ ആദ്യമെത്തിയ വ്യക്തി ഇവരായിരുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്. വളരെ ശാന്തമായി തൊഴിൽ പൂർത്തിയാക്കാൻ സാധിച്ചു എന്നും റിപ്പോർട്ടിംഗ് മാനേജർ തന്നെ അഭിനന്ദിച്ചു എന്നും കുറിപ്പിൽ പറയുന്നുണ്ട്.
ആദ്യ രണ്ട് ദിവസം പോലെ ആയിരുന്നില്ല തുടർന്നുള്ള രണ്ട് ദിവസമെന്നാണ് ഇവർ പറയുന്നത്. ആദ്യ രണ്ട് ദിവസം വളരെ ഊർജസ്വലതയോടെ കാര്യങ്ങൾ ചെയ്തെങ്കിലും മൂന്നാം ദിവസവും നാലാം ദിവസവും ക്ഷീണം അനുഭവിച്ചു തുടങ്ങി എന്നാണ് ഇവർ പറയുന്നത്. ക്ഷീണം മാറ്റാൻ കൂടുതൽ ചായ വേണ്ടിവന്നു. ഉറക്കത്തെ ബാധിച്ചു, തോൾവേദന, കണ്ണുവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥകൾ ബാധിച്ചു തുടങ്ങി എന്നും കുറിപ്പിലുണ്ട്. അവസാനത്തെ രണ്ട് ദിവസമായതോടെ 72 മണിക്കൂർ തൊഴിൽ രീതി കുടുംബ ജീവതത്തേയും ബാധിച്ചു എന്നാണ് മാധ്യമപ്രവർത്തക പറയുന്നത്. 18 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ തനിക്ക് കുഞ്ഞിന് വേണ്ടി കൂടുതൽ സമയം ചിലവിടാൻ കഴിയാത്ത സാഹചര്യമുണ്ടായി എന്നുമാണ് ഇവർ പറയുന്നത്.
ആറാമത്തെ ദിവമായപ്പോഴേക്കും തന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടു എന്നാണ് കുറിപ്പിൽ പറയുന്നത്. തവലേദനയും കണ്ണ് വേദനയും കാരണം വേദനസംഹാരികൾ ഉപയോഗിക്കേണ്ടി വന്നു. അകാരണമായ ദേഷ്യം തോന്നി തുടങ്ങി എന്നും കുറിപ്പിൽ പറയുന്നുണ്ട്. വേണ്ടത്ര ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയാതെ താൻ പ്രയാസപ്പെട്ടു എന്നും കുറിപ്പിലുണ്ട്. സ്വന്തം അനുഭവത്തിൽ നിന്നുള്ള ഒരു നിഗമനവും ഇവർ പങ്കുവെക്കുന്നുണ്ട്. ജോലി തിരക്കേറിയ ദിവസങ്ങളിൽ ജോലി ചെയ്യാമെങ്കിലും മുഴുവൻ സമയം ഇങ്ങനെ പ്രവർത്തിക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് ഇവരുടെ നിഗമനം. മറ്റൊരു കാര്യം ജോലിയിൽ ചെറിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചാലും നിങ്ങളുടെ കുടുംബജീവിതവും ആരോഗ്യവും നഷ്ടമാവും എന്നും ഇവർ പറയുന്നുണ്ട്.
Adjust Story Font
16
