തെലങ്കാനയിൽ ടണലിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ നാവികസേനയും
നാവികസേനയുടെ മറൈൻ കമാൻഡോസ് ആണ് രക്ഷാ ദൗത്യത്തിന്റെ ഭാഗമാകുക. തുരങ്കം പൂർണമായും അവശിഷ്ടങ്ങൾ നിറഞ്ഞ നിലയിലാണ്.

ഹൈദരാബാദ്: തെലങ്കാന നാഗർകുർണൂളിലെ ടണലിൽ കുടുങ്ങിയ തൊഴിലാളികൾക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിന് നാവികസേനയും എത്തും. നാവികസേനയുടെ മറൈൻ കമാൻഡോസ് ആണ് രക്ഷാ ദൗത്യത്തിന്റെ ഭാഗമാകുക. തുരങ്കം പൂർണമായും അവശിഷ്ടങ്ങൾ നിറഞ്ഞ നിലയിലാണ്. എൻഡോസ്കോപിക് റോബോട്ടിക് കാമറകൾ സ്ഥലത്തെത്തിച്ചു. എൻഡിആർഎഫിന്റെ ഡോഗ് സ്ക്വാഡും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാവുന്നുണ്ട്.
പണി നടക്കുന്നതിനിടെ തുരങ്കത്തിന്റെ ഒരുഭാഗം തകർന്നുവീണാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിക്കായി തൊഴിലാളികളുപയോഗിച്ചിരുന്ന ബോറിങ് മെഷിനടുത്ത് വരെ രക്ഷാപ്രവർത്തകർ എത്തിയതായി നാഗർകുർണൂൽ ജില്ലാ കളക്ടർ ബി സന്തോഷ് വ്യക്തമാക്കിയിരുന്നു. സ്ഥലത്തെ ചളി രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെയാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ജലസേചന പദ്ധതിയുടെ വമ്പൻ ടണലുകളിലൊന്നിന്‍റെ മേൽക്കൂര ഇടിഞ്ഞ് വീണത്.
ടണലിൽ എട്ടുപേർ കുടുങ്ങിയതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് എഞ്ചിനിയർമാരും ആറു തൊഴിലാളികളുമാണ് കുടുങ്ങിയിട്ടുള്ളത്. ബാക്കിയുള്ളവർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറച്ചുനാളായി നിർമാണ പ്രവർത്തനങ്ങൾ നടക്കാതിരുന്ന തുരങ്കത്തിൽ നാലു ദിവസം മുമ്പാണ് വീണ്ടും നിർമാണം ആരംഭിച്ചത്.
Adjust Story Font
16

