Quantcast

ഹരിദ്വാറിലെ വിദ്വേഷപ്രസംഗം; കൊലപാതകം നടക്കാത്തതിനാൽ യു.എ.പി.എ ചുമത്താൻ പറ്റില്ലെന്ന് പൊലീസ്

അറസ്റ്റിലായ ആൾക്കെതിരെ എഫ്.ഐ.ആറിൽ ചുമത്തിയത് നിസാര വകുപ്പെന്ന് ആരോപണം

MediaOne Logo

Web Desk

  • Published:

    25 Dec 2021 7:33 AM GMT

ഹരിദ്വാറിലെ വിദ്വേഷപ്രസംഗം; കൊലപാതകം നടക്കാത്തതിനാൽ  യു.എ.പി.എ ചുമത്താൻ പറ്റില്ലെന്ന് പൊലീസ്
X

ഹരിദ്വാറിൽ മുസ്ലീങ്ങൾക്കെതിരെ വംശീയ ആക്രമത്തിന് ആഹ്വാനം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ആൾക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ലെന്ന് ഡി.ജി.പി അശോക് കുമാർ. മതസമ്മേളനം അക്രമത്തിനോ കൊലപാതകത്തിനോ വഴിയൊരുക്കാത്തതിനാൽ യുഎപിഎ ചുമത്താനാവില്ലെന്നും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ 17 മുതൽ 19 വരെ ഹരിദ്വാറിലെ നികേതൻ ധാമിൽ നടന്ന ധർമ്മ സൻസദ് പരിപാടിയിലാണ് മുസ്ലീങ്ങളെ വംശീയമായി ഉന്മൂലം ചെയ്യണമെന്ന് ഹിന്ദുത്വ നേതാക്കൾ ആഹ്വാനം ചെയ്തത്. സംഭവം വിവാദമായതോടെ ജിതേന്ദ്രനാരായണൻ ത്യാഗി എന്ന വസീം റിസ്‌വിയെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിദ്വേഷം നിറഞ്ഞ വീഡിയോകൾ ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ചതായും പൊലീസ് അറിയിച്ചു.

ഐപിസി സെക്ഷൻ 153 എ (മതത്തിന്റെ പേരിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ) പ്രകാരം അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. നിസാരമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന ആരോപണവും ഡി.ജി.പി നിഷേധിച്ചു. സമ്മേളനം നടന്ന് നാലുദിവസത്തിന് ശേഷമാണ് ഒരാൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായത്.പരിപാടിയിൽ കുട്ടികൾ വാളുകളും ത്രിശൂലങ്ങളും വീശിയതിനെ കുറിച്ച് ചോദിച്ചപ്പോൾ അവ പരമ്പരാഗതമായ കാര്യങ്ങളാണെന്നും അവർ ആയുധങ്ങൾ വാങ്ങിയിട്ടില്ലെന്നും അവിടെ ആയുധഫാക്ടറിയില്ലെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരുന്നതാണെന്നും പൊലീസ് പറഞ്ഞു.

സമ്മേളനത്തിൽ യതി നരസിംഹാനന്ദ് ഹിന്ദു യുവാക്കളോട് മുസ്ലീങ്ങൾക്കെതിരെ ആയുധമെടുക്കാൻ ഹിന്ദുക്കളെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെയും വീഡിയോയിൽ വിദ്വേഷ പ്രസംഗം നടത്തിയ മറ്റുള്ളവരെയും നിയമപ്രകാരം ചോദ്യം ചെയ്യുമെന്നാണ് പൊലീസ് പറഞ്ഞത്. നരസിംഹാനന്ദിനെതിരെ ഉത്തർപ്രദേശിലും ഡൽഹിയിലും നിരവധി കേസുകൾ നിലവിലുണ്ട്. ഈ വർഷം ആദ്യം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശത്തിനെതിരെ ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

മുഹമ്മദ് നബിയെക്കുറിച്ച് എഴുതിയ പുസ്തകത്തിലെ ആക്ഷേപകരമായ ഉള്ളടക്കത്തിന് റിസ് വിക്കെതിരെ സംസ്ഥാന പോലീസ് കേസെടുത്തിട്ടുണ്ടെന്നും കുമാർ പറഞ്ഞു. ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡിന്റെ മുൻ ചെയർമാനായിരുന്ന റിസ് വി അടുത്തിടെ നരസിംഹാനന്ദ് പങ്കെടുത്ത ചടങ്ങിലാണ് ഹിന്ദുമതം സ്വീകരിച്ചത്.

പരിപാടിയിൽ ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണ, ഹിന്ദു രക്ഷാസേന പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരി, ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ, ബിജെപി മഹിളാമോർച്ച നേതാവ് ഉദിത ത്യാഗി തുടങ്ങിയവരും വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ഇതിനെതിരെ രാജ്യത്തിനകത്തും പുറത്തും നിന്ന് വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

TAGS :

Next Story