അലിഗഡ്, ജാമിയ മില്ലിയ സർവകലാശാലകളിലെ ഒബിസി പ്രാതിനിധ്യം; പാർലമെന്ററി പാനൽ ചോദ്യം ചെയ്യും
നിലവിൽ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളെ അടിസ്ഥാനമാക്കി രണ്ട് സ്ഥാപനങ്ങളും സംവരണം നൽകാത്ത സാഹചര്യത്തിൽ മുസ്‌ലിം ഒബിസി സമുദായങ്ങൾക്ക് പ്രത്യേക ക്വാട്ടകൾ നൽകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുകയാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്

ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രാലയം, അലിഗഡ് മുസ്‌ലിം സർവകലാശാല, ജാമിയ മില്ലിയ ഇസ്ലാമിയ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പാർലമെന്ററി കമ്മിറ്റി ജൂൺ 13ന് കൂടിക്കാഴ്ച നടത്തും. വിദ്യാർഥി പ്രവേശനത്തിലും തൊഴിലിലും ഒബിസി പ്രാതിനിധ്യം ഉറപ്പാക്കാൻ സർവകലാശാലകൾ സ്വീകരിച്ച നടപടികൾ പാനൽ അവലോകനം ചെയ്യും. നിലവിൽ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളെ അടിസ്ഥാനമാക്കി രണ്ട് സ്ഥാപനങ്ങളും സംവരണം നൽകാത്ത സാഹചര്യത്തിൽ മുസ്‌ലിം ഒബിസി സമുദായങ്ങൾക്ക് പ്രത്യേക ക്വാട്ടകൾ നൽകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുകയാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്.
'പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്ക് ക്വാട്ട നൽകാത്ത ന്യൂനപക്ഷ സ്ഥാപനങ്ങളാണിവ. മുസ്‌ലിം ഒബിസി വിഭാഗങ്ങൾക്ക് പ്രത്യേക ക്വാട്ട എന്തുകൊണ്ട് നൽകുന്നില്ല എന്നതാണ് കമ്മിറ്റി പ്രധാനമായും വിലയിരുത്തുക.' പാനലിലെ ഒരു അംഗം പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പ്രവേശനത്തിനോ ജോലിക്കോ സാമൂഹിക-സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കിയുള്ള ഒരു സംവരണ നയവും അലിഗഡ് മുസ്‌ലിം സർവകലാശാലാക്കില്ല.
2011-ൽ വിജ്ഞാപനം ചെയ്ത സംവരണ നയപ്രകാരം ജാമിയ മില്ലിയയിൽ പ്രവേശനത്തിന് മുസ്‌ലിം വിദ്യാർത്ഥികൾക്ക് 30% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഇതിൽ 10% മുസ്‌ലിം സ്ത്രീകൾക്കും 10% മുസ്‌ലിം ഒബിസി, പട്ടികവർഗ വിഭാഗങ്ങൾക്കും സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ തൊഴിൽ മേഖലയിൽ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് ജെഎംഐ സംവരണം നൽകുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിക്കുന്നു. 'ജാമിയ മില്ലിയ ഒരു ന്യൂനപക്ഷ സ്ഥാപനമായിട്ട് പോലും എസ്‌സി, എസ്ടി, ഒബിസി എന്നിവർക്കുള്ള സംവരണ നയം നടപ്പിലാക്കുന്നില്ല.' വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ പാർലമെന്റിൽ പറഞ്ഞു. 'ജാമിഅയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച വിഷയം നിലവിൽ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു
Adjust Story Font
16

