കേരളമടക്കം പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത അഞ്ച് സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ വളർത്താൻ പന്നപ്രമുഖ്
ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് സ്വാധീനമില്ലെന്ന തിരിച്ചറിവിൽ നിന്നാണ് തീരുമാനം

കേരളമടക്കം ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത അഞ്ച് സംസ്ഥാനങ്ങളിൽ പാർട്ടിയെ വളർത്താൻ 'പന്ന പ്രമുഖുകളെ' നിയമിക്കാനൊരുങ്ങി ബി.ജെ.പി ദേശീയ കമ്മിറ്റി. പ്രാദേശിക തലത്തിൽ ബൂത്ത് തല പ്രവർത്തനങ്ങൾക്ക് ശക്തി പകരാനാണ് പന്ന പ്രമുഖുകളെ നിയമിക്കുന്നത്. വോട്ടേഴ്‌സ് ലിസ്റ്റിലെ ഓരോ പേജിലെ അംഗങ്ങളെ സ്വാധീനിക്കാൻ ഓരോ അംഗങ്ങളെ വീതമാണ് നിയമിക്കുക.
ഇത് പ്രകാരം പാർട്ടിക്ക് സ്വാധീനമില്ലാത്ത 10,40,000 പോളിങ് ബൂത്തുകളിൽ കമ്മിറ്റികൾ രൂപീകരിച്ച് അതിൽ പന്ന പ്രമുഖുകളെ നിയമിക്കും. ഡൽഹിയിൽ കൂടിയ ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവിലാണ് തീരുമാനം. കേരളം, തമിഴ്‌നാട്, ഒഡീഷ,തെലങ്കാന ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പന്ന പ്രമുഖുകളെ നിയമിക്കുന്നത്. ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് സ്വാധീനമില്ലെന്ന തിരിച്ചറിവിൽ നിന്നാണ് തീരുമാനം. മുമ്പ് ഉത്തർപ്രദേശടക്കം പല സംസ്ഥാനങ്ങളിലും പാർട്ടി പരീക്ഷിച്ച് വിജയിച്ച സംവിധാനമാണിത്. 2022 ഏപ്രിലാകുമ്പോഴേക്കും എല്ലാ ബൂത്തുകളിലും പന്നാ കമ്മറ്റികൾ നിലവിൽ വരും.
ബംഗാളിൽ പാർട്ടി ഒരിക്കൽ വിജയം പിടിക്കുമെന്നും ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ വളർച്ച മുഖ്യലക്ഷ്യമാകണമെന്നും പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ദേശീയ എക്‌സിക്യൂട്ടീവിൽ വച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Adjust Story Font
16

