Quantcast

പണമിടപാട്, വ്യാപാര മേഖലകള്‍ ഇനി പഴയ പോലെയാകില്ല; ഇന്നുമുതല്‍ എന്തെല്ലാം മാറും?

നികുതിഘടനകളിൽ ഏർപ്പെടുത്തിയ മാറ്റങ്ങള്‍ നിരവധിയാണ്

MediaOne Logo

Web Desk

  • Updated:

    2023-04-01 01:49:37.0

Published:

1 April 2023 1:13 AM GMT

newfinancialyearbegins, reformsinthebankingbusinesssectors, financialyear2023
X

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമാകുമ്പോള്‍ പണമിടപാട്, വ്യാപാര മേഖലകളിൽ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നികുതി ഘടനകളിൽ ഏർപ്പെടുത്തിയ മാറ്റങ്ങളും നിരവധിയാണ്. പുതിയ ആദായ നികുതി സ്കീം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ ആണ് നികുതി മേഖലയിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്.

7,27,777 രൂപ വരെയുള്ള വരുമാനത്തിന് പുതിയ സ്കീം പ്രകാരം നികുതി ഒഴിവാകും. റിബേറ്റിന് നിലവിൽ ഉണ്ടായിരുന്ന അഞ്ചു ലക്ഷം രൂപ എന്ന സ്ലാബ് ഏഴു ലക്ഷമായി ഉയരും. അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക പ്രീമിയം ഉള്ള ലൈഫ് ഇൻഷുറൻസ് പോളിസികളിൽനിന്നുള്ള വരുമാനത്തിനും ഇന്നുമുതൽ നികുതി ഇളവ് ഉണ്ടായിരിക്കില്ല. മൂന്നു വർഷത്തിലധികമുള്ള ഡെറ്റ് മ്യൂചൽ ഫണ്ടുകൾക്ക് ലഭിച്ചിരുന്ന നികുതി ഇളവും ഇന്നുമുതൽ നിലയ്ക്കും.

കേരളത്തിലും പുതിയ സാമ്പത്തിക വർഷം മുതൽ നിരവധി മാറ്റങ്ങളുണ്ട്. പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സാമൂഹിക സുരക്ഷാ സെസ് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ ഇന്നുമുതലാണ് പ്രാബല്യത്തിൽ വരിക. ജ്വല്ലറികൾ വഴി ഇന്നുമുതൽ വിൽപ്പന നടത്തുന്ന സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്ക് യുനീക് ഐഡൻ്റിഫിക്കേഷൻ മുദ്ര ബി.ഐ.എസ് നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ നാലക്ക മുദ്ര ഹാൾമാർക്കിങ്ങുള്ള ആഭരണങ്ങൾ മാറ്റിയെടുക്കുന്നതിന് ഈ പരിഷ്കാരം ബാധകമല്ല.

ഡിജിറ്റൽ വാലറ്റുകൾ വഴി 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 1.1% ഇൻ്റർചേഞ്ച് ചാർജും ഇന്നുമുതൽ ഈടാക്കും. എന്നാല്‍, നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ഇടപാട് നടത്തുന്ന രാജ്യത്തെ 99.9% ഉപഭോക്താക്കളെയും നാഷണൽ പേയ്മെന്‍റ് കോർപറേഷൻ്റെ പുതിയ നിയമം ബാധിക്കില്ല. പുതുതായി വാങ്ങുന്ന ഇലക്ട്രോണിക് വാഹനങ്ങൾക്ക് ഉൾപ്പെടെ വിലകുറയുന്ന ചില പരിഷ്കാരങ്ങളും ഇന്നുമുതൽ പ്രാബല്യത്തിൽ വരും.

#മാറ്റങ്ങള്‍ രാജ്യത്ത്

1. സ്വർണത്തിന് ഇന്നുമുതൽ ആറക്ക ഹാള്‍മാര്‍ക്ക് യുനീക് ഐഡന്‍റിഫിക്കേഷന്‍(HUID) നിർബന്ധം

2. 2,000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ വാലറ്റ് വഴിയുള്ള ഇടപാടുകൾക്ക് 1.1% ഇൻ്റർചേഞ്ച് ചാർജ്

3. പോസ്റ്റ് ഓഫീസ് ഇടപാടുകൾക്ക് മൊബൈൽ നമ്പർ നിർബന്ധം

4. ഇ-വേസ്റ്റ് സംസ്കരണ ഉത്തരവാദിത്തം ഉത്പാദകർക്ക് നൽകിക്കൊണ്ടുള്ള പുതിയ ചട്ടം പ്രാബല്യത്തിൽ

5. ഓൺലൈൻ ഗെയിമുകൾക്ക് ക്രിപ്റ്റോ കറൻസി ഇടപാടിന് സമാനമായി 30% ടി.ഡി.എസ്

6. മൂന്നു വർഷത്തിൽ അധികമായ ഡെറ്റ് മ്യൂച്ചൽ ഫണ്ടുകളുടെ നികുതി ആനുകൂല്യം അവസാനിപ്പിച്ചു

7. റിബേറ്റ് പരിധി ഏഴു ലക്ഷമായി ഉയർത്തിയ പുതിയ ആദായനികുതി സ്കീം പ്രാബല്യത്തിൽ.

8. സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിൽപ്പന സംബന്ധിച്ച മോട്ടോർ വാഹന വകുപ്പ് ചട്ടം പ്രാബല്യത്തിൽ

9. മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയിൽ(SCSS) ഇരട്ടി തുക നിക്ഷേപിക്കാം

10. അഞ്ചു ലക്ഷത്തിന് മുകളിലുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളിൽനിന്നുള്ള വരുമാനത്തിന് നികുതി ഇളവില്ല

11. വീടുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട മൂലധന നേട്ട നികുതിയിളവിന്‍റെ പരിധി 10 കോടിയായി കുറച്ചു.

12. സർക്കാർ ഇതര സർവീസുകളിൽനിന്ന് വിരമിക്കുന്നവരുടെ ലീവ് സറണ്ടർ നികുതിയിളവ് പരിധി ഇനി 25 ലക്ഷം രൂപ

#മാറ്റങ്ങൾ കേരളത്തിൽ

1. പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം സാമൂഹിക സുരക്ഷ സെസ്

2. ഭൂമിയിടപാടിലെ ന്യായ വിലയിൽ 20% വർധന

3. കെട്ടിട നികുതികളിലും ഉപ നികുതികളിലും 5% വർധന

4. സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി കൂടും

5. ജുഡീഷ്യൽ കോർട്ട് ഫീ സ്റ്റാമ്പുകളുടെ നിരക്ക് വർധിക്കും

6. പുതിയ ബാച്ച് മരുന്നുകളുടെ വില വർധിക്കും

7. ക്വാറി ഉത്പന്നങ്ങളായ കരിങ്കല്ല്, ചെങ്കല്ല് എന്നിവയുടെ വില കൂടും

8. മദ്യത്തിന് ഇന്നുമുതൽ സാമൂഹിക സുരക്ഷാ സെസ്

#ഇളവുകൾ ഇങ്ങനെ

1. പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 5% ആക്കി കുറച്ചു

2. ആറു മാസത്തിനുള്ളിൽ വാങ്ങിയ ഭൂമി വീണ്ടും വിൽക്കുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിച്ച ഉത്തരവ് പ്രാബല്യത്തിലില്ല

3. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്വകാര്യസ്കൂൾ വാഹനങ്ങളുടെ മൂന്നു മാസത്തേക്കുള്ള നികുതി 1000 രൂപയാക്കി കുറച്ചു

4. ജീവകാരുണ്യ സംഘടനകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയുടെ വാഹനങ്ങൾക്കുള്ള നികുതി സർക്കാർ സ്കൂളുകളുടേതിന് സമാനമാക്കി

5. സ്വകാര്യ ബസ്, കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് ത്രൈമാസ നികുതിയില് 10% ഇളവ്

6. സർക്കാർ എയ്ഡഡ് വിദ്യാലയങ്ങൾ സൗജന്യമായി ഉപയോഗിക്കുന്ന കളിസ്ഥലങ്ങൾ, വായനശാലകൾ എന്നിവയ്ക്ക് കെട്ടിട നികുതിയില്ല

7. 30 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള കെട്ടിടത്തിൽ താമസിക്കുന്ന ബി.പി.എൽ കുടുംബത്തിന് കെട്ടിട നികുതിയില്ല

Summary: As the new financial year begins, the reforms in the banking and business sectors will come into effect from today

TAGS :

Next Story