Quantcast

'ആദ്യം റോഡിലെ കുഴിയടക്കൂ, എന്നിട്ടല്ലേ സീറ്റ് ബെൽറ്റ്'; വിമർശനവുമായി നടി പൂജാ ഭട്ട്

"നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് റോഡ് നിർമിക്കുന്നത് ക്രിമിനൽ കുറ്റമായി പരിഗണിക്കണം"

MediaOne Logo

abs

  • Published:

    8 Sep 2022 7:05 AM GMT

ആദ്യം റോഡിലെ കുഴിയടക്കൂ, എന്നിട്ടല്ലേ സീറ്റ് ബെൽറ്റ്; വിമർശനവുമായി നടി പൂജാ ഭട്ട്
X

മുംബൈ: കുഴികൾ അടയ്ക്കാതെ റോഡുകളിലെ സുരക്ഷാ മാർഗങ്ങളെ കുറിച്ച് സംസാരിക്കുന്നതിനെ വിമർശിച്ച് ബോളിവുഡ് നടി പൂജാ ഭട്ട്. സീറ്റ് ബെൽറ്റും എയർ ബാഗുമൊക്കെ ആവശ്യമാണെന്നും എന്നാൽ റോഡിലെ കുഴികള്‍ അടയ്ക്കുകയാണ് ആദ്യം വേണ്ടതെന്നും അവർ പറഞ്ഞു. സമൂഹമാധ്യമത്തിലെത്തിയ കുറിപ്പിലാണ് നടിയുടെ പ്രതികരണം.

'എയർ ബാഗിനെ കുറിച്ചും സീറ്റു ബെൽറ്റിനെ കുറിച്ചുമുള്ള ചർച്ചയാണ് എല്ലാം. പ്രധാനപ്പെട്ടതു തന്നെ. എന്നാൽ അതിനേക്കാൾ വലുതല്ലേ കേടായ റോഡുകൾ നന്നാക്കുന്നതും റോഡിലെ കുഴികൾ അടയ്ക്കുന്നതും. നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് റോഡ് നിർമിക്കുന്നത് ക്രിമിനൽ കുറ്റമായി പരിഗണിക്കണം. നിർമിച്ച റോഡുകൾ നന്നായി നിലനിർത്തുന്നതും പ്രധാനപ്പെട്ടതാണ്' - അവർ കുറിച്ചു.

കാറുകളിൽ പിൻസീറ്റിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് പൂജാ ഭട്ടിന്റെ വിമർശനങ്ങൾ. ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാറപകടത്തിൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പിന്നിലെ യാത്രക്കാർക്ക് കേന്ദ്രം സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയത്.

പിറകിലെ സീറ്റുകളിൽ സീറ്റ് ബെൽറ്റ് അലാറം ഇനിമുതൽ സ്ഥിരം ഫീച്ചറായിരിക്കുമെന്നും നിയമം വരുന്നതോടെ നിർമാണ കമ്പനികൾ ഇക്കാര്യം പാലിക്കുമെന്നും വകുപ്പുമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു. ഇതിനായി കമ്പനികൾക്ക് മതിയായ സമയം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കാറിൽ പിറകിലിരിക്കുന്നവർക്ക് സീറ്റ് ബെൽറ്റ് ഏർപ്പെടുത്താനുള്ള തീരുമാനം റോഡ് സുരക്ഷാ പ്രവർത്തകർ സ്വാഗതം ചെയ്തു. '35 ശതമാനം അപകട മരണങ്ങളും സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തത് കൊണ്ടാണ്. പ്രത്യേകിച്ച് പിറകിൽ ഇരിക്കുന്നവർക്ക് സീറ്റ് ബെൽറ്റില്ലാത്തത് കൊണ്ട്. വാഹനത്തിനകത്ത് കൂട്ടിയിടിക്കുന്നതും പരിക്കേൽക്കുന്നതും സീറ്റ് ബെൽറ്റ് ഇല്ലാതാക്കും. വാഹന നിർമാണ രംഗവും ഇക്കാര്യം സ്വാഗതം ചെയ്യുമെന്ന് കരുതുന്നു' സേവ് ലൈഫ് ഫൗണ്ടേഷന്റെ പിയൂഷ് തിവാരി പറഞ്ഞു.

TAGS :

Next Story