Quantcast

കളം മാറ്റിച്ചവിട്ടി നവ്‌നീത് റാണ; അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി

2009ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ലവ് ഇൻ സിംഗപൂരിൽ നായികയായിരുന്നു നവ്‌നീത്

MediaOne Logo

Web Desk

  • Published:

    28 March 2024 10:11 AM GMT

navneet kaur
X

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ലോക്‌സഭാ മണ്ഡലത്തിൽനിന്നുള്ള സ്വതന്ത്ര എംപി നവ്‌നീത് കൗർ റാണ ബിജെപിയിൽ ചേർന്നു. ബുധനാഴ്ച വൈകിട്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലയുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്. അമരാവതിയിൽനിന്ന് ഇത്തവണ ബിജെപി ചിഹ്നത്തിൽ റാണ ജനവിധി തേടും.

ഭർത്താവും എംഎൽഎയുമായ രവി റാണയ്‌ക്കൊപ്പമാണ് ഇവർ ബവൻകുലയുടെ നാഗ്പൂരിലെ വീട്ടിലെത്തിയത്. അമരാവതി, നാഗ്പൂർ, വാർധ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള അനുയായികളും അംഗത്വം സ്വീകരിച്ചു. ബിജെപി ജയിക്കുന്ന 400 സീറ്റിൽ അമരാവതിയും ഉണ്ടാകുമെന്ന് റാണ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പദ്ധതികളില്‍ ആകൃഷ്ടയായാണ് തന്‍റെ ബിജെപി പ്രവേശമെന്ന് അവര്‍ പറഞ്ഞു.

2014ൽ എൻസിപി ടിക്കറ്റിലാണ് റാണ അമരാവതി മണ്ഡലത്തിൽനിന്ന് മത്സരിച്ചത്. ശിവസേനയുടെ ആനന്ദ് റാവു അദ്‌സുളിനോട് പരാജയപ്പെട്ടു. 2019ൽ എൻസിപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ആയി വീണ്ടും മത്സരിച്ചു. ആനന്ദ് റാവുവിനെ 36,951 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്. ദർയാപൂര്‍ സിറ്റിങ് എംഎൽഎ ബൽവന്ത് വാംഘഡെയാണ് അമരാവതിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി.



റാണ ബിജെപി സ്ഥാനാർത്ഥിയാകുന്നതിൽ അമരാവതിയിലെ ബിജെപി ഘടകം എതിർപ്പുയർത്തിയിരുന്നു. ഇവരെ മണ്ഡലത്തില്‍ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രാദേശിക നേതൃത്വം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ എതിര്‍പ്പുകള്‍ അവഗണിച്ചാണ് റാണയുടെ സ്ഥാനാര്‍ത്ഥിത്വം. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന ആരോപണത്തിൽ കോടതി നടപടി നേരിടുന്ന നേതാവു കൂടിയാണ് റാണ. ഏപ്രിൽ ഒന്നിന് ഈ കേസിൽ സുപ്രിം കോടതി വിധി പറയും.

കുറച്ചുകാലത്തെ സിനിമാ ജീവിതത്തിന് ശേഷമാണ് ഇവർ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2004ൽ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. 2010 വരെ മുപ്പതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ലവ് ഇൻ സിംഗപൂരിൽ നായികയായിരുന്നു.

Summary: Maharashtra BJP President Chandrashekhar Bawankule welcomed Navneet Rana into the party wearing the BJP patka.

TAGS :

Next Story