Quantcast

കാർഷിക നിയമം പിൻവലിച്ചത് മോദി സർക്കാറിനെതിരെ ജനങ്ങൾ നേടിയ വിജയമെന്ന് പ്രതിപക്ഷം

നിയമം കേന്ദ്രസർക്കാർ പിൻവലിച്ചെന്നും പാർലമെന്റ് സമ്മേളനത്തിൽ ഇക്കാര്യം അറിയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ രാജ്യത്തെ അഭിംസബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പ്രഖ്യാപിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-11-19 06:06:36.0

Published:

19 Nov 2021 4:48 AM GMT

കാർഷിക നിയമം പിൻവലിച്ചത് മോദി സർക്കാറിനെതിരെ ജനങ്ങൾ നേടിയ വിജയമെന്ന് പ്രതിപക്ഷം
X

വിവാദമായ മൂന്നു കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ പിൻവലിച്ചത് മോദി സർക്കാറിനെതിരെ ജനങ്ങൾ നേടിയ വിജയമെന്ന് പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും. നിയമം കേന്ദ്രസർക്കാർ പിൻവലിച്ചെന്നും പാർലമെന്റ് സമ്മേളനത്തിൽ ഇക്കാര്യം അറിയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ രാജ്യത്തെ അഭിംസബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പ്രഖ്യാപിക്കുകയായിരുന്നു.

തീരുമാനത്തിന് പിന്നിൽ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയമാണെന്നും പാർലമെന്റിൽ തിരുത്തുംവരെ സമരംതുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. താങ്ങുവിലയിൽ മാത്രമല്ല, മറ്റ് വിഷയങ്ങളും കർഷകരുമായി കേന്ദ്രം ചർച്ച ചെയ്യണമെന്നും ടിക്കായത്ത് ട്വിറ്ററിൽ കുറിച്ചു. നിയമം പിൻവലിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അന്നദാതാക്കളുടെ സമരത്തിന് മുന്നിൽ അഹങ്കാരം കീഴടങ്ങിയെന്നും പ്രധാനപ്രതിപക്ഷമായ കോൺഗ്രസ് വ്യക്തമാക്കി. കർഷകർക്ക് വൈകി കിട്ടിയ നീതിയാണെന്നായിരുന്നു മുതിർന്ന നേതാവ് എ.കെ ആന്റണി പ്രതികരിച്ചത്. നരേന്ദ്ര മോദിയുടെ പതനത്തിന്റെ തുടക്കമാണ് നിയമത്തിൽ നിന്നുള്ള പിന്മാറ്റമെന്ന് സിപിഎം അഭിപ്രായപ്പെട്ടപ്പോൾ, കണ്ണു തുറപ്പിച്ചത് ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയെന്ന് എ. വിജയരാഘവൻ പറഞ്ഞു. കർഷകരുടെ വിജയമാണ് തീരുമാനമെന്ന് കിസാൻ സഭ പറഞ്ഞു.

എല്ലാ പഞ്ചാബികളുടെയും ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചതെന്നും കാർഷിക നിയമങ്ങൾ പിൻവലിച്ച പ്രധാനമന്ത്രിക്ക് നന്ദിയുണ്ടെന്നും പഞ്ചാബിലെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങ് ട്വിറ്ററിൽ കുറിച്ചു. ബിജെപിയുടെയും മോദിയുടെയും പതനത്തിന്റെ തുടക്കമാണ് ഈ പിന്മാറ്റമെന്നും മോദിയുടെ വാക്കുകളെ പൂർണമായി വിശ്വാസത്തിലെടുക്കുന്നില്ലെന്നും സിപിഎം പി ബി അംഗം എം എ ബേബി പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് തീരുമാനത്തിന് പിന്നിലെന്നും എം എം ബേബി പറഞ്ഞു. ജനാധിപത്യ ബോധം കൊണ്ടല്ല നിയമം പിൻവലിക്കാൻ കേന്ദ്രം തയ്യാറായതെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം കൊണ്ടാണ് വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതെന്നും എളമരം കരീം എംപി പറഞ്ഞു. നിരവധി കർഷരുടെ ജീവൻ ബലിയർപ്പിച്ച് നേടിയ വിജയമാണിതെന്നും എളമരം കരീം പറഞ്ഞു.

ഐതിഹാസികമായ കർഷക സമരത്തിനു വിജയമെന്നും സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നതെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചത് മറ്റു വഴികളില്ലാത്തത് കാരണമെന്നും കരി നിയമങ്ങൾ പിൻവലിച്ചതോടെ കോൺഗ്രസ് പാർലമെന്റിന് അകത്തും പുറത്തും നടത്തിയ സമരങ്ങൾ ശരിയായിരുന്നുവെന്ന് തെളിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സംഘ് ഫാഷിസത്തെ പരാജയപ്പെടുത്താനുള്ള ഏക വഴി വിപുലമായ ജനകീയ സമരമാണെന്ന് വീണ്ടും തെളിയിച്ചെന്ന് വെൽഫയർ പാർട്ടി അഭിപ്രായപ്പെട്ടു. പിൻമാറാത്ത പോരാട്ടമാണ് രാജ്യം ആവശ്യപ്പെടുന്ന രാഷ്ട്രീയ പ്രവർത്തനം എന്ന സന്ദേശമാണ് കൃഷിക്കാരുടെ നിശ്ചയ ദാർഡ്യം പകർന്ന് നൽകുന്നതെന്നും വെൽഫയർ പാർട്ടി പറഞ്ഞു.

വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ നിയമം മൂലമുണ്ടായ ബുദ്ധിമുട്ടിൽ കർഷകരോട് പ്രധാനമന്ത്രി മാപ്പു പറഞ്ഞാണ് രണ്ട് വർഷത്തേക്ക് നിയമം നടപ്പാക്കുന്നത് നീട്ടിവെക്കുമെന്നും പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും മൂന്ന് കാർഷിക പരിഷ്‌കരണ നിയമങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ നിയമം എന്തുകൊണ്ട് പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞില്ല. സമരം അവസാനിപ്പിക്കാനും കർഷരോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

നിയമങ്ങൾ രാജ്യത്താകമാനം ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയാക്കിയിരുന്നു. ഇവയാണ് അഞ്ചു സംസ്ഥാനങ്ങളിലടക്കം നിരവധി തെരഞ്ഞെടുപ്പകൾ നടക്കാനിരിക്കെ മോദി സർക്കാർ പിൻവലിച്ചിരിക്കുന്നത്. ഒരു വർഷം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് നടപടി. വരുന്ന ശൈത്യകാല പാർലമെൻറ് സമ്മേളനത്തിലാണ തുടർനടപടി ഉണ്ടാകുക. നിയമം പിൻവലിച്ചില്ലെങ്കിൽ പാർലമെൻറിലേക്കും എം.പിമാരുടെ ഓഫിസുകളിലേക്കും കർഷക സംഘടനകൾ മാർച്ച് പ്രഖ്യാപിച്ചിരുന്നു.

അധികാരത്തിലെത്തിയ ശേഷം കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവെന്നും ചെറുകിട കർഷകർക്കായി കേന്ദ്രം വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടെ അധിക വരുമാനം കർഷകർക്ക് ലഭിക്കാൻ പുതിയ നിയമങ്ങൾക്ക് സഹായിച്ചു. പ്രഥമ പരിഗണന നൽകിയത് കർഷകരുടെ ക്ഷേമത്തിനാണ്. നഷ്ടപരിഹാരമായി ഒരു ലക്ഷം കോടി കർഷകർക്ക് നൽകി. മുൻ വർഷങ്ങളേക്കാൾ കാർഷിക ഉത്പാദനം വർധിപ്പിക്കാൻ കഴിഞ്ഞു. കർഷകരുടെ ക്ഷേമം പരിഗണിച്ചാണ് സർക്കാർ എല്ലാം ചെയ്യുന്നത്. താങ്ങുവില കൂട്ടി, ബജറ്റ് അഞ്ചിരട്ടി വിഹിതം വർധിപ്പിച്ചു. നഷ്ടപരിഹാരമായി ഒരു ലക്ഷം കോടി കർഷകർക്ക് നൽകി. കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സർക്കാർ എല്ലാം ചെയ്യുന്നുണ്ട് - പ്രധാനമന്ത്രി അവകാശപ്പെട്ടു.

കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും എന്നാൽ ഒരു വിഭാഗത്തെ ഇപ്പോഴും ഇത് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും കർഷകരുമായി ഇപ്പോഴും ആശയവിനിമയം നടത്തികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരുനാനാക്ക് ദിനത്തിൽ ആശംസ പറഞ്ഞ പ്രധാനമന്ത്രി ഒന്നര വർഷത്തിന് ശേഷം കർത്താർപൂർ ഇടനാഴി തുറന്നതായും അറിയിച്ചു.

കാർഷിക പരിഷ്‌കരണ നിയമങ്ങൾ സംബന്ധിച്ച കേസ് സുപ്രീംകോടതിയിലെത്തിയിരുന്നു. തുടർന്ന് വിഷയം ചർച്ച ചെയ്യാൻ ഉന്നതതല സമിതി വേണമെന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. എന്നാൽ കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ഏഴോളം ചർച്ചകൾ പരാജയപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതോടെയാണ് ചർച്ച പരാജയപ്പെട്ടിരുന്നത്. നിയമം പാസ്സാക്കുന്നതിന് മുൻപ് മതിയായ കൂടിയാലോചനകൾ സർക്കാർ നടത്തിയില്ലെന്ന് കോടതി വിമർശിച്ചു. മൂന്ന് കാർഷിക പരിഷ്‌കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരുമായുള്ള ചർച്ചയിൽ സമവായം ഉണ്ടാക്കാത്തതിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കേസിൽ വാദം കേട്ടിരുന്നത്. നിയമം തത്കാലത്തേക്ക് മരവിപ്പിച്ചു കൊണ്ട് ചർച്ചകൾ നടത്തി കൂടെ എന്ന് കോടതി ചോദിച്ചിരുന്നു.

കർഷകരുടെ പ്രതിസന്ധി ഇല്ലാതാക്കുന്നതോടൊപ്പം പുതിയ അവകാശങ്ങളും അവസരങ്ങളും നൽകുന്നതാണ് കാർഷിക നിയമങ്ങളെന്ന് മൻ കി ബാത്തിൽ മുമ്പ് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മതിയായ ചർച്ചകൾക്ക് ശേഷമാണ് നിയമങ്ങൾ കൊണ്ടുവന്നത്. വർഷങ്ങളായുള്ള കർഷകരുടെ ആവശ്യമാണ് നിയമം നടപ്പാക്കിയതിലൂടെ സാക്ഷാത്കരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

TAGS :

Next Story