Quantcast

ഇന്ത്യയിൽ വിൽക്കുന്ന സെറിലാക്കിൽ പഞ്ചസാര ചേർത്ത് നെസ്‍ലെ; യു.കെയിലും യൂറോപ്പിലും 'നോ ഷുഗർ'-റിപ്പോർട്ട്

ഒരു സെർവിൽ ഏകദേശം 3 ഗ്രാം പഞ്ചസാരയാണ് സെറിലാക്കില്‍ അടങ്ങിയിട്ടുള്ളതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2024-04-18 05:26:14.0

Published:

18 April 2024 5:14 AM GMT

ഇന്ത്യയിൽ വിൽക്കുന്ന സെറിലാക്കിൽ പഞ്ചസാര ചേർത്ത് നെസ്‍ലെ; യു.കെയിലും യൂറോപ്പിലും നോ ഷുഗർ-റിപ്പോർട്ട്
X

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ നെസ്‍ലെ ഇന്ത്യയുൾപ്പെടെ വികസ്വര രാജ്യങ്ങളിൽ വിൽക്കുന്ന രണ്ട് ബേബി ഫുഡ് ബ്രാൻഡുകളിൽ ഉയർന്ന അളവിൽ പഞ്ചസാരയും തേനും ചേർക്കുന്നതായി റിപ്പോർട്ട്. അതേസമയം, യുകെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, മറ്റ് വികസിത രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിൽക്കുന്ന ഇതേ ഉൽപ്പനങ്ങളിൽ പഞ്ചസാര ചേർക്കുന്നില്ലെന്നും സ്വിസ് അന്വേഷണ സംഘടനയായ 'പബ്ലിക് ഐ'യുടെ റിപ്പോർട്ടിൽ പറയുന്നു.

നെസ്‍ലെയുടെ ധാന്യപ്പൊടിയിലും നവജാതശിശുക്കൾക്കുള്ള പാലിലും പഞ്ചസാരയും തേനും ചേർക്കുന്നത് അന്താരാഷ്ട്ര മാർഗ്ഗനിർദേശങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാർഗ്ഗനിർദേശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. എന്നാൽ ഏഷ്യന്‍, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രമാണ് ലംഘനങ്ങൾ കണ്ടെത്തിയതെന്നും റിപ്പോർട്ടിലുണ്ട്.

ഇന്ത്യയിൽ വിൽക്കുന്ന സെറിലാക്കിന്റെ ഓരോ സ്പൂണിലും മൂന്ന് ഗ്രാം പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത്. എത്യോപ്യയിലും തായ്ലൻഡിലും വിൽക്കുന്ന സെറിലാക്കിൽ ഒരു സ്പൂണിൽ ഏകദേശം 6 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പഠനം പറയുന്നു. ഇതേ ഉൽപ്പന്നം ജർമ്മനിയിലും യുകെയിലും ഒട്ടും പഞ്ചസാര ചേർക്കാതെയാണ് വിൽക്കുന്നത്. സെറിലാക്കിന്റെ പാക്കറ്റിന് പുറത്ത് പഞ്ചസാര ചേർത്തതിനെക്കുറിച്ച് സൂചിപ്പിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ സപ്ലിമെന്ററി ഷുഗർ നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

ഉയർന്ന അളവിലുള്ള പഞ്ചസാര കുഞ്ഞുങ്ങളെ ബാധിക്കുന്നതെങ്ങനെ?

കുഞ്ഞുങ്ങൾക്ക് കഴിക്കാൻ നൽകുന്ന ഉൽപന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നത് വളരെ അപകടമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് ആ ഉൽപ്പനത്തോട് ആസതി വർധിപ്പിക്കാൻ കാരണമാകുമെന്ന് ബ്രസീലിലെ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് പരൈബയിലെ എപ്പിഡെമിയോളജിസ്റ്റും ന്യൂട്രീഷൻ വിഭാഗത്തിലെ പ്രൊഫസറുമായ റോഡ്രിഗോ വിയന്ന പറയുന്നു. ചെറിയ കുട്ടികൾക്ക് നൽകുന്ന ഭക്ഷണങ്ങളിൽ ഒരിക്കലും പഞ്ചസാര ചേർക്കരുത്. ഇത് ഒട്ടും ആവശ്യമില്ലാത്ത കാര്യമാണ്. നവജാത ശിശുക്കള്‍ സ്ഥിരമായി മധുരമുള്ള രുചി ശീലിക്കുമ്പോൾ കൂടുതൽ മധുരമുള്ള ഭക്ഷണത്തോടുള്ള ആസക്തി വർധിക്കും.

മുതിരുമ്പോൾ നിരവധി രോഗങ്ങൾക്കും ഇത് ഇടയാക്കും. പൊണ്ണത്തടി, പ്രമേഹം,ഉയർന്ന രക്തസമ്മർദ്ദം പോലുള്ള മറ്റ് വിട്ടുമാറാത്ത രോഗങ്ങളിലേക്കും ഇത് നയിക്കും. എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ബേബി ഫുഡിൽ നെസ്ലെ ഇന്ത്യ ചേർത്ത പഞ്ചസാര 30 ശതമാനം വരെ കുറച്ചിട്ടുണ്ടെന്നാണ് കമ്പനി വക്താവ് ലൈവ് മിന്റിനോട് പ്രതികരിച്ചിട്ടുള്ളത്. 2022ൽ ഇന്ത്യയിൽ നെസ്ലെ വിറ്റത് 20,000 കോടിയിലധികം മൂല്യമുള്ള സെറിലാക്ക് ഉൽപ്പന്നങ്ങളാണ്.

TAGS :

Next Story