Quantcast

റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കാൻ കഴിയില്ല: കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

രാജ്യസഭയില്‍ ഇടത് എം.പിമാരുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി

MediaOne Logo

Web Desk

  • Published:

    23 March 2023 1:38 PM GMT

റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കാൻ കഴിയില്ല: കേന്ദ്രമന്ത്രി പീയുഷ് ഗോയൽ
X

ഡല്‍ഹി: റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. താങ്ങുവില പ്രഖ്യാപിക്കുന്ന 25 കാർഷിക വിളകളുടെ കൂട്ടത്തിൽ റബ്ബർ ഉൾപ്പെടുന്നില്ല. വിവിധ മാനദണ്ഡങ്ങൾ പ്രകാരമാണ് വിളകളെ എം.എസ്.പി പരിധിയിൽ ഉൾപ്പെടുത്തുന്നത്. റബ്ബറിനെ അതിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. രാജ്യസഭയില്‍ ഇടത് എം.പിമാരുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി

കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു എം.പിയുമില്ല എന്ന വിഷമം കുടിയേറ്റ ജനത മാറ്റിത്തരാമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞതോടെയാണ് കേരളത്തില്‍ റബ്ബര്‍ വില ചര്‍ച്ച വീണ്ടും സജീവമായത്- "റബ്ബറിന് വിലയില്ല, വിലത്തകര്‍ച്ചയാണ്. ആരാ ഉത്തരവാദി, ആരും ഉത്തരവാദികളല്ല. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബ്ബറിന്റെ വില 250 രൂപയാക്കാന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ല എന്ന സത്യമോര്‍ക്കുക. നമുക്ക് കേന്ദ്രസര്‍ക്കാരിനോട് പറയാം നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ എടുക്കുക. നിങ്ങള്‍ക്ക് ഒരു എം.പി പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം"- കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു ബിഷപ്പിന്‍റെ പരാമര്‍ശം.

എന്നാല്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞതില്‍ വസ്തുതാപരമായി പിശകുണ്ട്. അദ്ദേഹത്തിന്‍റെ തലശ്ശേരി രൂപതയുടെ കീഴിലുള്ള പ്രദേശങ്ങളില്‍ ഒന്നല്ല, മൂന്ന് ബി.ജെ.പി എം.പിമാരുണ്ട്. ആ മൂന്നു എം.പിമാരില്‍ ഒരാള്‍ കേന്ദ്രമന്ത്രിയുമാണ്. തലശ്ശേരി രൂപതയ്ക്ക് കീഴിലെ ദക്ഷിണ കന്നട, ചിക്‍മംഗളൂരു, കുടക് എന്നീ പ്രദേശങ്ങളെ കുറിച്ചാണ്. എന്നിട്ടും കര്‍ണാടകയില്‍ റബ്ബര്‍ വില ഇടിഞ്ഞുതന്നെ തുടരുകയാണ്.

തലശ്ശേരി രൂപതയുടെ കീഴിലുള്ള ദക്ഷിണ കന്നട മണ്ഡലത്തിലെ എം.പി ബി.ജെ.പി നേതാവായ നളിന്‍ കുമാര്‍ കട്ടീലാണ്. മൂന്നു തവണയാണ് ഈ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഉഡുപ്പി - ചിക്‍മംഗളൂരു മണ്ഡലത്തില്‍ വിജയിച്ച ശോഭ കരന്തലജെ നിലവില്‍ കേന്ദ്രമന്ത്രിയാണ്. കേന്ദ്ര കാര്‍ഷിക, കര്‍ഷകക്ഷേമ സഹമന്ത്രിയാണ് ശോഭ കരന്തലജെ. റബ്ബര്‍ കൃഷിക്ക് പേരുകേട്ട കുടക് ജില്ല ഉള്‍പ്പെടുന്ന മൈസൂരു ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച പ്രതാപ് സിംഹയും ബി.ജെ.പി നേതാവാണ്. പക്ഷെ റബ്ബര്‍ വില കുതിച്ചുയര്‍ന്നില്ല. സ്വന്തം രൂപതയ്ക്ക് കീഴിലുള്ള ഈ പ്രദേശങ്ങളുടെ അവസ്ഥ അറിഞ്ഞിട്ടാണോ അറിയാതെയാണോ ആര്‍ച്ച് ബിഷപ്പിന്‍റെ പരാമര്‍ശമെന്ന് വ്യക്തമല്ല.

TAGS :

Next Story