Quantcast

വീട്ടുകാരുടെ ഇഷ്ടമില്ലാതെ വിവാഹം; ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി

വാദങ്ങൾ പരിശോധിച്ച ശേഷം, ഹരജിക്കാർക്ക് ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി റിട്ട് ഹരജി തീർപ്പാക്കി.

MediaOne Logo

Web Desk

  • Published:

    17 April 2025 11:03 AM IST

No police protection for couples marrying against parents wish Says Allahabad High Court
X

ലഖ്നൗ: മാതാപിതാക്കളുടെ സമ്മതമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് പൊലീസ് സുരക്ഷ ഒരുക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും യഥാർഥത്തിൽ ഭീഷണിയില്ലെങ്കിൽ പൊലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു.

പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും ആരും തങ്ങളുടെ സമാധാനപരമായ ദാമ്പത്യ ജീവിതത്തിൽ ഇടപെടരുതെന്ന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ശ്രേയ കേസർവാനി എന്ന യുവതിയും ഭർത്താവും സമർപ്പിച്ച അപേക്ഷ പരി​ഗണിക്കവെയാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടെ നിരീക്ഷണം. വാദങ്ങൾ പരിശോധിച്ച ശേഷം, ഹരജിക്കാർക്ക് ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി റിട്ട് ഹരജി തീർപ്പാക്കി.

അർഹമായ കേസിൽ ദമ്പതികൾക്ക് സുരക്ഷ നൽകാൻ കോടതിക്ക് കഴിയുമെന്നും എന്നാൽ ഭീഷണിയുടെ അഭാവത്തിൽ ദമ്പതികൾ പരസ്പരം പിന്തുണയ്ക്കാനും സമൂഹത്തെ അഭിമുഖീകരിക്കാനും പഠിക്കണമെന്നും ഉത്തരവിൽ പറയുന്നു. 'സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ പോയവർക്ക് സംരക്ഷണം നൽകാൻ കോടതികൾ ഉദ്ദേശിച്ചിട്ടില്ലെന്ന സുപ്രിംകോടതി വിധിയുടെ വെളിച്ചത്തിൽ ഈ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകുന്നതിന് ഒരു ഉത്തരവും പുറപ്പെടുവിക്കേണ്ട ആവശ്യമില്ല' എന്ന് കോടതി വ്യക്തമാക്കി.

ഹരജിക്കാരുടെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലാണെന്ന് നിഗമനത്തിലെത്താൻ തക്ക യാതൊരു കാരണവും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ഹരജിക്കാരുടെ ബന്ധുക്കൾ ഹരജിക്കാരെ ശാരീരികമോ മാനസികമോ ആയി ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് തെളിയിക്കാൻ തക്കവിധം തെളിവിന്റെ ഒരു കണിക പോലുമില്ലെന്നും കോടതി പറഞ്ഞു.

കൂടാതെ, കുടുംബക്കാരുടെ നിയമവിരുദ്ധമായ പെരുമാറ്റത്തിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ ബന്ധപ്പെട്ട പൊലീസ് അധികാരികൾക്ക് ഹരജിക്കാർ പരാതി സമർപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചിത്രകൂട് ജില്ലയിലെ പൊലീസ് സൂപ്രണ്ടിന് ഹരജിക്കാർ ഒരു നിവേദനം സമർപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഭീഷണിയെന്തെങ്കിലും ഉണ്ടോയെന്ന് പൊലീസ് കണ്ടെത്തിയാൽ നിയമപ്രകാരം ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും പറഞ്ഞു.

ആരെങ്കിലും അവരോട് മോശമായി പെരുമാറുകയോ കൈയേറ്റം ചെയ്യുകയോ ചെയ്താൽ കോടതികളും പൊലീസ് അധികാരികളും അവരെ രക്ഷിക്കാൻ എത്തുമെന്നും ജഡ്ജി വ്യക്തമാക്കി. നിലവിൽ ഹരജിക്കാർക്ക് സുരക്ഷ ഒരു അവകാശമായി അവകാശപ്പെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹരജി തീർപ്പാക്കിയത്.

TAGS :

Next Story