Quantcast

ജൂൺ ഒന്നു മുതൽ പുതിയ നിയമങ്ങൾ; സാമ്പത്തികമായി നിങ്ങളെ ബാധിച്ചേക്കാവുന്ന അഞ്ച് മാറ്റങ്ങൾ ഇവയാണ്

ഗ്യാസ് സിലിണ്ടർ മുതൽ ഫിക്‌സഡ് ഡെപ്പോസിറ്റിനും ക്രെഡിറ്റ് കാർഡിനും വരെ മാറ്റങ്ങളുണ്ടാകും

MediaOne Logo

Web Desk

  • Published:

    29 May 2025 2:22 PM IST

ജൂൺ ഒന്നു മുതൽ പുതിയ നിയമങ്ങൾ; സാമ്പത്തികമായി നിങ്ങളെ ബാധിച്ചേക്കാവുന്ന അഞ്ച് മാറ്റങ്ങൾ ഇവയാണ്
X

ന്യൂഡൽഹി: എല്ലാ മാസത്തെയും ഒന്നാം തീയതികളിൽ ചില മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. വരാനിരിക്കുന്ന ജൂൺ ഒന്നു മുതൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങൾ സാധാരണക്കാരന്റെ ജീവിത സാഹചര്യത്തെയും സാമ്പത്തിക ചുറ്റുപാടിനെയും കാര്യമായി തന്നെ ബാധിച്ചേക്കും. എൽപിജി ഗ്യാസ് സിലിണ്ടർ മുതൽ ക്രെഡിറ്റ് കാർഡിനു വരെ മാറ്റങ്ങളുണ്ടാകും. ജൂണിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഏതൊക്കെയെന്നറിയാം...

ഇപിഎഫ്ഒ

ഇപിഎഫ്ഒ ജീവനക്കാർക്ക് ജൂണിൽ വലിയൊരു ആശ്വാസം ലഭിച്ചേക്കാം. പിഎഫ് പിൻവലിക്കൽ, ഡാറ്റ അപ്ഡേറ്റ് ചെയ്യൽ, ക്ലൈം ചെയ്യൽ തുടങ്ങിയവ എളുപ്പമാക്കുന്ന ഇപിഎഫ്ഒയുടെ പുതിയ പതിപ്പായ 3.0 സർക്കാർ പുറത്തിറക്കാൻ പോകുന്നു. ഇതിന്റെ കീഴിൽ എടിഎമ്മിൽ കാർഡുപയോഗിച്ച് പിൻവലിക്കുന്ന അതേ രീതിയിൽ കാർഡുപയോഗിച്ച് പണം പിൻവലിക്കാൻ കഴിയും.

ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ ജൂൺ ഒന്നു മുതൽ നിലവിൽ വന്നേക്കും. ഓട്ടോ - ഡെബിറ്റ് നടക്കാതിരുന്നാൽ രണ്ടു ശതമാനം പിഴ ഏർപ്പെടുത്തിയേക്കും. യൂട്ടിലിറ്റി ബില്ലിനും ഇന്ധന ചെലവുകൾക്കും അധിക ചാർജ്, അന്താരാഷ്ട്ര ഇടപാടുകൾക്കും അധിക ചാർജ് എന്നിവയും ഈടാക്കും. റിവാർഡ് പോയിന്റ് സിസ്റ്റത്തിലും മാറ്റം വന്നേക്കും.

എടിഎം വഴി പണം പിൻവലിക്കുന്നതിന് പുതിയ നിരക്കുകൾ

എടിഎം വഴിയുള്ള പണമിടപാടുകളിലും അടുത്ത മാസത്തോടെ മാറ്റം വന്നേക്കാം. പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിരക്കിലാണ് വർധനവുണ്ടാകാൻ പോകുന്നത്. സൗജന്യ പരിധിക്കപ്പുറത്തുള്ള ഇടപാടിനാണ് നിരക്കു വർധന ബാധകമാവുക. മേയിൽ എടിഎം കൗണ്ടറുകൾ വഴി പണം പിൻവലിക്കുന്നതിൽ നൽകേണ്ട നിരക്കുകൾ വർധിപ്പിച്ചിരുന്നു. 21 രൂപയിൽ നിന്നും 23 രൂപയായാണ് നിരക്ക് ഉയർത്തിയത്.

എൽപിജി സിലിണ്ടർ

എല്ലാ മാസവും ആദ്യ ദിവസം എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റം വരാറുണ്ട്. പാചകവാതക ഗ്യാസിലുണ്ടാകുന്ന വിലയിലെ മാറ്റങ്ങൾ സാധാരണ കുടുംബങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ജൂൺ ഒന്നു മുതൽ ഗ്യാസിന്റെ വില കൂടാനും കുറയാനും സാധ്യതയുണ്ട്. സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന ഈ മാറ്റം ഏറെ പ്രാധാന്യമുള്ളതാണ്.

ഫിക്സ്ഡ് ഡെപോസിറ്റിന്റെ പലിശ നിരക്ക്

ഫിക്സ്ഡ് ഡെപോസിറ്റിന്റെ പലിശ നിരക്കിലും അടുത്ത മാസം ആദ്യത്തിൽ മാറ്റമുണ്ടായേക്കും. 6.5 മുതൽ 7.5 ശതമാനം വരെയാണ് നിലവിൽ മിക്ക ബാങ്കുകളും നൽകുന്ന പലിശ നിരക്ക്. ഇത് കുറയാൻ സാധ്യതയുണ്ടെന്നാണ് അനുമാനങ്ങൾ.

TAGS :

Next Story