Quantcast

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഒരു സീറ്റ് ഒഴിഞ്ഞാൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തങ്ങള്‍ക്ക് ആറ് മാസത്തെ സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

MediaOne Logo

Web Desk

  • Updated:

    2023-03-29 07:54:16.0

Published:

29 March 2023 7:29 AM GMT

Rajeev Kumar
X

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട്ടില്‍ നിന്നുള്ള ലോക്സഭാ എം.പിയുമായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രഖ്യാപനമുണ്ടായില്ല. ഒരു സീറ്റ് ഒഴിഞ്ഞാൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തങ്ങള്‍ക്ക് ആറ് മാസത്തെ സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

''ഒരു സീറ്റ് ഒഴിഞ്ഞാൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ ഞങ്ങൾക്ക് ആറ് മാസത്തെ സമയമുണ്ട്. 30 ദിവസം വിചാരണ കോടതി രാഹുൽ ഗാന്ധിക്ക് നൽകിയിട്ടുണ്ട്. അതിനാൽ, ഞങ്ങൾ കാത്തിരിക്കും'' തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍, നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയിരുന്നു.കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം വയനാട്ടിലും പ്രഖ്യാപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

എം.പി സ്ഥാനത്ത് നിന്നു അയോഗ്യനാക്കി കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റാണ് വിജ്ഞാപനമിറക്കിയത്. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടിൽ ജാമ്യം ലഭിക്കുകയും ചെയ്തു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് കേസിനാധാരം. 'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുൽ പ്രസംഗിച്ചത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.

അതേസമയം രാഹുലിനെ അയോഗ്യനാക്കിയനടപടിക്കെതിരായ കോൺഗ്രസ് സമരപരമ്പരകൾക്ക് തുടക്കമായി . ജയ് ഭാരത് സത്യഗ്രഹത്തിന്‍റെ ആദ്യ ദിനമായ ഇന്ന് രാജ്യത്തെ 35 പ്രധാനപ്പെട്ട നഗരങ്ങളിൽ കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനം നടത്തും. ഡൽഹിയിലെ അംബേദ്കർ ഭവന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഏകദിന സത്യഗ്രഹം നടത്തി . ഏപ്രിൽ 8 വരെ നീളുന്ന സമര പരിപാടികൾക്കാണ് കോൺഗ്രസ് രൂപം നൽകിയിരിക്കുന്നത്. തുഗ്ലക്ക് ലൈനിലെ ഔദ്യോഗിക വസതിയിൽ നിന്ന് വീട്ടുപകരണങ്ങൾ മാറ്റുന്നത് വേഗത്തിലാക്കാൻ രാഹുൽ ഗാന്ധി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡൽഹി ഛത്തർപൂരിലെ രാഹുലിന്‍റെ ഫാംഹൗസിലേക്ക് ആണ് സാധനങ്ങൾ മാറ്റാൻ ഒരുങ്ങുന്നത്.

TAGS :

Next Story