Quantcast

ഇന്ധനനികുതി കൂട്ടിയപ്പോഴൊന്നും സംസ്ഥാനങ്ങളുമായി ആലോചിച്ചിരുന്നില്ല- കേന്ദ്ര നിർദേശം തള്ളി തമിഴ്‌നാട്

എല്ലാ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരിനു സമാനമായി നികുതി കുറച്ചു സാധാരണക്കാർക്ക് ആശ്വാസം നൽകണമെന്ന് ഇന്ധന വിലക്കുറവ് പ്രഖ്യാപിച്ച് നിർമല സീതാരാമൻ ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    22 May 2022 10:19 AM GMT

ഇന്ധനനികുതി കൂട്ടിയപ്പോഴൊന്നും സംസ്ഥാനങ്ങളുമായി ആലോചിച്ചിരുന്നില്ല- കേന്ദ്ര നിർദേശം തള്ളി തമിഴ്‌നാട്
X

ചെന്നൈ: പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറച്ചതിനു പിന്നാലെ എല്ലാ സംസ്ഥാനങ്ങൾക്കും സമാനമായ നടപടി കൈക്കൊള്ളാനുള്ള കേന്ദ്രത്തിന്റെ നിർദേശം ചോദ്യം ചെയ്ത് തമിഴ്‌നാട്. സർക്കാർ നികുതി കൂട്ടിയപ്പോൾ ഒരിക്കലും സംസ്ഥാനങ്ങളുമായി ആലോചിച്ചിട്ടില്ലെന്നും അതിനാൽ ഇപ്പോൾ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് പ്രതീക്ഷിക്കുന്നത് യുക്തിയല്ലെന്നും തമിഴ്‌നാട് ധനമന്ത്രി ഡോ. പി. ത്യാഗരാജൻ പ്രതികരിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ട്വീറ്റ് പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2014ൽ പെട്രോൾ ലിറ്ററിന് 23 രൂപയും(250 ശതമാനം വർധന), ഡീസൽ ലിറ്ററിന് 29 രൂപയും(900 ശതമാനം വർധന) നികുതി കൂട്ടിയപ്പോൾ കേന്ദ്ര സർക്കാർ ഒരു സംസ്ഥാനത്തിന്റെയും അഭിപ്രായം തേടിയില്ലെന്നു മാത്രമല്ല, അറിയിക്കുക പോലും ചെയ്തിട്ടില്ല. ഇപ്പോൾ വർധിപ്പിച്ചതിന്റെ 50 ശതമാനം പിൻവലിച്ച ശേഷം സംസ്ഥാനങ്ങളെ കുറയ്ക്കാൻ ഉപദേശിക്കുകയാണ്. ഇതാണോ ഫെഡറലിസം?-ട്വീറ്റിൽ ത്യാഗരാജൻ ചോദിച്ചു.

എല്ലാ സംസ്ഥാന സർക്കാരുകളും, പ്രത്യേകിച്ച് അവസാന തവണ കുറച്ചിട്ടില്ലാത്ത എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരിനു സമാനമായി ഇളവ് നൽകി സാധാരണക്കാർക്ക് ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസം ഇന്ധന വിലക്കുറവ് പ്രഖ്യാപിച്ച് നിർമല സീതാരാമൻ സൂചിപ്പിച്ചിരുന്നു. എന്നാൽ, 2014നെ അപേക്ഷിച്ച് ഇന്നലെ നികുതി കുറച്ചിട്ടും ഇന്ധന നിരക്ക് ഉയർന്നുതന്നെയാണെന്ന് ത്യാഗരാജൻ ചൂണ്ടിക്കാട്ടി.

കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും നികുതി പലതവണ വർധിപ്പിച്ചപ്പോഴൊന്നും അവർ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചിട്ടില്ലെന്നത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ അമിതമായ നികുതി വർധന പുതിയ വെട്ടിച്ചുരുക്കലിലൂടെ ഭാഗികമായി മാത്രമേ കുറച്ചിട്ടുള്ളൂ. 2014ലെ നിരക്കുകളെ അപേക്ഷിച്ച് നികുതി ഉയർന്ന നിലയിൽ തുടരുകയാണെന്നും തമിഴ്‌നാട് ധനമന്ത്രി വ്യക്തമാക്കി.

ഇന്നലെയാണ് അപ്രതീക്ഷിതമായി കേന്ദ്രം പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയും കുറച്ചത്. ഇന്ധനനികുതിയിൽ കുറവ് വരുത്തിയതോടെയാണ് പെട്രോൾ-ഡീസൽവില കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ നിരക്ക് ഇന്ന് പ്രാബല്യത്തിൽ വന്നിട്ടുണ്ടാ്.

രാജ്യത്ത് പണപ്പെരുപ്പം കൂടിയ സാഹചര്യത്തിലാണ് സർക്കാർ എക്സൈസ് തീരുവയിൽ കുറവ് വരുത്തിയിരിക്കുന്നത്. ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരുന്നു. അവശ്യസാധനങ്ങളുടെ വിലവർധന കൂടിയായതോടെ സർക്കാരിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ എക്സൈസ് തീരുവ കുറയ്ക്കുന്നത്.

പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്ക് ഒരു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡി നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി. നേരത്തെ, പലഘട്ടങ്ങളിലായി നിർത്തിയ സബ്സിഡിയാണ് ഇപ്പോൾ ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്ക് മാത്രമായി പുനഃസ്ഥാപിച്ചത്.

Summary: The Tamil Nadu government described the Centre reducing taxes on petroleum products as 'partial' and said they never consulted the States when they increased the taxes on petrol and diesel multiple times

TAGS :

Next Story