ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ പെൺകുട്ടി സ്കൂൾ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി; ഗുരുതരാവസ്ഥയില്‍
അഞ്ചു പേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്

ജയ്പൂര്‍: ബലാത്സംഗശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പെണ്‍കുട്ടിക്ക് പരിക്ക്. ഒഡിഷയിലെ ജാജ്പൂർ ജില്ലയിലാണ് സംഭവം. അഞ്ചു പേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. കിയോഞ്ജർ ജില്ലയിൽ താമസിക്കുന്ന പെൺകുട്ടി സഹോദരനൊപ്പം സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ബസില്‍ നിന്നിറങ്ങുമ്പോള്‍ പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. സമീപത്തുള്ള സ്കൂള്‍ കെട്ടിടത്തില്‍ കയറിനിന്ന് മഴ മാറിയതിനു ശേഷം യാത്ര തുടര്‍ന്നാല്‍ മതിയെന്ന് ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രതികള്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം പെണ്‍കുട്ടിയും സഹോദരനും സ്കൂളില്‍ അഭയം തേടി. ഈ സമയത്ത് പ്രതികളായ അഞ്ചു പേരും വീണ്ടും സ്ഥലത്തെത്തി. അവര്‍ കൂട്ടം കൂടി സഹോദരനെ ആക്രമിക്കുകയും ഓടിച്ചുവിടുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി പെണ്‍കുട്ടി സ്കൂളിന്‍റെ മേല്‍ക്കൂരയിലേക്ക് കയറി. അവിടെ നിന്നും താഴേക്കു ചാടുകയും ചെയ്തു.
വീഴ്ചയുടെ ആഘാതത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. സഹായം തേടിയുള്ള സഹോദരന്‍റെ നിലവിളി കേട്ട് നാട്ടുകാർ സ്ഥലത്തെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കലിംഗനഗറിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.
Adjust Story Font
16

