Quantcast

''12 മണിക്കൂർ ഡ്യൂട്ടിയെടുത്തിട്ട് കിട്ടുന്ന ഭക്ഷണമാണിത്; പട്ടി പോലും കഴിക്കില്ല''; പൊട്ടിക്കരഞ്ഞ് യു.പി പൊലീസുകാരൻ

വെള്ളം പോലെയുള്ള പരിപ്പുകറിയും പാതിവെന്ത ഉണക്കറൊട്ടിയുമാണ് മെസ്സിൽ പൊലീസുകാർക്ക് കഴിക്കാൻ കിട്ടുന്നതെന്ന് ഫിറോസാബാദിലെ പൊലീസ് കോൺസ്റ്റബിൾ വെളിപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    11 Aug 2022 4:34 PM GMT

12 മണിക്കൂർ ഡ്യൂട്ടിയെടുത്തിട്ട് കിട്ടുന്ന ഭക്ഷണമാണിത്; പട്ടി പോലും കഴിക്കില്ല; പൊട്ടിക്കരഞ്ഞ് യു.പി പൊലീസുകാരൻ
X

ലഖ്‌നൗ: മെസ്സിലെ മോശം ഭക്ഷണത്തിൽ പരസ്യമായി പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ പൊലീസ് കോൺസ്റ്റബിൾ. ഫിറോസാബാദ് പൊലീസ് ലൈൻസിലുള്ള ഉദ്യോഗസ്ഥനായ മനോജ് കുമാറാണ് നടുറോട്ടിൽ പൊട്ടിക്കരഞ്ഞ് രംഗത്തെത്തിയത്. നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥന്റെ പരസ്യപ്രതിഷേധം.

റൊട്ടിയും ചോറും ദാൽകറിയും അടങ്ങിയ പ്ലേറ്റുമായാണ് മനോജ് കുമാർ പൊതുജനമധ്യത്തിൽ പ്രതിഷേധവുമായെത്തിയത്. ''12 മണിക്കൂർ ഡ്യൂട്ടിയെടുത്തിട്ട് പൊലീസുകാർക്ക് കഴിക്കാൻ കിട്ടുന്നതാണിത്. പട്ടി പോലും ഇത് കഴിക്കില്ല. ഞങ്ങൾക്കിത് കഴിക്കാൻ കഴിയില്ല. വയറ്റിൽ ഒന്നുമില്ലാതെ എങ്ങനെയാണ് ഞങ്ങൾ ജോലി ചെയ്യുക?''-പൊട്ടിക്കരഞ്ഞ് മനോജ് ചോദിച്ചു.

വെള്ളം പോലെയുള്ള പരിപ്പ് കറിയും പാതിവെന്ത ഉണക്കറൊട്ടിയുമാണ് മെസ്സിൽ പൊലീസുകാർക്ക് ലഭിക്കുന്നതെന്ന് മനോജ് കുമാർ പരാതിപ്പെട്ടു. എസ്.പിക്ക് അടക്കം നിരവധി തവണ പരാതി നൽകിയിട്ടും ഇക്കാര്യത്തിൽ ഒരു നടപടിയുമുണ്ടായില്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അലവൻസ് തുക കൂട്ടുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇപ്പോഴും ഇത്തരത്തിൽ മോശം ഭക്ഷണമാണ് തങ്ങൾക്ക് കഴിക്കാൻ കിട്ടുന്നതെന്നും മനോജ് കുമാർ കൂട്ടിച്ചേർത്തു.

ഇത് പൊലീസ് സുപ്രണ്ടും ഡി.സി.പിയും നടത്തുന്ന അഴിമതിയാണ്. ഇവർ കാരണമാണ് ഉദ്യോഗസ്ഥർക്ക് ഇത്രയും മോശം ഭക്ഷണം ലഭിക്കുന്നത്. ഭക്ഷണത്തെക്കുറിച്ച് പരാതി നൽകിയതിനു ശേഷം മെസ് മാനേജർ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. ജോലിയിൽനിന്ന് പുറത്താക്കുമെന്നായിരുന്നു ഭീഷണി. തുടർന്നാണ് ഭക്ഷണം വിഡിയോയിൽ പകർത്തി പരസ്യമായി പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Summary: An Uttar Pradesh Police constable Manoj Kumar wept in public while protesting over the issue of allegedly substandard food served in the mess at the Police Lines in Firozabad.

TAGS :

Next Story