Quantcast

16 യൂട്യൂബ് ചാനലുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു

ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് നിരോധനം. ഇതേകാരണം ചൂണ്ടിക്കാണിച്ച് മൂന്നാഴ്ച മുമ്പ് 18 യൂട്യൂബ് ചാനലുകൾ നിരോധിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    25 April 2022 2:27 PM GMT

16 യൂട്യൂബ് ചാനലുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു
X

ന്യൂഡൽഹി: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആറ് ചാനലുകളടക്കം 16 യൂട്യൂബ് ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും കേന്ദ്രസർക്കാർ നിരോധിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് നിരോധനം. ഇതേകാരണം ചൂണ്ടിക്കാണിച്ച് മൂന്നാഴ്ച മുമ്പ് 18 യൂട്യൂബ് ചാനലുകൾ നിരോധിച്ചിരുന്നു.

ഐ.ടി നിയമങ്ങളിലെ 'അടിയന്തര അധികാരങ്ങൾ' ഉപയോഗിച്ച കേന്ദ്രസർക്കാർ ഐടി നിയമത്തിലെ 18-ാം വകുപ്പ് പ്രകാരം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് വിവരങ്ങൾ ലഭ്യമാക്കിയില്ലെന്നും ചൂണ്ടിക്കാട്ടി. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആറ് ചാനലുകളും ഇന്ത്യയിൽ പ്രവർത്തിക്കുന്ന 10 ചാനലുകളുമടക്കം നിരോധിക്കപ്പെട്ട ചാനലുകൾക്ക് 68 കോടിയിലേറെ കാഴ്ചക്കാരുണ്ട്. ഇവർ രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാനും സമുദായ സൗഹാർദം തകർക്കാനും പൊതുക്രമം തകർക്കുന്നതിനുമായി തെറ്റായതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യ ആസ്ഥാനമായുള്ള ചില ചാനലുകൾ ഒരു സമുദായത്തെ തീവ്രവാദികളായി ചിത്രീകരിക്കുകയും വിവിധ മതവിഭാഗങ്ങളിലെ അംഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും ചെയ്തു. അത്തരം ഉള്ളടക്കം സാമുദായിക പൊരുത്തക്കേട് സൃഷ്ടിക്കാനും പൊതുക്രമം തകർക്കാനും സാധ്യതയുള്ളതായി കണ്ടെത്തിയെന്നും വാർത്താവിതരണ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാനലുകൾ ഇന്ത്യൻ സൈന്യത്തെക്കുറിച്ചും ജമ്മു കശ്മീരിനെക്കുറിച്ചും യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതായി മന്ത്രാലയം പറഞ്ഞു.

ഡൽഹി സംഘർഷം, യുക്രൈൻ യുദ്ധം തുടങ്ങിയവ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളോ തെറ്റായ വാർത്തകളോ പ്രസിദ്ധീകരിക്കരുതെന്നും ശനിയാഴ്ച സ്വകാര്യ വാർത്താചാനലുകൾക്ക് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകിയിരുന്നു.

TAGS :

Next Story