Quantcast

'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്'; എന്താണ്? എങ്ങനെയാണ്?

പദ്ധതി പ്രാബല്യത്തിലാകണമെങ്കിൽ സുപ്രധാന ഭരണഘടനാ ഭേദഗതികൾ ആവശ്യമാണ്

MediaOne Logo

Web Desk

  • Updated:

    2024-03-14 11:56:25.0

Published:

14 March 2024 11:54 AM GMT

Fridays election should be changed: Kerala Muslim Jamaath
X

ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച 'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' പദ്ധതി യാഥാർത്ഥ്യത്തോട് അടുക്കുകയാണ്. വിഷയം പഠിക്കാനായി നിയോഗിച്ച, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി പദ്ധതിക്ക് പച്ചക്കൊടി കാട്ടി രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചു. 2019ൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു 'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്'. പ്രതിപക്ഷത്തിന്റെ കനത്ത എതിർപ്പുകൾക്കും രാഷ്ട്രീയ വിദഗ്ധർ ഉയർത്തുന്ന ആശങ്കകൾക്കും നടുവിലാണ് സർക്കാർ പദ്ധതിയുമായി മുമ്പോട്ടു പോകുന്നത്.

എന്താണ് 'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്'?

ഒരേ വർഷം, ഒരേ സമയത്ത് ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പദ്ധതിയാണിത്. നിലവിൽ കേന്ദ്ര-സംസ്ഥാന സഭകളിലേക്ക് വിവിധ സമയങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സ്വാതന്ത്ര്യത്തിന് ശേഷം അറുപതുകളുടെ മധ്യം വരെ നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണ് നടന്നിരുന്നത്. എന്നാൽ വിവിധ സംസ്ഥാന നിയമസഭകൾ ഇടക്കാലയളവിൽ വീണതോടെ അവിടങ്ങളിൽ തെരഞ്ഞെടുപ്പുകൾ വേണ്ടി വന്നു.

പുതിയ നിർദേശപ്രകാരം രണ്ടു ചുവടായാണ് തെരഞ്ഞെടുപ്പുകൾ ക്രമീകരിക്കുക. 1- ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തും. 2-100 ദിവസങ്ങൾക്ക് ശേഷം രാജ്യത്തെ മുനിസിപ്പൽ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഒരേസമയം സംഘടിപ്പിക്കും.

എല്ലാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്യാൻ ഒരു തിരിച്ചറിയൽ കാർഡ് ആയിരിക്കും ഉണ്ടാകുക. രാജ്യത്തുടനീളം ഏക തെരഞ്ഞെടുപ്പ് പട്ടികയും തയ്യാറാക്കും.

എന്തുകൊണ്ട് പദ്ധതി?

തെരഞ്ഞെടുപ്പുകൾക്ക് വരുന്ന ഭീമമായ ചെലവ് കുറയ്ക്കാമെന്നതാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാർ മുമ്പോട്ടു വയ്ക്കുന്ന പ്രധാനവാദം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിവിധ സമയങ്ങളിൽ വിന്യസിക്കുന്നത് പൊതുഖജനാവിന് കൂടുതൽ ചെലവുണ്ടാക്കുന്നു, ഇതു കുറയ്ക്കാം. രാഷ്ട്രീയപ്പാർട്ടികൾക്ക് പ്രചാരണച്ചെലവു കുറയ്ക്കാം തുടങ്ങിയ കാര്യങ്ങളും സർക്കാർ ചൂണ്ടിക്കാട്ടുന്നു. പോളിങ് ശതമാനം കൂട്ടാനും ഒരേസമയ തെരഞ്ഞെടുപ്പ് കാരണമാകുമെന്നും സർക്കാർ പറയുന്നു. പദ്ധതി പ്രാബല്യത്തിലായാൽ അയ്യായിരം കോടിയെങ്കിലും ലാഭിക്കാം എന്നാണ് സർക്കാരിന്റെ അവകാശവാദം.





രാജ്യത്തിന്റെ വൈവിധ്യത്തെയും ബഹുസ്വരതയെയും തകർക്കുന്നതാണ് ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെന്ന് ഇതിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങളുടെ സവിശേഷമായ രാഷ്ട്രീയസാഹചര്യങ്ങളും പ്രാദേശിക വിഷയങ്ങളും ചർച്ച ചെയ്യാനുള്ള അവസരം ഇല്ലാതാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ അധികാരങ്ങൾ കുറയ്ക്കുന്നു, രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ ഇല്ലാതാക്കുന്നു തുടങ്ങിയ കാതലായ വിമർശനങ്ങളും പദ്ധതിക്കെതിരെയുണ്ട്.

പദ്ധതി എങ്ങനെ?

ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് പദ്ധതി പ്രാബല്യത്തിലാകണമെങ്കിൽ സുപ്രധാന ഭരണഘടനാ ഭേദഗതികൾ ആവശ്യമാണ്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അനുമതിയും ആവശ്യമാണ്. ഭേദഗതി വരുത്താതെയാണ് നിയമം കൊണ്ടുവരുന്നത് എങ്കിൽ അത് രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിന് ഭീഷണി ഉയർത്തുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 83 (പാർലമെന്റിന്റെ കാലാവധി), ആർട്ടിക്കിൾ 85 (രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിടുന്നത്), ആർട്ടിക്കിൾ 172 (സംസ്ഥാന നിയമസഭകളുടെ കാലാവധി), ആർട്ടിക്കിൾ 174 (സംസ്ഥാന നിയമസഭകൾ പരിച്ചുവിടുന്നത്), ആർട്ടിക്കിൾ 356 (രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്), ആർട്ടിക്കിൾ 324 (തെരഞ്ഞെടുപ്പ് കമ്മിഷന്റെ മേൽനോട്ട അധികാരം), ആർട്ടിക്കിൾ 325 (വോട്ടർപട്ടികയുമായി ബന്ധപ്പെട്ടത്) എന്നീ വകുപ്പുകളിലാണ് ഭേദഗതി വരുത്തേണ്ടത്.




ഒരു സംസ്ഥാന സർക്കാറോ, അല്ലെങ്കിൽ കേന്ദ്രസർക്കാർ തന്നെയോ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തിൽ നിന്ന് പുറത്തായാൽ എങ്ങനെയായിരിക്കും ഭരണം എന്നതാകും പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി. നിയമസഭ പിരിച്ചുവിടപ്പെട്ടാൽ രാഷ്ട്രപതി ഭരണം എന്ന പോംവഴി ഭരണഘടനയിലുണ്ട്. നിലവിൽ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അവിശ്വാസത്താലോ മറ്റോ ഒരു മന്ത്രിസഭ വേഗത്തിൽ വീണാൽ അവിടെ ദീർഘകാലത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാതിരിക്കുന്നത് കേന്ദ്രത്തിന് കൂടുതൽ അധികാരം നൽകുന്ന സാഹചര്യത്തിന് വഴിയൊരുക്കും. രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്ക് വെല്ലുവിളിയുമുയർത്തും.

തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിന് മാത്രമേ സംസ്ഥാന നിയമസഭകളുടെ അനുമതി വേണ്ടതുള്ളൂ, ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് അത് വേണ്ടതില്ല എന്നാണ് വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നത്.

എന്ന് നടപ്പാകും?

2029ൽ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. അങ്ങനെയാണ് എങ്കിൽ 2026ൽ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, 2027ൽ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്, 2028ൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി വെട്ടിച്ചുരുക്കും. ഇക്കാര്യം രാംനാഥ് കോവിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്.

രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കുന്ന തിയ്യതി മുതലാണ് സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമാകുക. അഥവാ, തൊട്ടടുത്തു വരുന്ന പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ നിയമസഭകളുടെ കാലാവധി അവസാനിക്കും.

Summary: Panel headed by Ram Nath Kovind gives green signal for One Nation One Election

TAGS :

Next Story