Quantcast

ഓപ്പറേഷന്‍ ഗംഗ തുടരുന്നു ; 11ാമത്തെ വിമാനം ഡൽഹിയിലെത്തി

ഇന്ത്യയിൽ നിന്ന് 6 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രക്ഷാദൗത്യത്തിനായി പുറപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2022-03-02 05:01:48.0

Published:

2 March 2022 4:14 AM GMT

ഓപ്പറേഷന്‍ ഗംഗ തുടരുന്നു ; 11ാമത്തെ വിമാനം ഡൽഹിയിലെത്തി
X

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള പതിനൊന്നാമത്തെ വിമാനം ഡല്‍ഹിയില്‍ ലാൻഡ് ചെയ്തു. ബുക്കാറസ്റ്റിൽ നിന്നുള്ള വിമാനമാണ് ഡല്‍ഹിയിലെത്തിയത്. 269 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യയിൽ നിന്ന് 6 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രക്ഷാദൗത്യത്തിനായി പുറപ്പെട്ടത്. 1377 ഇന്ത്യക്കാരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേ സമയം ഷെഹിനി അതിർത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഇന്ത്യക്കാർ ഒഴിവാക്കണം എന്ന് എംബസി അറിയിച്ചു.

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കൂടുതൽ വിമാനങ്ങൾ ഇന്നെത്തും. ബുക്കാറസ്റ്റിനും ബുഡാപെസ്റ്റിനും പുറമെ സ്ലൊവാക്യ, റഷ്യ വഴിയുള്ള രക്ഷാപ്രവർത്തനം സാധ്യമാക്കാൻ ആണ് ശ്രമം തുടരുന്നത്. അതെ സമയം രക്ഷാ പ്രവർത്തനത്തിനായി കൂടുതൽ വിമാനങ്ങളും ഇന്ന് മുതൽ രംഗത്തുണ്ട്. എയർ ഇന്ത്യക്ക് പുറമെ ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളും രക്ഷാ ദൗത്യത്തിന്‍റെ ഭാഗമായിട്ടുണ്ട്. നിലവിൽ രക്ഷാ പ്രവർത്തനം നടക്കുന്ന ഹംഗറി, റുമേനിയ എന്നീ രാജ്യങ്ങൾക്ക് പുറമെ പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിൽ നിന്നും രക്ഷാ പ്രവർത്തനത്തിന്‍റെ ഭാഗമായുള്ള വിമാനങ്ങൾ എത്തിത്തുടങ്ങും. ഇന്ത്യൻ വ്യോമസേനകൂടി ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്നതോടെ രക്ഷാ പ്രവർത്തനത്തിന് കൂടുതൽ കരുത്ത് ലഭിക്കും.

നേരത്തെ പുറത്ത് വിട്ട കണക്കുകൾ പ്രകാരം 3 വിമാനങ്ങളാണ് ഇന്ന് എത്തുമെന്ന് അറിയിച്ചിരുന്നത് എങ്കിലും കൂടുതൽ വിമാനങ്ങളിൽ ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തിരിച്ചെത്തിക്കും. കിയവിൽ നിന്ന് ട്രൈന്‍ മാര്‍‌ഗം എത്തിയ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുമ്പോൾ കൂടുതൽ വിദ്യാർത്ഥികൾ എംബസി നിർദ്ദേശപ്രകാരം കിഴക്കൻ മേഖലകളിൽ നിന്ന് അതിർത്തിയിലേക്ക് എത്തുന്നുണ്ട്. രക്ഷാ പ്രവർത്തനത്തിന്‍റെ ഏകോപനത്തിനായി കേന്ദ്ര മന്ത്രിമാരും വിവിധ അതിർത്തികളിൽ ഉണ്ട്. ഓപ്പറേഷൻ ഗംഗയിലെ പതിനൊന്നാം വിമാനം കൂടി എത്തിയതോടെ ഇത് വരെ ഇരുന്നൂറിലേറെ മലയാളികൾ ഉൾപ്പടെ രണ്ടായിരത്തിലേറെ ഇന്ത്യക്കാർ തിരിച്ചെത്തിയിട്ടുണ്ട്.


TAGS :

Next Story