Quantcast

അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാം; ജാമ്യ വ്യവസ്ഥയിൽ ഇളവേകി സുപ്രിംകോടതി

ഇളവനുവദിച്ചാൽ മഅ്ദനി എങ്ങോട്ടും രക്ഷപ്പെടില്ലെന്ന് അഭിഭാഷകനായ കപിൽ സിബൽ കോടതിയെ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-04-17 16:52:56.0

Published:

17 April 2023 11:09 AM GMT

അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാം; ജാമ്യ വ്യവസ്ഥയിൽ ഇളവേകി സുപ്രിംകോടതി
X

ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജൂലൈ 10 വരെ 84 ദിവസത്തേക്കാണ് സുപ്രിംകോടതി അനുമതി നൽകിയിരിക്കുന്നത്. ഒരു മാസത്തേക്കാണ് അനുമതി ചോദിച്ചതെങ്കിലും സുപ്രിംകോടതി രണ്ട് മാസത്തേക്ക് നൽകുകയായിരുന്നു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയത്. കോടതി ഉത്തരവ് ഇറങ്ങിയ ഉടൻ തന്നെ മഅ്ദനിക്ക് കേരളത്തിലേക്ക് വരാം.

വൃക്കരോ​ഗത്തിനുൾപ്പെടെയുള്ള ചികിത്സയ്ക്കായി കേരളത്തിലേക്ക് പോവണമെന്നും അസുഖബാധിതനായ പിതാവിനെ കാണണം എന്നുമുള്ള വാദം കോടതി അം​ഗീകരിക്കുകയായിരുന്നു. കർണാടക പൊലീസിന്റെ നിരീക്ഷണത്തിലും മേൽനോട്ടത്തിലുമായിരിക്കും മഅ്ദനിയെ കൊണ്ടുപോവേണ്ടത്. ഇതിന്റെ ചെലവും മഅ്ദനി തന്നെ വഹിക്കേണ്ടി വരും. വിചാരണയുമായി ബന്ധപ്പെട്ട് എപ്പോൾ വിളിച്ചാലും കർണാടകയിൽ എത്തണമെന്നും വ്യവസ്ഥയുണ്ട്.

മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് അദ്ദേഹത്തിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായത്. ഇളവനുവദിച്ചാൽ മഅ്ദനി എങ്ങോട്ടും രക്ഷപെടില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചും കർണാടക സർക്കാർ വാദങ്ങൾ തള്ളിയും സുപ്രിംകോടതി അനുമതി നൽകുകയായിരുന്നു. നേരത്തെ കർണാടക സർക്കാർ മഅ്ദനിക്ക് ഇളവ് അനുവദിക്കുന്നതിനെ എതിർത്ത് കർണാടക സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

മഅ്ദനി സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു കർണാടക ഭീകരവിരുദ്ധ സെല്ലിന്റെ വാദം. ആയുർവേദ ചികിത്സ നൽകണമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടില്ല. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നുമാണ് കർണാടക ഭീകരവിരുദ്ധ സെൽ സുപ്രിംകോടതിയിയെ അറിയിച്ചത്. എന്നാൽ, തനിക്ക് ഒരു ഭീകര സംഘടനയുമായി ബന്ധമില്ലെന്നും പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണെന്നും വ്യക്തമാക്കി മഅ്ദനി കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

വ്യക്ക തകരാറിലായതിനാൽ വൃക്ക മാറ്റിവെയ്ക്കുന്നതിന് ദാതാവിനെ കണ്ടെത്താനായി കേരളത്തിൽ പോകണമെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴും എല്ലാ ജാമ്യ വ്യവസ്ഥകളും പാലിച്ചിരുന്നുവെന്നും മഅ്ദനി വ്യക്തമാക്കി.

തന്റെ ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങളടക്കം നൽകിയാണ് മഅ്ദനി സത്യവാങ്മൂലം സമർപ്പിച്ചത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മഅ്ദനിയുടെ ഹരജി. ആയുർവേദ ചികിത്സ അനിവാര്യമാണ്. പിതാവിന്റെ ആരോഗ്യനില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

TAGS :

Next Story