Quantcast

ഹിജാബിൽ കോടതിവിധി മാനിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ

തിലകം ചാർത്തുന്നവരും ചാർത്താത്തവരും ബുർഖ ധരിക്കുന്നവരും ധരിക്കാത്തവരും താടിവെക്കുന്നവരും വെക്കാത്തവരുമുണ്ട്. മുസ്‌ലിംകളിൽ തന്നെ ഹിജാബ് ധരിക്കാത്തവരും താടിവെക്കാത്തവരും ഏറെയുണ്ട്. അത് ഓരോരുത്തരുടെയും അഭിപ്രായമാണ്.

MediaOne Logo

Web Desk

  • Published:

    26 March 2022 5:19 AM GMT

ഹിജാബിൽ കോടതിവിധി മാനിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ
X

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് ശരിവെച്ച കോടതിവിധി മാനിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. 'കശ്മീർ ഫയൽസ്' സിനിമ പ്രദർശനത്തിനു ശേഷം തിയറ്ററുകളിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷമുണ്ടാക്കുന്ന ആഹ്വാനങ്ങളുടെ വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്‌സണായി ചുമതലയേറ്റ സയ്യിദ് ശഹ്‌സാദി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിലകം ചാർത്തുന്നവരും ചാർത്താത്തവരും ബുർഖ ധരിക്കുന്നവരും ധരിക്കാത്തവരും താടിവെക്കുന്നവരും വെക്കാത്തവരുമുണ്ട്. മുസ്‌ലിംകളിൽ തന്നെ ഹിജാബ് ധരിക്കാത്തവരും താടിവെക്കാത്തവരും ഏറെയുണ്ട്. അത് ഓരോരുത്തരുടെയും അഭിപ്രായമാണ്. കോടതിവിധി വന്നുകഴിഞ്ഞാൽ അത് സ്വീകരിച്ചേ മതിയാവൂ എന്നും അവർ വ്യക്തമാക്കി.

ഗുജറാത്തിൽ ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത് ഒരു മതഗ്രന്ഥമെന്ന നിലയിലല്ല കാണേണ്ടത്. തത്ത്വചിന്താപരമായ ഗ്രന്ഥം എന്ന നിലയിലാണ്. രാജ്യത്തിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ടതാണത്. ഖുർആൻ പഠിപ്പിക്കുന്നതാണെങ്കിൽ അതിനും കമ്മീഷൻ എതിരല്ല.

മദ്‌റസ പഠനത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഛത്രപതി ശിവജിയുടെ ജീവചരിത്രം പഠിപ്പിക്കുന്ന പുസ്തകങ്ങൾ ജാർഖണ്ഡിലെ മദ്‌റസകളിലുണ്ട്. അത്തരം പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കണം. മദ്‌റസകൾ സന്ദർശിച്ചപ്പോൾ തങ്ങൾക്ക് ഡോക്ടറാവണം എന്ന് വിദ്യാർഥികൾ പറഞ്ഞുവെന്നും അതിന് മദ്‌റസകളിൽ പഠിച്ചതുകൊണ്ട് കാര്യമില്ലല്ലോ എന്നുമാണ് അസമിൽ മദ്‌റസകൾ അടച്ചുപൂട്ടിയതിന് മുഖ്യമന്ത്രി കാരണമായി പറഞ്ഞത്. ഇതുസംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. കമ്മീഷൻ അംഗങ്ങളായ ധന്യകുമാർ ജിനപ്പ ഗുണ്ടെ, റിഞ്ചൻ ലാമോ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story