വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും; മുസ്‌ലിം വ്യക്തി നിയമ ബോർഡ്
ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഇതിലൂടെ ശ്രമിക്കുന്നത്

ന്യൂ ഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉടൻ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറി മൗലാന ഫസലുർറഹീം മുജദ്ദിദി. ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യംവെക്കുന്നത് രാഷ്ട്രീയ നേട്ടമെന്നും മൗലാന ഫസലുർറഹീം മുജദ്ദിദി മീഡിയവണിനോട് പറഞ്ഞു.
പ്രതിപക്ഷത്തിന്റെയും രാജ്യത്തെ വിവിധ മുസ്ലിം സംഘടനകളുടെയും എതിർപ്പുകൾ മറികടന്ന് വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി മുസ്‌ലിം വ്യക്തി നിയമ ബോർഡ് സംഘടിപ്പിക്കും. ബിജെപിയുടെ അധികാരം ഉപയോഗിച്ച് ബിൽ പാസാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറി മൗലാന ഫസലുർറഹീം മുജദ്ദിദി പറഞ്ഞു.
"സർക്കാരിന്റെ അധികാരം ഉപയോഗിച്ച് ബിൽ പാസാക്കാൻ ആണ് ശ്രമിക്കുന്നത്. ഭരണഘടനയുടെ ധാർമികത വെച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. അത് പ്രകാരം ബില്ല് നിയമവിരുദ്ധമാണ്. ബില്ല് മനുഷ്യത്വത്തിനെതിരാണ്. മതസ്വാതന്ത്ര്യത്തിന് എതിരാണ്," അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കുമുണ്ടെന്നും ഫസലുർറഹീം ഓർമ്മിപ്പിച്ചു.
ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത് രണ്ടാം തരക്കാരായി കാണാൻ ആണോ എന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ ഇന്ന് ബോർഡിന്റെ അടിയന്തര യോഗം ചേരും. പ്രതിഷേധവും ബില്ല് പാസായാൽ സുപ്രീംകോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.
Adjust Story Font
16

