Quantcast

പന്നികളുടെ സ്വൈരവിഹാരം, പരിസരമാകെ മലിനം; 48 മണിക്കൂറിൽ 31 പേർ മരിച്ച മഹാരാഷ്ട്ര ആശുപത്രിയിലെ ദൃശ്യങ്ങൾ; പരാതി വ്യാപകം

'ഇവിടെ ഒന്നും കിട്ടാനില്ല. എല്ലാം പുറത്തുനിന്നുവാങ്ങണം. പണമില്ലെങ്കിൽ കുട്ടി മരിക്കും'- ഒരു രോ​ഗിയുടെ ബന്ധു പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-10-04 06:59:20.0

Published:

4 Oct 2023 12:24 PM IST

Pigs
X

ഭോപ്പാൽ: പന്നികൾ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പരിസരം, രോഗികളുടെ ബന്ധുക്കൾ പാത്രങ്ങൾ കഴുകുകയും പല്ല് തേക്കുകയുമൊക്കെ ചെയ്യുന്ന സ്ഥലമുൾപ്പെടെ വൃത്തിഹീനമായി കിടക്കുന്നു... മഹാരാഷ്ട്രയിൽ 48 മണിക്കൂറിനിടെ 16 നവജാതശിശുക്കൾ ഉൾപ്പെടെ 31 പേർ മരിച്ച നന്ദേഡിലെ ആശുപത്രിയിലേതാണ് ഈ അവസ്ഥ.

നന്ദേഡിലെ ഡോ. ശങ്കർറാവു ചവാൻ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇത്. ഇവിടുത്തെ കൂട്ടമരണത്തിനു ശേഷം ചൂണ്ടിക്കാട്ടപ്പെട്ട പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശുചിത്വമില്ലായ്മ.‌ അത് തെളിയിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും ഓടകളിൽ നിറഞ്ഞുകിടക്കുന്നത് കാണാം. ആശുപത്രി കാന്റീനിനോട് ചേർന്നുള്ള തുറന്ന ഡ്രെയിനേജിലും പരിസരത്തുമാണ് പന്നികളുടെ സ്വൈരവിഹാരം. ഒരു ആരോഗ്യ കേന്ദ്രത്തിൽ പ്രതീക്ഷിക്കുന്ന അടിസ്ഥാനകാര്യങ്ങൾ ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങൾ. വ്യാപക പരാതിയാണ് ആശുപത്രിയെ കുറിച്ച് രോ​ഗികളും കൂട്ടിരിപ്പുകാരും ഉന്നയിക്കുന്നത്.

ഇവിടെ എല്ലാ ദിവസവും ഇങ്ങനെ തന്നെയാണ് അവസ്ഥയെന്ന് ഒരു സ്ത്രീ പറഞ്ഞു. ഉപയോഗശൂന്യമായ ശൗചാലയങ്ങളാണ് ആശുപത്രിയിലുള്ളതെന്ന് മറ്റൊരു സ്ത്രീ ചൂണ്ടിക്കാട്ടി. 'ഞങ്ങൾക്ക് ആവശ്യമായ യാതൊന്നും ഇവിടെ ലഭിക്കുന്നില്ല, മരുന്നിനും മറ്റെല്ലാ ആവശ്യങ്ങൾക്കും പുറത്തുപോകേണ്ട സ്ഥിതിയാണ്. പാവപ്പെട്ടവർ എവിടെ പോകും?'- അവർ വിശദീകരിച്ചു.

കാന്റീനിൽ ജോലി ചെയ്യുന്ന താനാണ് ഇവിടുത്തെ ഓടകളും പരിസരവും വൃത്തിയാക്കുന്നതെന്ന് മറ്റൊരു യുവതി പറഞ്ഞു. 'ഇവിടെ ഒന്നും കിട്ടാനില്ല. എല്ലാം പുറത്തുനിന്നുവാങ്ങണം. പണമില്ലെങ്കിൽ കുട്ടി മരിക്കും'- മറ്റൊരു രോഗിയുടെ ബന്ധു വ്യക്തമാക്കി. പ്രസവ വാർഡിന്റെ അവസ്ഥയും അങ്ങേയറ്റം ശോചനീയമാണെന്ന് രോ​ഗികൾ പറയുന്നു.

ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നും ഒരു തൊഴിലാളിയെ ഒന്നിലധികം വാർഡുകളിൽ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഒരു കരാർ ജോലിക്കാരൻ പറഞ്ഞു. "പന്നികൾ ദിവസവും ഇവിടെ കറങ്ങുന്നു. എല്ലാ വാർഡിലും രണ്ട് മൂന്ന് ശുചീകരണ തൊഴിലാളികൾ ഉണ്ടായിരിക്കണം. ഒരാൾ എങ്ങനെ ഒന്നിലധികം വാർഡുകൾ കൈകാര്യം ചെയ്യും?" അദ്ദേഹം വിശദമാക്കി.

അതേസമയം, ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വൃത്തിഹീനമായ കക്കൂസ് ഇവിടുത്തെ ഡീനെക്കൊണ്ട് കഴുകിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ശിവസേനാ എം.പി ഹേമന്ത് പാട്ടീല്‍ ആണ് ആശുപത്രി സന്ദര്‍ശിച്ച് ഡീനെക്കൊണ്ട് കക്കൂസ് കഴുകിച്ചത്. ആശുപത്രിയില്‍ എത്തിയ എം.പി വൃത്തിഹീനമായ കക്കൂസ് കണ്ടതോടെ ഡീനായ ശ്യാമറാവു വകോഡിനോട് ഇതു വൃത്തിയാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഡീനോട് വൃത്തിയാക്കാന്‍ പറയുകയും എം.പി പൈപ്പില്‍ നിന്ന് വെള്ളം ഒഴിച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഡീന്‍ കക്കൂസ് ബ്രഷ് ഉപയോഗിച്ചു കഴുകുകയായിരുന്നു. കഴിഞ്ഞ ദിവസം 12 നവജാതശിശുക്കള്‍ അടക്കം 24 പേര്‍ മരിച്ച ആശുപത്രിയില്‍ പിറ്റേദിവസം ഏഴ് പേര്‍ കൂടി മരിക്കുകയായിരുന്നു.

ഇതു കൂടാതെ, ഔറംഗാബാദിലെ ഗാട്ടി ആശുപത്രിയിൽ 10 രോഗികളും മരിച്ചിരുന്നു. അതേസമയം, മഹാരാഷ്ട്രയിലെ ആശുപത്രികളിലെ കൂട്ടമരണങ്ങളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചത് ഒഴിച്ചാൽ മറ്റൊരു നടപടിയും സർക്കാരിൻറെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മരണമല്ല സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങളാണ് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ആശുപത്രിയിൽ ആവശ്യത്തിന് മരുന്നുകൾ ഇല്ലാത്തതാണ് മരണകാരണമെന്ന് ആരോപണമുയർന്നിരുന്നു. മരിച്ച രോ​ഗികൾക്ക് മരുന്നുകൾ ലഭ്യമായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി എൻസിപിയും കോൺഗ്രസും രംഗത്തെത്തി. സംസ്ഥാനത്തെ ഇരട്ട എൻജിൻ സർക്കാരാണ് ഉത്തരവാദിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു.




TAGS :

Next Story