സംസ്ഥാന അധ്യക്ഷനാകുമോ സിദ്ദു? പഞ്ചാബ് കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ തീർക്കാൻ പുതിയ ഫോർമുല

സിദ്ദുവിനെ കാണാൻ രാഹുൽ ഗാന്ധി ആദ്യം വിസമ്മതിച്ചിരുന്നെങ്കിലും പ്രിയങ്കയുടെ ഇടപെടലിനെത്തുടർന്ന് ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-07-01 16:35:19.0

Published:

1 July 2021 4:32 PM GMT

സംസ്ഥാന അധ്യക്ഷനാകുമോ സിദ്ദു? പഞ്ചാബ് കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ തീർക്കാൻ പുതിയ ഫോർമുല
X

പഞ്ചാബ് കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ അവസാനിപ്പിക്കാൻ ഇടപെട്ട് ഗാന്ധി സഹോദരങ്ങൾ. മുഖ്യമന്ത്രി അമരീന്ദർ സിങ്ങും മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുവും തമ്മിൽ രൂക്ഷമായ തർക്കങ്ങൾ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ക്ഷീണമാകാനുള്ള നിലയിലേക്ക് നീങ്ങുമ്പോഴാണ് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും വിഷയത്തിൽ അനുരഞ്ജനനീക്കങ്ങൾ നടത്തുന്നത്. അതേസമയം, പാർട്ടിയിലെ പ്രശ്‌നങ്ങൾ രണ്ട് ആഴ്ചയ്ക്കകം പരിഹരിക്കപ്പെടുമെന്നാണ് പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് പ്രതികരിച്ചിരിക്കുന്നത്.

സിദ്ദു അധ്യക്ഷ പദവി പങ്കിടുമോ?

പഞ്ചാബിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നത വർധിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന നവജ്യോത് സിദ്ദുവിനെതിരെ രാഹുൽ ഗാന്ധി നേരത്തെ അമർഷം രേഖപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് സിദ്ദു കോൺഗ്രസ് നേതാക്കളെ കാണാനായി ഡൽഹിയിലെത്തിയത്.

പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ സിദ്ദു പ്രശ്‌നപരിഹാരത്തിന് അവരുടെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. മൂന്നു മണിക്കൂറോളം ഇവർ തമ്മിലുള്ള ചർച്ച നീണ്ടു. എന്നാൽ, സിദ്ദുവുമായി ചർച്ച നടത്താൻ ആദ്യം രാഹുൽ സന്നദ്ധനായില്ല. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചാ വാർത്തകൾ രാഹുൽ തള്ളിക്കളയുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് പ്രിയങ്ക തന്നെ രാഹുലിന്റെ വസതിയിൽ നേരിട്ടെത്തി അദ്ദേഹത്തെ അനുനയിപ്പിച്ചു.

ഈ സമയത്ത് സിദ്ദുവിനെ വീട്ടിലിരുത്തിയാണ് പ്രിയങ്ക രാഹുലിനെയും കോൺഗ്രസ് അധ്യക്ഷ കൂടിയായ അമ്മ സോണിയ ഗാന്ധിയെയും കണ്ടത്. ഈ ചർച്ചയെ തുടർന്ന് സിദ്ദുവിനെ കാണാൻ രാഹുൽ സമ്മതിക്കുകയായിരുന്നു. പിന്നീട് രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും സിദ്ദു കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള അനുരഞ്ജന ചർച്ച മുക്കാൽ മണിക്കൂറോളം നീണ്ടെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തത്.

സിദ്ദുവിന് പഞ്ചാബ് കോൺഗ്രസിന്റെ അധ്യക്ഷപദവി നൽകുകയാണ് അനുരഞ്ജന ചർച്ചയുടെ ഭാഗമായി മുന്നോട്ടുവയ്ക്കപ്പെട്ടിരിക്കുന്ന ഫോർമുല. സംസ്ഥാനത്തെ മറ്റൊരു മുതിർന്ന നേതാവിനൊപ്പം ഈ പദവി പങ്കിടുകയായിരിക്കും ചെയ്യുക. ഇതോടൊപ്പം തെരഞ്ഞെടുപ്പിനു മുന്നോടിയായി അമരീന്ദർ മന്ത്രിസഭയിലും പുനസംഘടനയുണ്ടാകും.

ഈ ഫോർമുലയ്ക്ക് പ്രിയങ്ക ഗാന്ധിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇതേക്കുറിച്ച് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നാണ് അറിയുന്നത്. രാഹുൽ ഗാന്ധിയുമായുള്ള സിദ്ദുവിന്റെ കൂടിക്കാഴ്ച നല്ല സൂചനയാണെന്നും ഇതു പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായകമാകുമെന്നും ഹരീഷ് റാവത്ത് പ്രതികരിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ടുള്ള ഒരു പ്രമേയം പുറത്തുവരുമെന്നും റാവത്ത് സൂചിപ്പിച്ചു.


അതൃപ്തിയുമായി സംസ്ഥാന നേതൃത്വം

പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇടപെടുന്നതിൽ സംസ്ഥാന നേതൃത്വത്തിൽ പലർക്കും അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. സോണിയ ഗാന്ധി, അഹ്‌മദ് പട്ടേൽ, അംബിക സോണി അടക്കമുള്ള നേതാക്കൾ പാർട്ടിക്കുള്ളിലും പുറത്തുമുള്ള തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ പേരുകേട്ടവരാണ്. എന്നാൽ, കൂടുതൽ സങ്കീർണമായിരിക്കുന്ന പഞ്ചാബിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാത്രം പ്രിയങ്കയ്ക്കും രാഹുലിനും മിടുക്കില്ലെന്നാണ് പലരും കരുതുന്നത്.

ഇതിനു പുറമെ സിദ്ദുവിനെ കേന്ദ്രീകരിച്ചു നടക്കുന്ന പ്രശ്‌ന പരിഹാര നീക്കങ്ങളിലും സംസ്ഥാന നേതൃത്വത്തിലെ പലർക്കും കടുത്ത അതൃപ്തിയുണ്ട്. സിദ്ദു പാർട്ടിക്കൊരു ബാധ്യതയാണെന്നാണ് ഇവർ പറയുന്നത്. അദ്ദേഹത്തിനു പകരം പഞ്ചാബിലെ മറ്റു നേതാക്കളുമായി ചർച്ച നടത്തി വേണം പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനെന്ന് ഇവർ പറയുന്നു.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താരപ്രചാരകനായിരുന്നു നവജ്യോത് സിദ്ദു. മികച്ച വിജയം നേടിയ അമരീന്ദർ സിങ്ങിന്റെ കോൺഗ്രസ് മന്ത്രിസഭയിൽ പ്രധാന ചുമതലകൾ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് ഉയർന്ന അഭിപ്രായ ഭിന്നതകളെത്തുടർന്ന് മന്ത്രിപദവി രാജിവയ്ക്കുകയും ചെയ്തു. അമരീന്ദർ മന്ത്രിസഭയിൽ മോശം പ്രകടനം കാഴ്ചവച്ച ഒരു നേതാവിനെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇങ്ങനെ പ്രീണിപ്പിക്കുകയും പദവികൾ നൽകി ആശ്വസിപ്പിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story