'ഇന്‍ഷുറന്‍സില്ലെങ്കിൽ ഇനി പിഴ മാത്രമല്ല, വണ്ടിയും പിടിച്ചെടുക്കും'; ഭേദഗതിയുമായി എംവിഡി
ഭേദഗതി വരുത്തിക്കൊണ്ടുള്ള നിർദേശങ്ങൾ വൈകാതെ ഉദ്യോഗസ്ഥർക്ക് കൈമാറും

- Updated:
2026-01-13 13:34:57.0

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റുകള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്താനാണ് നീക്കം. ഭേദഗതി വരുത്തിക്കൊണ്ടുള്ള നിര്‍ദേശങ്ങള്‍ വൈകാതെ സംസ്ഥാനതലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
സമീപകാലത്ത്, ഇന്ത്യന്‍ നിരത്തുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങള്‍ വ്യാപകമായതാണ് ഭേദഗതിയിലേക്ക് വഴിതുറന്നിട്ടത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം മൊത്തം വാഹനങ്ങളുടെ 56 ശതമാനവും ഇന്‍ഷുറന്‍സില്ലാതെ നിരത്തിലിറങ്ങുന്നതാണെന്നാണ് കഴിഞ്ഞ വര്‍ഷം സുപ്രിംകോടതി നിരീക്ഷിച്ചത്.
നിലവിലെ നിയമമനുസരിച്ച്, പെര്‍മിറ്റില്ലാത്തതോ രജിസ്‌ട്രേഷനില്ലാത്തതോ ആയ വാഹനങ്ങള്‍ക്കെതിരെ മാത്രമാണ് നടപടിയെടുക്കാനാവുക. എന്നാല്‍, ഭേദഗതിയിലൂടെ ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ക്കെതിരെയും മോട്ടോര്‍ വാഹനവകുപ്പിന് നടപടിയെടുക്കാം. കൃത്യമായ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ നിരത്തിലിറക്കുന്ന ഒരു മില്യണിലധികം വാഹനങ്ങളെ ഇതുവഴി നിരത്തില്‍ നിന്ന് ഒഴിവാക്കാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണം.
ഇന്‍ഷുറന്‍സില്ലാതെ നിരത്തിലിറക്കുന്നതില്‍ അധികവും ഇരുചക്രവാഹനങ്ങളാണെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകള്‍. നിലവില്‍ ഇന്‍ഷുറന്‍സില്ലാതെ റോഡിലിറക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുകയാണ് ചെയ്യാറുള്ളത്. ആദ്യം 2000 രൂപയും ആവര്‍ത്തിച്ചാല്‍ 4000 രൂപയും മൂന്ന് മാസം തടവുമാണ് നിലവിലെ നിയമപ്രകാരം ശിക്ഷാനടപടി. ഈ നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്.
Adjust Story Font
16
