പോക്‌സോ കേസ്: യെദ്യൂരപ്പക്ക് സമൻസ് അയച്ച് പ്രത്യേക കോടതി; ഡിസംബർ രണ്ടിന് നേരിട്ട് ഹാജരാവണം
കർണാടക മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പ ഉൾപ്പടെ നാല് പേരാണ് പ്രതികൾ

ബംഗളുരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസിൽ കർണാടക മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമൻസ് അയച്ച് പ്രത്യേക കോടതി. ഡിസംബർ രണ്ടിന് കേസ് പരിഗണിക്കുമ്പോൾ പ്രതികൾ ഹാജരാവണം. കേസിൽ യെദ്യൂരപ്പയെ കൂടാതെ മൂന്ന് പ്രതികൾ കൂടിയുണ്ട് . അരുൺ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികൾ.
അതിജീവിതയുടെ അമ്മ നൽകിയ പരാതിയിൽ ബംഗളൂരു സദാശിവനഗർ പൊലീസാണ് യെദ്യൂരപ്പയുടെ പേരിൽ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെൺകുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സർക്കാർ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്നായിരുന്നു ഹൈക്കോടതിയിൽ യെദ്യൂരപ്പയുടെ വാദം. പരാതിക്ക് വിശ്വാസ്യതയില്ലെന്നും വാദിച്ചു. എന്നാൽ, കേസ് റദ്ദ് ചെയ്യാൻ ഹൈക്കോടതി തയ്യാറായില്ല. കേസിൽ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയിൽ അത്യാവശ്യമല്ലെങ്കിൽ നേരിട്ട് ഹാജരാകാൻ യെദ്യൂരപ്പയെ നിർബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിൾ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.
Adjust Story Font
16

