ഇന്ത്യയിൽ ആദ്യ ഓഫീസ് തുറക്കാനൊരുങ്ങി ഓപ്പൺ എഐ; നിരവധി തൊഴിലവസരങ്ങൾ
2025 അവസാനത്തോടെയാണ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യ ഓഫീസ് തുറക്കാനൊരുങ്ങി ഓപ്പൺ എഐ. 2025 അവസാനത്തോടെ ഡൽഹിയിലാണ് ഓഫീസ് പ്രവർത്തനമാരംഭിക്കുന്നത്. നിലവിൽ മൂന്ന് തസ്തികകളിലേക്കുള്ള നിയമനം ആരംഭിച്ചു. അക്കൗണ്ട് ഡയറക്ടർ നേറ്റീവ്സ്-സ്ട്രാറ്റജിക്സ്, പബ്ലിക് പോളിസി ആന്റ് പാർട്ണർഷിപ്പ് ലീഡ് എന്നീ തസ്തികകളിലാണ് നിയമനം. അതത് മേഖലയിൽ കുറഞ്ഞത് ഏഴ് വർഷം പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരം.
ആഗോള എഐ ഭീമനാകാനുള്ള എല്ലാ പ്രാഗത്ഭ്യവും ഇന്ത്യക്കുണ്ടെന്നും സർക്കാറിന്റെ പിന്തുണയോടെ ലോകോത്തര നിലയിലേക്ക് വിപണി വ്യാപിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ പറഞ്ഞു. ഇന്ത്യയിലുടനീളം മികച്ച എഐ ലഭ്യമാക്കുന്നതിലേക്കുള്ള ആദ്യ ചുവടാണിതെന്നും സാം കൂട്ടിച്ചേർത്തു. ചാറ്റ് ജിപിടി ഉപയോക്താക്കളുടെ എണ്ണത്തിൽ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉപയോക്താക്കളുടെ എണ്ണത്തിൽ നാലിരട്ടി വർധനവാണുണ്ടായത്. ആഗോളതലത്തിൽ ഓപ്പൺ എഐ പ്ലാറ്റ്ഫോമുകളിൽ വികസിച്ചു വരുന്ന മികച്ച അഞ്ച് വിപണികളിലൊന്നായ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥി ഉപയോക്താക്കളുള്ളത്.
സാധാരണക്കാരിലേക്ക് വിപണി എത്തിക്കുന്നതിനോടൊപ്പം സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയോടൊപ്പം ചേർന്നായിരിക്കും ഇന്ത്യയിൽ ഓപ്പൺ എഐ പ്രവർത്തിക്കുക. ഇന്ത്യക്ക് വേണ്ടി രൂപകൽപന ചെയ്ത പ്രത്യേക പദ്ധതികളുടെ ഭാഗമായാണ് ഈ വിപുലീകരണം. യുപിഐ പേയ്മെന്റുകൾക്കൊപ്പം പ്രതിമാസം 399 രൂപ സബ്സ്‌ക്രിപ്ഷനുള്ള ചാറ്റ് ജിപിടി ഗോ, ഐടി മന്ത്രാലയവുമായി സഹകരിച്ചുള്ള ഓപ്പൺ എഐ അക്കാദമി എന്നിവ ഇതിന്റെ ഭാഗമാണ്.
Adjust Story Font
16

