Quantcast

"എവിടെയും പോകുന്നില്ല"; രാജസ്ഥാൻ എംഎൽഎമാർക്ക് ഉറപ്പ് നൽകി അശോക് ഗെഹ്‌ലോട്ട്

എവിടെ പോയാലും രാജസ്ഥാനിൽ സേവനം തുടരുമെന്നും മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാൻ പദ്ധതിയില്ലെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്

MediaOne Logo

Web Desk

  • Published:

    21 Sep 2022 3:36 AM GMT

എവിടെയും പോകുന്നില്ല; രാജസ്ഥാൻ എംഎൽഎമാർക്ക് ഉറപ്പ് നൽകി അശോക് ഗെഹ്‌ലോട്ട്
X

ജയ്പൂർ: പുതിയ അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടെ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കോൺഗ്രസിനെ ഗെഹ്‌ലോട്ട് തന്നെ നയിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്നലെ രാത്രിയാണ് അശോക് ഗെഹ്‌ലോട്ട് എംഎൽഎമാരെ കണ്ടത്. താൻ എവിടെയും പോകുന്നില്ലെന്ന് എംഎൽഎമാർക്ക് ഗെഹ്‌ലോട്ട് ഉറപ്പ് നൽകിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

'നാമനിർദേശ പത്രിക സമർപ്പിക്കും. എന്നാൽ, എവിടെയും പോകില്ല. നിങ്ങളിൽ നിന്ന് അകലെയായിരിക്കില്ല'; ഗെഹ്‌ലോട്ട് പറഞ്ഞതായി വൃത്തങ്ങൾ പറയുന്നു. എവിടെ പോയാലും രാജസ്ഥാനിൽ സേവനം തുടരുമെന്നും മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാൻ പദ്ധതിയില്ലെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് പാർട്ടി അധ്യക്ഷനായി ഡൽഹിയിലേക്ക് മാറിയാൽ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന്റെ എതിരാളിയായ സച്ചിൻ പൈലറ്റിന് ലഭിക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ഗെഹ്‌ലോട്ടിന്റെ ഇടപെടൽ.

അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഗെഹ്‌ലോട്ട് ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സച്ചിന് പകരം തന്റെ അനുയായികളിൽ ഒരാളെ മുഖ്യമന്ത്രിയാകാനുള്ള ശ്രമം ഗെഹ്‌ലോട്ട് നടത്തുന്നുണ്ട്. ഇതിനോട് ഹൈക്കമാൻഡ് യോജിച്ചിട്ടില്ല. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. ഇതിന് ശേഷം ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയെ കാണാൻ ഗെഹ്‌ലോട്ട് കേരളത്തിലേക്ക് വരുമെന്നാണ് വിവരം.

TAGS :

Next Story