പൊലീസ് യുനിഫോമിൽ കൈക്കൂലി വാങ്ങാനെത്തി; പിടിയിലായതോടെ പൊട്ടിക്കരഞ്ഞ് പൊലീസ് ഇൻസ്‌പെക്ടർ
ബിൽഡർക്ക് എതിരായ തട്ടിപ്പ് കേസ് ഒതുക്കിതീർക്കാമെന്ന് പറഞ്ഞാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്

- Published:
30 Jan 2026 10:02 PM IST

ബംഗളുരു: ബിൽഡർക്കെതിരെയുള്ള തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാൻ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട പൊലീസ് ഇൻസ്‌പെക്ടർ പണം കൈപറ്റുന്നതിനിടെ ലോകായുക്ത പൊലീസിന്റെ പിടിയിലായി. ചാമരാജ്‌പേട്ടിലെ സിറ്റി ആംഡ് റിസർവ് ഗ്രൗണ്ടിൽ വെച്ച് പണം കൈപ്പറ്റുന്നതിനിടെയാണ് കെ.പി അഗ്രഹാര ഇൻസ്‌പെക്ടർ ഗോവിന്ദരാജുവിനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായതിന് പിന്നാലെ ഇയാൾ പൊട്ടിക്കരയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബിൽഡറായ മുഹമ്മദ് അക്ബറിനെതിരെയുള്ള തട്ടിപ്പ് കേസിൽ സഹായിക്കാമെന്നും കേസിൽ നിന്ന് പേര് ഒഴിവാക്കാമെന്നും വാഗ്ദാനം ചെയ്താണ് ഗോവിന്ദരാജു അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അക്ബറിനെ കൂടാതെ മറ്റ് രണ്ട് പേരും ഈ കേസിൽ പ്രതികളായിരുന്നു. ജനുവരി 24-ന് ഒരു ലക്ഷം രൂപ അക്ബർ ഇയാൾക്ക് കൈമാറിയിരുന്നു. ബാക്കി തുക വ്യാഴാഴ്ച നൽകാമെന്നും ഉറപ്പുനൽകി. തുടർന്ന് അക്ബർ ലോകായുക്തയെ സമീപിച്ച് പരാതി നൽകുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 4.30-ഓടെ ഔദ്യോഗിക വാഹനത്തിൽ യൂനിഫോം ധരിച്ചാണ് ഗോവിന്ദരാജു പണം വാങ്ങാൻ എത്തിയത്. ലോകായുക്ത പൊലീസ് നൽകിയ ഫിനോൾഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് അക്ബർ ഇൻസ്‌പെക്ടർക്ക് കൈമാറി. പണം വാങ്ങിയ ഉടൻ തന്നെ ഒളിച്ചിരുന്ന ലോകായുക്ത സംഘം ഇയാളെ വളയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
Adjust Story Font
16
