അമ്മയുടെ പ്രായവുമായി 15 വർഷത്തെ മാത്രം വ്യത്യാസം; നൊബേൽ ജേതാവ് അമർത്യ സെന്നിനും എസ്ഐആർ സമൻസ്
കമ്മീഷന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി

- Updated:
2026-01-08 07:26:11.0

കൊൽക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും ബംഗാളി നടനും ടിഎംസി എംപിയുമായ ദേവിനും പിന്നാല സാമ്പത്തിക നൊബേൽ ജേതാവ് അമർത്യ സെന്നിനും എസ്‌ഐആർ ഹിയറിംഗ് സമൻസ് അയച്ച് പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കമ്മീൻ. തെരഞ്ഞെടുപ്പ് പരിശോധനാ പ്രക്രിയയുടെ ഭാഗമാണിതെന്നും വ്യക്തികളെ ലക്ഷ്യമിട്ടുള്ള നടപടിയല്ലെന്നും പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസറുടെ (സിഇഒ) ഓഫീസ് പറഞ്ഞു.
പ്രശസ്തരായ പല വ്യക്തികൾക്കും നോട്ടീസ് നൽകിയത്, ബംഗാളിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. ഫോമുകൾ പരിശോധിച്ചപ്പോൾ നിർബന്ധമായി പൂരിപ്പിക്കേണ്ടുന്ന കോളങ്ങൾ ശൂന്യമായി വിട്ടിരുന്നതായി കണ്ടെത്തിയെന്നാണ് സിഇഒ നൽകുന്ന വിശദീകരണം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം അനുസരിച്ച്, അത്തരം കേസുകളിൽ സ്വയമേവ വാദം കേൾക്കേണ്ടി വരുമെന്നും കമ്മീഷൻ പറയുന്നു. എന്യൂമറേഷൻ ഫോമിൽ നൽകിയ അമർത്യ സെന്നിന്റെയും അമ്മയുടെയും പ്രായവ്യത്യാസം 15 വയസ്സിൽ കുറവായതിനാൽ, ERO നെറ്റ് പോർട്ടൽ പൊരുത്തക്കേട് കണ്ടെത്തിയതായും സിഇഒയുടെ ഓഫീസ് പറഞ്ഞു.
രവീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച ശാന്തിനികേതനിലാണ് അമർത്യ സെൻ വോട്ട് രേഖപ്പെടുത്തുന്നത്. 2014ലാണ് അദ്ദേഹം അവസാനമായി വോട്ട് ചെയ്തത്.
വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആർ) ചോദ്യംചെയ്ത് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. കമ്മീഷന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബിജെ.പിയുടെയും തെരഞ്ഞെടുപ്പ് കമീഷന്റെയും ബംഗാളി വിരുദ്ധ നിലപാടാണ് നൊബേൽ സമ്മാന ജേതാവായ ആൾക്കുപോലും ഹിയറിങ് നോട്ടീസ് അയക്കുന്നതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി കുറ്റപ്പെടുത്തി.
Adjust Story Font
16
