Quantcast

'കശ്മീർ ഫയൽസി' നെതിരെ പോസ്റ്റിട്ടു; മഹാരാഷ്ട്രയിൽ ദലിത് യുവാവിന്റെ മുഖം ക്ഷേത്രനിലത്ത് ഉരച്ചു

സംഭവത്തിൽ 11 പേരെ കുറ്റക്കാരായി കണ്ടെത്തിയതായും ഏഴുപേരെ അറസ്റ്റു ചെയ്തതായും പൊലീസ്

MediaOne Logo

Web Desk

  • Updated:

    2022-03-24 03:39:06.0

Published:

24 March 2022 3:38 AM GMT

കശ്മീർ ഫയൽസി നെതിരെ പോസ്റ്റിട്ടു; മഹാരാഷ്ട്രയിൽ ദലിത് യുവാവിന്റെ മുഖം ക്ഷേത്രനിലത്ത് ഉരച്ചു
X

'കശ്മീർ ഫയൽസ്'സിനിമക്കെതിരെ പോസ്റ്റിട്ടതിന്റെ പേരിൽ മഹാരാഷ്ട്രയിൽ ദലിത് യുവാവിന്റെ മുഖം ക്ഷേത്രത്തിന്റെ നിലത്ത് ഉരച്ചു. സംഭവത്തിൽ 11 പേരെ കുറ്റക്കാരായി കണ്ടെത്തിയതായും ഏഴുപേരെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ആൽവാർ ജില്ലയിലെ 32 കാരനായ രാജേഷ് കുമാർ മേഗ്‌വാളാണ് കശ്മീർ ഫയൽസിനെ കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിൽ നൽകിയ കമൻറിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടത്. മാർച്ച് 18നാണ് ഇദ്ദേഹം സംഭവത്തിനാധാരമായ പോസ്റ്റിട്ടത്.

'സിനിമയുടെ ട്രെയ്‌ലർ കാണുകയും ഞാൻ ഒരു പോസ്റ്റിടുകയും ചെയ്തു. സിനിമയിൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരെയുള്ള ക്രൂരത പുറത്തുകൊണ്ടുവരുന്നതിനാൽ നികുതിയിളവ് നൽകിയതും ദലിതുകൾക്കും ഇതര സമുദായങ്ങൾക്കുമെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും ഞാൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങൾ പറയുന്ന ജയ് ഭീം പോലെയുള്ള സിനിമകൾക്ക് എന്താണ് നികുതിയിളവ് നൽകാത്തതെന്നും ഞാൻ ചോദിച്ചു' ഗോകൽപൂർ നിവാസിയായ മേഗ്‌വാൾ ഒരു മാധ്യമത്തോട് സംസാരിക്കവേ പറഞ്ഞു. പോസ്റ്റിന് താഴെ പിന്നീട് ചിലർ മതമുദ്രാവാക്യങ്ങളുമായെത്തിയെന്നും തനിക്ക് ഭീഷണി സന്ദേശങ്ങളെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ സർപഞ്ചടക്കമുള്ള ഗ്രാമീണർ തന്നെ മാപ്പു പറയാൻ നിർബന്ധിച്ചെന്നും അദ്ദേഹം പറഞ്ഞു. അതിന് വിസമ്മതിച്ച തന്റെ മൂക്ക് ക്ഷേത്രത്തിന്റെ നിലത്തുരച്ചെന്നും അദ്ദേഹം ആരോപിച്ചു.

പിന്നീട് ബെഹ്‌റോർ പൊലീസ് സ്‌റ്റേഷനിൽ മേഗ്‌വാൾ നൽകിയ പരാതി പ്രകാരം കേസെടുക്കുകയായിരുന്നു. എസ്‌സി, എസ്ടി അതിക്രമങ്ങളടക്കം പ്രതിരോധിക്കാനുള്ള 143, 342, 323, 504, 506 എന്നീ ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കേസ് നൽകിയതോടെ താൻ ഭയത്തിലാണെന്നും തനിക്ക് സുരക്ഷാഭീഷണിയുണ്ടെന്നും മേഗ്‌വാൾ പറഞ്ഞു. എന്നാൽ കേസിൽ അജയ് കുമാർ ശർമ, സൻജീത് കുമാർ, ഹേമന്ദ് ശർമ, പരിവന്ദ്ര കുമാർ, രാമോദർ, നിതിൻ ജൻഗിത്, ദയാറാം എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തതെന്ന് ബെഹ്‌റോർ സർകിൾ ഓഫീസർ റാവു ആനന്ദ് അറിയിച്ചു.

അതേസമയം, കശ്മീർ ഫയൽസോ മറ്റു സിനികളോ പ്രദർശിക്കുന്ന തിയറ്ററുകളിൽ സെക്ഷൻ 144 ഏർപ്പെടുത്താനാകില്ലെന്ന് രാജസ്ഥാൻ സ്പീക്കർ സി.പി ജോഷി പറഞ്ഞു. നേരത്തെ കോട്ട ജില്ലാ ഭരണകൂടം കശ്മീർ ഫയൽസ് പ്രദർശനത്തിനായി സെക്ഷൻ 144 ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ചിരുന്നു.

എന്താണ് 'കശ്മീരി ഫയൽസി'ലുള്ളത്?

1990കളിൽ നടന്ന കശ്മീരി പണ്ഡിറ്റുകളുടെ പലായനം പ്രമേയമായുള്ള 'കശ്മീരി ഫയൽസ്' ഈ മാസം 11നാണ് ഇന്ത്യൻ തിയറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം പ്രദർശനത്തിനെത്തിയതിനു പിന്നാലെ വലിയ തോതിൽ വിവാദവും ശക്തമാണ്. വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാകിസ്താൻ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടർന്ന് കശ്മീരിൽനിന്ന് പലായനം ചെയ്യുന്ന പണ്ഡിറ്റുകളുടെ കഥയെന്ന പേരിൽ അവതരിപ്പിക്കുന്ന ചിത്രം വലിയ തോതിൽ മതവിദ്വേഷത്തിനും സാമുദായിക ധ്രുവീകരണത്തിനും ശ്രമിക്കുന്നതായി പരാതികളുയർന്നിട്ടുണ്ട്.

ചിത്രത്തിന് നേരത്തെ നൽകിയ പ്രദർശനാനുമതി റദ്ദാക്കാൻ ന്യൂസിലൻഡ് സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കം ചൂണ്ടിക്കാട്ടി മുസ്ലിം സംഘടനകളടക്കം വിവിധ വിഭാഗങ്ങൾ ബോർഡിനെ സമീപിക്കുകയായിരുന്നു.

ചിത്രത്തിന് അനുമതി നൽകിയ സെൻസർ ബോർഡിൽ സംവിധായകനും

ചിത്രത്തിനെതിരെ ഗുരുതര ആരോപണവുമായി വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ ഒരു തിരുത്തും നിർദേശിക്കാതെയാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയതെന്നും സെൻസർ ബോർഡ് അംഗങ്ങളിൽ സംവിധായകൻ വിവേക് അഗ്‌നിഹോത്രിയുമുണ്ടെന്നും സാകേത് ഗോഖലെ രേഖകൾ പുറത്തുവിട്ട് ആരോപിച്ചു. 2021 നവംബർ മൂന്നിനാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയത്. വിവേക് അഗ്‌നിഹോത്രിയുടെ പേരിലാണ് ചിത്രം സെൻസർ ബോർഡിന് സമർപ്പിച്ചത്. അതേസമയം, സെൻസർ ബോർഡ് അംഗങ്ങളുടേതായി സി.ബി.എഫ്.സി പുറത്തുവിട്ട ലിസ്റ്റിൽ അഞ്ചാമതായി അഗ്‌നിഹോത്രിയുടെ പേരും നൽകിയിട്ടുണ്ട്.

ബി.ജെ.പിയും മോദി സർക്കാരും സ്പോൺസർ ചെയ്യുന്ന ശുദ്ധമായ രാഷ്ട്രീയ പ്രചാരണ ചിത്രമാണ് കശ്മീർ ഫയൽസെന്ന് വലിയ തോതിൽ വിമർശനമുയർന്നിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകളുടെ വേദന വിദ്വേഷപ്രചാരണത്തിനും സാമുദായിക ധ്രുവീകരണത്തിനും ഉപയോഗിക്കുന്നുവെന്നാണ് പ്രധാന വിമർശനം. പലയിടത്തും ചിത്രത്തിന്റെ പ്രദർശനം കഴിഞ്ഞ് തിയറ്ററുകളിൽ മുസ്ലിം കൊലവിളികളും മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു. ചിത്രത്തിന് വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാരുകളും വലിയ തോതിൽ പിന്തുണ നൽകുന്നുണ്ട്.

Posted against 'Kashmir Files'; In Maharashtra, a Dalit youth made to rub his face on a temple floor

TAGS :

Next Story