Quantcast

'രാജ്യസുരക്ഷയെ ബാധിക്കും, നടപടി വേണം': ഹരിദ്വാര്‍ വിദ്വേഷ പ്രസംഗത്തിനെതിരെ മുന്‍ സൈനിക മേധാവികള്‍

"ദേശീയ ഐക്യത്തിനു കോട്ടം തട്ടുന്ന എന്തും രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നു എന്ന് മനസ്സിലാക്കാൻ പ്രയാസമാണോ?"

MediaOne Logo

Web Desk

  • Updated:

    2021-12-24 14:15:39.0

Published:

24 Dec 2021 2:03 PM GMT

രാജ്യസുരക്ഷയെ ബാധിക്കും, നടപടി വേണം: ഹരിദ്വാര്‍ വിദ്വേഷ പ്രസംഗത്തിനെതിരെ മുന്‍ സൈനിക മേധാവികള്‍
X

ഹരിദ്വാറിലെ ധര്‍മ സന്‍സദ് സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗവും കൊലവിളിയുമുയര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് രണ്ട് മുന്‍ സേനാമേധാവികള്‍. മുസ്‍ലിംകളെ മ്യാൻമർ മാതൃകയിൽ വംശഹത്യ നടത്തണമെന്നായിരുന്നു ആഹ്വാനം. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് വ്യക്തമായ ഭീഷണിയാണ് ഇത്തരം കൊലവിളികളെന്ന് നാവികസേനാ മുന്‍ മേധാവി റിട്ടയേർഡ് അഡ്മിറൽ അരുൺ പ്രകാശ് ട്വീറ്റ് ചെയ്തു.

"എന്തുകൊണ്ട് ഇത് അവസാനിപ്പിക്കുന്നില്ല? നമ്മുടെ ജവാൻമാർ ശത്രുക്കളെ അഭിമുഖീകരിക്കുമ്പോൾ, നമുക്ക് വർഗീയ രക്തച്ചൊരിച്ചിലും ആഭ്യന്തര കലാപവും അന്താരാഷ്ട്ര തലത്തിലെ അപമാനവും വേണോ? ദേശീയ ഐക്യത്തിനു കോട്ടം തട്ടുന്ന എന്തും ഇന്ത്യയുടെ ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നു എന്ന് മനസ്സിലാക്കാൻ പ്രയാസമാണോ?"- എന്നാണ് അരുണ്‍ പ്രകാശിന്‍റെ ചോദ്യം.

അരുണ്‍ പ്രകാശിന്‍റെ അഭിപ്രായം ശരിവെച്ച് നിരവധി പേര്‍ രംഗത്തെത്തി. കാര്‍ഗില്‍ യുദ്ധസമയത്ത് കരസേനാ മേധാവിയായിരുന്ന റിട്ടയേര്‍ഡ് ജനറല്‍ വേദ്പ്രകാശ് മാലിക് ട്വീറ്റ് ചെയ്തതിങ്ങനെ- "യോജിക്കുന്നു. ഇത്തരം പ്രസംഗങ്ങൾ രാജ്യസുരക്ഷയെ ബാധിക്കും. നടപടിയെടുക്കണം"

പരിപാടിയുടെ സംഘാടകർക്കും പ്രസംഗകർക്കുമെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് വിവരാവകാശ പ്രവർത്തകനും തൃണമൂൽ കോൺഗ്രസ് എംപിയുമായ സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു. ഹരിദ്വാർ ഹേറ്റ് അസംബ്ലി എന്ന ഹാഷ്‌ടാഗ് ട്വിറ്ററില്‍ തരംഗമായി. പോലീസും ബ്യൂറോക്രസിയും ജുഡീഷ്യറിയും കൊലവിളിക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഹരിദ്വാറിൽ നടന്ന വിവിധ ഹിന്ദുത്വ സംഘടനകളുടെ സമ്മേളനത്തിലാണ് മുസ്‍ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ കൊന്ന് ഹിന്ദുരാഷ്ട്രം നിർമിക്കാൻ പരസ്യ ആഹ്വാനമുണ്ടായത്. പരിപാടിയിൽ വിവിധ സംഘടനാ നേതാക്കൾ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണ, ഹിന്ദു രക്ഷാസേന നേതാവ് പ്രബോധാനന്ദ് ഗിരി, ബിജെപി നേതാവ് അശ്വിനി ഉപാധ്യായ, മഹിളാ മോർച്ച നേതാവ് ഉദിത് ത്യാഗി തുടങ്ങിയവരെല്ലാം മുസ്‍ലിംകൾക്കെതിരെ കലാപാഹ്വാനം നടത്തുകയും വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്തു. മുസ്‍ലിംകൾക്കെതിരെ മ്യാൻമർ മാതൃകയിൽ വംശശുദ്ധീകരണം നടത്തണമെന്നാണ് പ്രബോധാനന്ദ് ഗിരി സമ്മേളനത്തിൽ പറഞ്ഞത്- ''മ്യാൻമർ മാതൃകയിൽ നമ്മുടെ പൊലീസും രാഷ്ട്രീയക്കാരും സൈന്യവും ഒപ്പം മുഴുവൻ ഹിന്ദുക്കളും ആയുധമെടുത്ത് വംശഹത്യ നടത്തണം. അതല്ലാതെ മറ്റൊരു വഴിയും നമ്മുടെ മുന്നിൽ അവശേഷിക്കുന്നില്ല''.

ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യണമന്നാണ് ആഹ്വാനം ചെയ്തത്- ''അവരുടെ ജനസംഖ്യ ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലിൽ പോകാനും തയ്യാറാവുക. 20 ദശലക്ഷം ആളുകളെ കൊല്ലാൻ കഴിയുന്ന 100 സൈനികർ ഞങ്ങൾക്ക് ആവശ്യമാണ്‌". എന്നാല്‍ എഫ്‌ഐആറിൽ ഇവർക്കെതിരെയൊന്നും പരാമർശം പോലുമില്ല.

TAGS :

Next Story