Quantcast

‍മോദി ഭയന്നിരിക്കുന്നു; കുറച്ചുദിവസം കഴിഞ്ഞാൽ അദ്ദേഹം വേദിയിൽ പൊട്ടിക്കരയും: പരിഹസിച്ച് രാഹുൽ ​ഗാന്ധി

പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ മോദി മിണ്ടുന്നുണ്ടോ എന്നും രാഹുൽ ചോദിച്ചു.

MediaOne Logo

Web Desk

  • Published:

    26 April 2024 10:12 AM GMT

PM Modi appears nervous during his speeches, he will cry after few days says Rahul gandhi
X

ബെം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്ന് രാഹുൽഗാന്ധി പറഞ്ഞു. ഇനി കുറച്ച് ദിവസം കഴിഞ്ഞാൽ മോദി വേദിയിൽ പൊട്ടിക്കരഞ്ഞേക്കുമെന്നും കർണാടകയിലെ ബിജാപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം തുറന്നടിച്ചു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ അദ്ദേഹം പാകിസ്താനെക്കുറിച്ചും ചൈനയെക്കുറിച്ചും പറയും. പാത്രം കൊട്ടാൻ പറയും. പക്ഷേ, പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ മോദി മിണ്ടുന്നുണ്ടോ എന്നും രാഹുൽ ചോദിച്ചു.

ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ഒരു വശത്ത് ഭരണഘടന തകർക്കാനാണ് നരേന്ദ്രമോദിയും ബിജെപിയും ശ്രമിക്കുന്നത്. അദാനി അടക്കമുള്ള കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്‍റെ സ്വത്ത് എഴുതിക്കൊടുത്ത സർക്കാർ ആണ് നരേന്ദ്രമോദിയുടേത്. കോർപ്പറേറ്റുകൾക്ക് മോദി നൽകിയ പണം തിരിച്ചുപിടിച്ച് കർഷകർക്കും തൊഴിലില്ലാത്തവർക്കും സമൂഹത്തിൽ താഴേക്കിടയിലുള്ളവർക്കും വീതിച്ച് നൽകുമെന്നും രാഹുൽ ആവർത്തിച്ചു.

'ബിരുദധാരികൾക്കും അപ്രൻ്റീസ്ഷിപ്പ് പ്രോഗ്രാമിനുള്ള അവകാശം ആദ്യമായി നൽകുന്നത് ഇൻഡ്യാ സഖ്യ സർക്കാരായിരിക്കും. ബിരുദധാരികൾക്കും ഡിപ്ലോമ ഹോൾഡർമാർക്കും സർക്കാരിൽ നിന്ന് തൊഴിൽ ചോദിക്കാനുള്ള അവകാശം ഉണ്ടായിരിക്കും. ഞങ്ങൾ‌ ബിരുദധാരികൾക്ക് അപ്രൻ്റീസ്ഷിപ്പ് നൽകും. മോദി സർക്കാർ ഒരിക്കലും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളില്ല. എന്നാൽ ഞങ്ങൾ അധികാരത്തിലെത്തിയാൽ കർഷക കടം എഴുത്തിത്തള്ളും'- രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

TAGS :

Next Story