Quantcast

സ്പെഷ്യല്‍ മസാലദോശക്കൊപ്പം സാമ്പാര്‍ നല്‍കിയില്ല; ബിഹാര്‍ റസ്റ്റോറന്‍റിന് 3500 രൂപ പിഴ

ഹരജിക്കാരന് സാമ്പാര്‍ നല്‍കാത്തതുമൂലം മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    13 July 2023 11:02 AM GMT

masala dosa
X

പ്രതീകാത്മക ചിത്രം

പറ്റ്ന: മസാല ദോശക്കൊപ്പം സാമ്പാര്‍ നല്‍‌കാത്തതിന് ബിഹാറിലെ റസ്റ്റോറന്‍റിന് 3500 രൂപ പിഴ ചുമത്തി കോടതി. ബക്സറിലുള്ള നമാക് റസ്റ്റോറന്‍റിനാണ് പിഴയിട്ടത്. ഹരജിക്കാരന് സാമ്പാര്‍ നല്‍കാത്തതുമൂലം മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി.

റസ്റ്റോറന്‍റിന് പിഴയടക്കാൻ 45 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. പിഴ അടക്കുന്നതില്‍ പരാജയപ്പെട്ടാൽ, പിഴ തുകയുടെ 8 ശതമാനം പലിശ ഈടാക്കും. 140 രൂപയാണ് നമാക് റസ്റ്റോറന്‍റിലെ സ്പെഷ്യല്‍ മസാലദോശയുടെ വില. ദോശയ്‌ക്കൊപ്പം സാമ്പാറും ചട്‌ണിയുമാണ് കോമ്പിനേഷന്‍. ഇത് എല്ലാ ഭക്ഷണശാലകളും വിളമ്പാറുണ്ട്.

കഴിഞ്ഞ വര്‍ഷം ആഗസ്ത് 15നാണ് സംഭവം. അഭിഭാഷകനായ മനീഷ് ഗുപ്ത തന്‍റെ പിറന്നാളായതുകൊണ്ട് മസാല ദോശ കഴിക്കാൻ തീരുമാനിച്ച് നമക് റെസ്റ്റോറന്‍റില്‍ എത്തി.സ്പെഷ്യല്‍ മസാല ദോശയാണ് ഓര്‍ഡര്‍ ചെയ്തത്. എന്നാൽ, സാധാരണയായി ദോശയ്‌ക്കൊപ്പം വിളമ്പാറുള്ള സാമ്പാര്‍ ഉണ്ടായിരുന്നില്ല. ക്ഷുഭിതനായ മനീഷ് ഇതേക്കുറിച്ച് റസ്റ്റോറന്‍റില്‍ അന്വേഷിച്ചു. റസ്റ്റോറന്‍റ് ഉടമയില്‍ നിന്നും മോശം പ്രതികരണമാണ് ഉണ്ടായത്. "നിങ്ങൾക്ക് മുഴുവൻ റെസ്റ്റോറന്‍റും 140 രൂപയ്ക്ക് വാങ്ങണോ?" എന്നാണ് അയാള്‍ ചോദിച്ചത്. മനീഷ് റെസ്റ്റോറന്‍റിന് വക്കീൽ നോട്ടീസ് അയച്ചു. ഉടമയിൽ നിന്ന് പ്രതികരണം ലഭിക്കാതായതോടെ ജില്ലാ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകി.11 മാസത്തിന് ശേഷം ഉപഭോക്തൃ കമ്മീഷൻ ചെയർമാൻ വേദ് പ്രകാശ് സിംഗ്, അംഗം വരുൺ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റസ്റ്റോറന്‍റ് കുറ്റക്കാരാണെന്ന് കണ്ടെത്തി 3,500 രൂപ പിഴ ചുമത്തുകയും ചെയ്തു.വ്യവഹാരച്ചെലവായി 1500 രൂപയും അടിസ്ഥാന പിഴയായി 2000 രൂപയും എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് പിഴ ചുമത്തിയത്.

TAGS :

Next Story