Quantcast

പുതിയ യുപിഐ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഒക്ടോബര്‍ 15ന് പ്രാബല്യത്തില്‍ വരും; വ്യാപാരികള്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യത

പുതിയ നിയമപ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള ഉപഭോക്തൃ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് അഞ്ച് രൂപ നിരക്കില്‍ ഈടാക്കും

MediaOne Logo

Web Desk

  • Updated:

    2026-09-15 15:13:34

Published:

15 Sept 2026 8:03 PM IST

പുതിയ യുപിഐ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഒക്ടോബര്‍ 15ന് പ്രാബല്യത്തില്‍ വരും; വ്യാപാരികള്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യത
X

ന്യൂഡല്‍ഹി: പരിഷ്‌കരിച്ച യുപിഐ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഒക്ടോബര്‍ 15ന് പ്രാബല്യത്തില്‍ വരും. പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനമുള്ള ചെറുകിട വ്യാപാരികളെ എംഡിആര്‍ നിരക്കുകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമപ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള ഉപഭോക്തൃ ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ വാലറ്റുകള്‍ വ്യാപാരികളില്‍ നിന്ന് അഞ്ച് രൂപ നിരക്കില്‍ ഈടാക്കും.

ഓരോ ഉയർന്ന ഇടപാടുകൾക്കും 0.4 ശതമാനം ചാര്‍ജ് നൽകണമെന്നാണ് ഉത്തരവ്. എന്നാൽ 2000ത്തിന് താഴെയുള്ള പെയ്മെന്റുകള്‍ക്ക് ഈ തുക ബാധകമല്ല. അതേസമയം റെയില്‍വേ സേവനം, ഇന്ധനം എന്നിവക്ക് പണം ഈടാക്കും. 75,000 രൂപയോ അതിന് മുകളിലോ ഉള്ള വലിയ ഇടപാടുകള്‍ക്ക് 300 രൂപ ചാര്‍ജായി നല്‍കണം. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ സൗജന്യമായി തുടരുകയും ചെയ്യും.

എന്നാൽ പുതിയ പരിഷ്‌കാരം വ്യാപാരികള്‍ക്ക് തിരിച്ചടിയാകാനാണ് സാധ്യത. കേന്ദ്രത്തിന്റെ പുതിയ എംഡിആര്‍ പദ്ധതിക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അമേരിക്കന്‍ സമ്മര്‍ദത്തിന് മുന്നില്‍ കീഴടങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അമേരിക്കന്‍ പെയ്മെന്റ് കമ്പനികള്‍ ഇന്ത്യയുടെ സീറോ-എംഡിആര്‍ നയത്തെ ദീര്‍ഘകാലമായി എതിര്‍ത്തുപോരുകയായിരുന്നു. ഇപ്പോള്‍, മോദി സര്‍ക്കാര്‍ ഈ നയത്തില്‍ കൃത്യമായി മാറ്റം വരുത്താനുള്ള വഴി തുറന്നിരിക്കുകയാണ്. യുഎസ് ട്രേഡ് ഡീലിന്റെ കാര്യത്തിലെന്നപോലെ, ആത്മാഭിമാനം പണയപ്പെടുത്തുകയാണ് പ്രധാനമന്ത്രിയെന്നും രാഹുല്‍ വിമര്‍ശിച്ചു.

ജനങ്ങളില്‍ നിന്ന് പണം പിരിക്കാന്‍ നരേന്ദ്ര മോദി പുതിയൊരു പദ്ധതി കൊണ്ടുവന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ജനങ്ങളെ പരമാവധി കൊള്ളയടിക്കുകയാണ് മോദിയുടെ ലക്ഷ്യം. നിലവില്‍ സ്വന്തം കൂട്ടുകാരുടെ ഖജനാവ് നിറയ്ക്കാനാണ് മോദി ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാര്‍ ഏതാനും വ്യവസായികളുടേതാണെന്നും നരേന്ദ്ര മോദി അവരുടെ ഏജന്റാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

TAGS :

Next Story